ഒരു പേ ആന്‍ഡ് പാര്‍ക്ക് ഏരിയയില്‍ രണ്ട് മണിക്കൂര്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഏകദേശം എത്ര രൂപയാകും? പാര്‍ക്കിങ് ഒരുക്കിയിട്ടുള്ള സ്ഥലത്തിന് അനുസരിച്ച് മാറിമാറി വരുമെങ്കിലും ഏറിയാല്‍ ആയിരം രൂപയില്‍ കവിയാന്‍ ഇടയില്ല. എന്നാല്‍, രണ്ട് മണിക്കൂര്‍ പാര്‍ക്കിങ്ങിന് 5.32 ലക്ഷം രൂപ ഈടാക്കിയെന്ന് പറഞ്ഞാല്‍ വിശ്വാസിക്കുമോ. സംഗതി സത്യമാണ്. പക്ഷെ ഇന്ത്യയിലല്ല. ഇന്ത്യന്‍ വംശജയായ സ്ത്രീക്കാണ് യു.കെയില്‍ ഈ അനുഭവമുണ്ടായിരിക്കുന്നത്.
യു.കെയിലെ സ്ലോ എന്ന സ്ഥലത്തെ ഷോപ്പിങ് സെന്ററിന്റെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങില്‍ രണ്ട് മണിക്കൂര്‍ കാര്‍ നിര്‍ത്തിയിട്ട ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് പൗരയില്‍ നിന്നാണ് 4586 പൗണ്ട് പാര്‍ക്കിങ് ഫീസായി ഈടാക്കിയത്. ഇന്ത്യന്‍ രൂപയില്‍ നോക്കിയാല്‍ 5.32 ലക്ഷം രൂപ. പാര്‍ക്കിങ് ഏരിയയിലെ ചാര്‍ജിങ് സംവിധാനത്തില്‍ ഉണ്ടായ പിഴവാണ് ഇത്രയും ഉയര്‍ന്ന പിഴയ്ക്ക് പിന്നിലെങ്കിലും ഇത് തിരിച്ചറിഞ്ഞ ശേഷവും പണം മടക്കി നല്‍കാന്‍ പാര്‍ക്കിങ് ഏരിയയുടെ നടത്തിപ്പുകാര്‍ വിമുഖത കാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
മെയ് 16-നാണ് സംഭവമുണ്ടാകുന്നത്. 39-കാരിയായ യാദിതി കാവയും രണ്ട് മക്കളും ചേര്‍ന്നാണ് ക്വീന്‍സ്മിയര്‍ ഒബ്‌സര്‍വേറ്ററി ഷോപ്പിങ് സെന്ററില്‍ എത്തുന്നത്. വാഹനം പാര്‍ക്കിങ്ങിന് ഏല്‍പ്പിച്ച ശേഷം ഷോപ്പിങ് പൂര്‍ത്തിയാക്കി ഭക്ഷണം കഴിച്ച് മടങ്ങാമെന്നായിരുന്നു അവരുടെ തീരുമാനം. ഇത് അനുസരിച്ച് ഭക്ഷണത്തിന് ശേഷം വാഹനവുമായി പുറത്തേക്ക് വരുമ്പോഴാണ് പാര്‍ക്കിങ് ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ഇതിനായി കാര്‍ഡ് നല്‍കുകയും ചെയ്തു.
സ്വാഭാവികമായി കാര്‍ഡിലെ തുക ഇവര്‍ ശ്രദ്ധിച്ചിരുന്നില്ല. 4,5 എന്ന അക്കങ്ങള്‍ മാത്രമാണ് കണ്ടത്. 4.50 പൗണ്ട് ആയിരിക്കുമെന്നാണ് യാദിതി കരുതിയത്. പാസ്‌വേഡ് അടിച്ച് പേയ്‌മെന്റ് പൂര്‍ത്തിയാക്കി അവര്‍ പുറത്തേക്ക് പോയി. പിന്നീട് അക്കൗണ്ടില്‍ നിന്ന് 4586 പൗണ്ട് പോയതായി ഫോണില്‍ മെസേജ് ലഭിച്ചതോടെയാണ് സംഭവിച്ച് പിഴവ് അവര്‍ തിരിച്ചറിയുന്നത്. ഇതോടെ ഷോപ്പിങ് സെന്ററിന്റെ മേധാവികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനായി തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വന്നു.
ചാര്‍ജിങ് മെഷിനിന്റെ തകരാര്‍ മൂലം സംഭവിച്ചതാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ അധികമായി ഈടാക്കിയ പണം തിരികെ ലഭിക്കുമെന്നുമാണ് മാനേജരുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍, ഈ കാത്തിരിപ്പ് മൂന്നാഴ്ച നീണ്ടിട്ടും പണം തിരികെ ലഭിച്ചില്ല. ഒടുവില്‍ ബിബിസിയുടെ കണ്‍സ്യൂമര്‍ റൈറ്റ്‌സ് പ്രോഗ്രാമില്‍ വിഷയം അറിയിക്കുന്നത്. അവര്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ പണം പൂര്‍ണമായും അക്കൗണ്ടില്‍ എത്തിയതായാണ് യുവതി അറിയിച്ചത്. ജൂണ്‍ ഏഴാം തിയതിയാണ് പണം തിരികെ ലഭിച്ചത്.
Content Highlights: A British woman of Indian origin was charged £4586 -₹5.32 Lakh for two hours of parking
Published: 18 Jun 2025, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented