ഡീസല്‍ വണ്ടികളില്‍ പെട്രോള്‍ അടിക്കുക, അല്ലെങ്കില്‍ പെട്രോള്‍ വാഹനങ്ങളില്‍ ഡീസല്‍ അടിക്കുക എന്നത് പെട്രോള്‍ പമ്പുകളില്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍, ഈ പ്രശ്‌നം ഡീല്‍ ചെയ്യുന്ന രീതി പലതാണ്. ഭൂരിഭാഗം ആളുകളും ഈ സാഹചര്യത്തെ വലിയ പ്രശ്‌നമാക്കുമ്പോള്‍ ക്ഷമയോടെ പരിഹാരം തേടുന്നവരുമുണ്ട്. ഇത്തരത്തില്‍ ഇന്നോവയില്‍ പമ്പിലെ ജീവനക്കാരന്‍ ഡീസലിന് പകരം പെട്രോള്‍ അടിക്കുകയും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും അടങ്ങിയ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഹുസൈന്‍ തട്ടാതാഴത്ത് എന്ന വ്യക്തിയാണ് ഫെയ്‌സ്ബുക്കില്‍ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് പോയ മകളെ കൂട്ടിക്കൊണ്ട് വരാന്‍ പോകുന്ന വഴിക്കാണ് അദ്ദേഹം പമ്പില്‍ കയറുന്നത്. ഡീസല്‍ അടിക്കാന്‍ പറഞ്ഞെങ്കിലും പമ്പ് ജീവനക്കാരന്‍ പെട്രോള്‍ അടിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ ജീവനക്കാരന്‍ അത് വാഹന ഉടമയെ അറിയിക്കുകയായിരുന്നു. വളരെ പേടിയോടെയാണ് പമ്പിലെ ആ യുവാവ് ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചതെന്നും കുറിപ്പില്‍ പറയുന്നു.

ആ ജീവനക്കാരനോട് തട്ടികയറാതിരിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ഇടപെടലുമുണ്ടായി. ഒടുവില്‍ പമ്പ് മുതലാളിയുടെ മകന്‍ എത്തി അത്യാവശ്യമായി എവിടെയെങ്കിലും പോകാനുണ്ടെങ്കില്‍ തന്റെ വാഹനം ഉപയോഗിക്കാമെന്നും അറിയിച്ചു. പമ്പുടമ വാഹനം ശരിയാക്കാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും ഉറപ്പുനല്‍കി. എന്നാല്‍, വാഹന ഉടമ തന്റെ സുഹൃത്തായി വര്‍ക്ക്‌ഷോപ്പ് ഉടമയെ വിളിച്ച് ഈ പ്രശ്‌നത്തിനുള്ള പ്രതിവിധി കണ്ടെത്തുകയായിരുന്നു. 

ഒടുവില്‍ വാഹനത്തില്‍ ഫുള്‍ടാങ്ക് ഡീസല്‍ അടിച്ച് പേമെന്റിനായി കാര്‍ഡ് നല്‍കിയപ്പോള്‍ പമ്പുകാര്‍ ആകെ ഈടാക്കിയത് വെറും 1000 രൂപ മാത്രം. ബാക്കി തുക തുച്ഛമായി ശമ്പളത്തില്‍ മാത്രം ജോലി ചെയ്യുന്ന ആ ജീവനക്കാരനില്‍ നിന്ന് ഈടാക്കുമോയെന്നായിരുന്നു വാഹന ഉടമയുടെ ആശങ്ക. എന്നാല്‍, ഇക്കാര്യത്തില്‍ താന്‍ ജീവനക്കാരന്റെ ശമ്പളം പിടിക്കില്ലെന്ന് പമ്പുടമയുടെ ഉറപ്പും കിട്ടിയ ശേഷമാണ് അദ്ദേഹം വാഹനവുമായി പമ്പില്‍ നിന്ന് മടങ്ങിയത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ക്ഷമക്ക് സമ്മാനം ഒരു ഫുള്‍ ടാങ്ക് ഡീസല്‍

