കര്‍ശനമായ ഗതാഗത നിയമങ്ങള്‍ പ്രാബല്യത്തില്‍ ഉള്ള രാജ്യമാണ് ഇന്ത്യ. റോഡില്‍ വാഹനങ്ങളെക്കാള്‍ കൂടുതല്‍ പരിഗണന കാല്‍നട യാത്രക്കാര്‍ക്ക് നല്‍കണമെന്നത് ഡ്രൈവിങ്ങിലെ ബാലപാഠമാണ്. എന്നാല്‍, റോഡില്‍ എന്ന് മാത്രമല്ല, കാല്‍നട യാത്രക്കാര്‍ക്ക് നിയമപരമായി ഉപയോഗിക്കാവുന്ന സീബ്രാ ലൈനില്‍ പോലും അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ കാണിക്കുന്നത്. ഇരുവശത്തേക്കും നോക്കി സീബ്രാലൈനിലേക്ക് കയറിയ സ്‌കൂള്‍ വിദ്യാര്‍ഥിയെ ബസ് ഇടിച്ച് തെറിപ്പിക്കുന്ന കാഴ്ച സീബ്രാലൈന്‍ പോലും ബാധകമല്ലെന്ന് ചില ഡ്രൈവര്‍മാര്‍ വിളിച്ചുപറയുന്നതിന്റെ തെളിവാണ്.
നമ്മുടെ നിരത്തുകളിലെ ഏറ്റവും വലിയ വാഹനം ബസ് തന്നെയാണ്. നിരവധി യാത്രക്കാരുമായി പോകുന്ന വാഹനമെന്ന നിലയിലും വലിയ വാഹനമെന്ന നിലയിലും ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതും ബസ് ഡ്രൈവര്‍മാര്‍ തന്നെയാണ്. എന്നാല്‍, ചെവി പൊട്ടിക്കുന്ന തരത്തിലുള്ള ഹോണ്‍ തുടര്‍ച്ചയായി മുഴക്കി മുമ്പില്‍ പോകുന്ന ചെറുവാഹനങ്ങളിലെ ഡ്രൈവര്‍മാരെ പേടിപ്പിക്കുക, മുന്നിലേക്ക് ഒരിഞ്ച് നീങ്ങാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ പോലും തുടര്‍ച്ചയായി ഹോണ്‍ മുഴക്കുക തുടങ്ങിയ കാര്യങ്ങൾ ബസ് ഡ്രൈവര്‍മാര്‍ക്ക് ഒരു ഹരമാണ്. രാത്രിയില്‍ എയര്‍ഹോണ്‍ മുഴക്കി റോഡിലൂടെ പാഞ്ഞതിന് കഴിഞ്ഞ ദിവസം കൊല്ലത്ത് സ്വകാര്യ ബസ് ഡ്രൈവർക്കെതിരേ നടപടി സ്വീകരിച്ചത് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിക്കുന്നു.
എം.വി.ഡി. പറഞ്ഞത്
സ്‌കൂള്‍ തുറക്കുന്നതിന് തൊട്ടുമുമ്പുതന്നെ മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. അധ്യയന വര്‍ഷം ആരംഭിച്ചുവെന്നും കുരുന്നുകളുടെ സാന്നിധ്യം റോഡുകളില്‍ ഉണ്ടാകുമെന്നുമുള്ള ചിന്ത വാഹനമോടിക്കുന്ന ഓരോരുത്തരിലും ഉണ്ടാകണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ മുന്നറിയിപ്പ്. കുട്ടികള്‍ റോഡുകളില്‍ അലക്ഷ്യമായി സഞ്ചരിച്ചേക്കാം. അവരുടെ സുരക്ഷ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ മുന്നറിയിപ്പ്.

ഒടുവിലെ സംഭവം
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സീബ്രാ ക്രോസിങ്ങില്‍ സ്വകാര്യ ബസുകള്‍ നിയമലംഘനം നടത്തുന്നതിന്റെ ഏറ്റവും ഒടുവിലെ സംഭവം ഉണ്ടായിരിക്കുന്നത്. സ്‌കൂള്‍ പരിസരങ്ങളില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്. എന്നാല്‍, സ്‌കൂളിന് മുന്നിലെ സീബ്രാ ക്രോസിങ്ങിലൂടെ നടക്കുന്ന വിദ്യാര്‍ഥിയെയാണ് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ഇടിച്ചുതെറിപ്പിച്ച സംഭവമുണ്ടായത്.
കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിന എന്ന വിദ്യാര്‍ഥിയെയാണ് അമിത വേഗതയില്‍ വന്ന ബസ്സ് ഇടിച്ചുതെറിപ്പിച്ചത്. ആയുസ്സിന്റെ ബലം കൊണ്ടുമാത്രം അത്ഭുതകരമായാണ് ആ കുട്ടി രക്ഷപ്പെട്ടത്. ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്ന് എന്ത് തെറ്റുപറ്റിയാലും അതിനെ ന്യായീകരിച്ച് വെളുപ്പിക്കാനുള്ള ഫെയ്സ്ബുക്ക് പേജുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇതിനോടകം പണി തുടങ്ങിയിട്ടുണ്ടാകണം. ആരേയും വണ്ടിയിടിപ്പിക്കണമെന്ന് കരുതിയല്ല രാവിലെ ജോലിക്ക് ഇറങ്ങുന്നത്, ഓരോ മിനിറ്റ് ഗ്യാപ്പില്‍ പെര്‍മിറ്റ് അനുവദിക്കുന്ന അധികൃതരാണ് തെറ്റുകാര്‍ തുടങ്ങിയ ന്യായീകരണങ്ങളാണ് സ്വകാര്യ ബസുകളും അതിലെ ജീവനക്കാരും പ്രതിസ്ഥാനത്ത് വരുമ്പോള്‍ പ്രധാനമായും ഉയരുന്നത്.