ഇന്നലെ വൈകുന്നേരം. മോളുടെ SSLC എക്‌സാം കഴിയുമ്പോള്‍ കൂട്ടി കൊണ്ട് വരാനാണ് ഇന്നോവയുമായിട്ട് സഹധര്‍മ്മിണിയുമായി  ഇറങ്ങിയത് രണ്ടാമത് കണ്ട പെട്രോള്‍ ബങ്കില്‍ കയറി ഡീസല്‍ അടിക്കാന്‍ പറഞ്ഞു പയ്യന്‍ ഡീസല്‍ അടിക്കുന്നതിന് പകരം പെട്രോള്‍ ആണ് അടിച്ചു കൊണ്ടിരിക്കുന്നത് കാര്യം പറഞ്ഞപ്പോള്‍ അവന്‍ ഫില്ലിങ്ങ് നിര്‍ത്തി 'ഇക്കാ അറിയാതെ അടിച്ചു പോയി എന്ന് പറഞ്ഞു അവന്‍ മുഖത്തേയ്ക്ക് നോക്കി കണ്ണ് നിറച്ചു, 

സീറ്റില്‍ ചിരിച്ചു കൊണ്ട് ഇരിക്കുന്ന എന്നോട് ഭാര്യ പറഞ്ഞു ' നിങ്ങള്‍ അവനെഒന്നും പറയണ്ട  അല്ലാതെ തന്നെ അവന്‍ ഇപ്പോള്‍ കരയും എന്ന്'
' സാരമില്ല ഡീസല്‍ന്ന് പകരം പെട്രോള്‍ അല്ലെ കുഴപ്പമില്ല' എന്ന് പറഞ്ഞു നില്‍ക്കുമ്പോള്‍ പമ്പ് മുതലാളിയുടെ മകന്‍ വന്നിട്ട് പറഞ്ഞു 'നിങ്ങള്‍ അര്‍ജന്റ് ആയി പോകുകയാണെങ്കില്‍ എന്റെ വണ്ടി എടുത്തോളിന്‍' ഞാന്‍ മെക്കാനിക്കിനെ കാണിച്ച് കാര്‍  ശരിയാക്കി നിര്‍ത്താം' എന്ന്..  പരിചയത്തിലുള്ള മെക്കാനിക്കിനെ വിളിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത് 'അടിച്ച പെട്രോള്‍ ന്റെ ഇരട്ടി ഡീസല്‍ അടിച്ചാല്‍ മതി പ്രശ്‌നം ഒന്നും ഉണ്ടാവില്ല' എന്ന് അവര്‍ അത് പോലെ ചെയ്തു കാര്‍ഡ് സിപ്പ് ചെയ്തു ബില്‍ പേ ചെയ്തു ആ പമ്പിന്റെ ഉടമ ചെറുപ്പക്കാരന്‍ ആകെ വാങ്ങിയത് ആയിരം രൂപ മാത്രം  
അപ്പോള്‍ എനിക്ക് ഒരു അപകടം മണത്തു ആ ചെറിയ ശബളം വാങ്ങുന്ന പയ്യനില്‍ നിന്നും ആ പൈസ ഈടാക്കിയാലോ  പമ്പിന്റെ ഓഫീസില്‍ ചെന്ന് ഞാന്‍ വാശി പിടിച്ചു പറഞ്ഞു ഫുള്‍ പൈസ എടുക്കണം എന്ന് അവന്‍ കൂട്ടാക്കുന്നില്ല ' നിങ്ങള്‍ കരുതുന്ന പോലെ ഞാന്‍ സ്റ്റാഫ് ന്റെ ശബളം പിടിക്കുക ഒന്നും ഇല്ല ഉറപ്പ്.
ഇത് നിങ്ങള്‍ കാണിച്ച സ്‌നേഹത്തിനും ക്ഷമക്കും ഉള്ള പാരിതോഷികം ആണ് ഇക്കാ...(ഇങ്ങനെ സംഭവിക്കുമ്പോള്‍ ചിലര്‍ കാട്ടികൂട്ടുന്ന കാര്യം ഓര്‍ക്കാന്‍ കൂടെ വയ്യത്രേ)  എന്ന് പറഞ്ഞു ആ പയ്യന്‍ എന്നെ വണ്ടിയില്‍ കയറ്റി വിട്ടു. പോരുമ്പോള്‍ ഒരു ചോദ്യവും നിങ്ങള്‍ ഫുട്‌ബോളില്‍ ഗോള്‍ അടിക്കുമോ ഇക്കാ എന്ന്...!

Content Highlights: Viral Facebook Post By A Innova User About Petrol Pump Experience