ഇത്തരത്തിലുള്ള ഏത് കേസുകള്‍ ഉണ്ടായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നുള്ള പതിവ് പല്ലവിയാണ് ഈ സംഭവത്തിലും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. പരമാവധി മൂന്ന് മാസത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയോ ബസിന്റെ ഫിറ്റ്നെസ് കുറച്ച് നാളത്തേക്ക് റദ്ദാക്കുകയോ ആണ് നിയമം അനുസരിച്ച് പോലും നടക്കുന്നവരെ ഇടിച്ച് തെറിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ. മനഃപൂര്‍വ്വം ഒരാളെ ഇടിപ്പിക്കുന്നതാണെന്ന വിമര്‍ശനം ഒന്നും ഉയര്‍ത്തുന്നില്ല. എന്നാല്‍, മിനിറ്റിന്റെ കണക്ക് പറഞ്ഞ് അശ്രദ്ധയോടും അമിതവേഗത്തിലും ബസുമായി പോകുന്ന ഡ്രൈവര്‍മാര്‍ക്ക് ഓര്‍ക്കണം നിങ്ങളുടെ ഒരു മിനിറ്റിനും മുകളിലാണ് ഒരു ജീവന്‍.
സീബ്രാ ക്രോസിങ്ങിലെ ഡ്രൈവിങ്
ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്ത അപകടം വിദ്യാര്‍ഥിയെ ബസ് ഇടിച്ച് തെറിപ്പിച്ചതാണ്. ഇതിനര്‍ഥം മറ്റ് വാഹനങ്ങളെല്ലാം സീബ്രാ ക്രോസിങ് നിയമം അനുസരിച്ച് മാത്രം പോകുന്നവരാണെന്നല്ല. സീബ്രാ ലൈനിലൂടെ ആളുകള്‍ നടക്കുമ്പോള്‍ തന്നെ വാഹനവുമായി പോകുന്ന കാറുകളും ബൈക്കുകളും ഓട്ടോറിക്ഷകളുമെല്ലാമുണ്ട്. സിഗ്‌നലുകളില്‍ നല്‍കിയിട്ടുള്ള സീബ്രാ ക്രോസിങ്ങില്‍ വാഹനം കടന്നുപോകുന്നതിനുള്ള പച്ച ലൈറ്റ് തെളിഞ്ഞാല്‍ കാല്‍നട യാത്രക്കാര്‍ കാത്തിരിക്കണം. എന്നാല്‍, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നല്‍കിയിട്ടുള്ള സീബ്രാ ലൈനുകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് തന്നെയാണ് മുന്‍ഗണന. സിഗ്‌നലുകളില്‍ വാഹനത്തിന് പോകാനുള്ള സമയത്ത് കാല്‍നട യാത്രക്കാര്‍ പോകുന്നതും അവരുടെ സമയം അപഹരിക്കുന്നതിന് തുല്യമാണ്.
സീബ്രാ ക്രോസിങ് ഉപയോഗം
കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി നല്‍കിയിട്ടുള്ളതാണ് സീബ്രാ ക്രോസിങ്. എന്നാല്‍, ഇത് ഉപയോഗിക്കുന്നതിന് പാലിക്കേണ്ട ചില മര്യാദകളുമുണ്ട്. വാഹനങ്ങള്‍ക്ക് പോകുന്നതിനായി പച്ചലൈറ്റ് കത്തുമ്പോള്‍ത്തന്നെ റോഡ് മുറിച്ചുകടക്കുന്നത് ശരിയായ രീതിയല്ല. അലക്ഷ്യമായി മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നതും നിയമവിരുദ്ധമാണ്. ഇരുവശത്തുനിന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം റോഡ് മുറിച്ചുകടക്കേണ്ടത്. ഇതിനൊപ്പം വാഹനങ്ങള്‍ കടന്നുപോകുന്നതിന് കൃത്യമായ ഇടവേളകളും നല്‍കണം. സിഗ്‌നലുകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സമയത്ത് വേണം സീബ്രാ ക്രോസിങ് ഉപയോഗപ്പെടുത്താന്‍.
ദുരുപയോഗം
സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാര്‍ക്ക് തന്നെയാണ് മുന്‍ഗണന എന്നിരിക്കെ, ഈ അവകാശം ദുരുപയോഗം ചെയ്യുന്ന നിരവധി ആളുകളേയും നിരത്തുകളില്‍ കാണാം. സിഗ്നലുകള്‍ക്ക് പുറമെ, റോഡിന്റെ പല സ്ഥലത്തായി നല്‍കിയിട്ടുള്ള സീബ്രാ ലൈനില്‍ കൂടി മുറിച്ച് കടക്കുന്നവരാണ് പ്രധാനമായും അല്‍പ്പം ജാഗ്രത കാട്ടേണ്ടത്. വേഗത്തില്‍ വരുന്ന വാഹനത്തിന് നേരെ കൈ കാണിച്ച ശേഷം ക്രോസ് ചെയ്യുന്നതിന് പകരം ആ വാഹനത്തിന് ബ്രേക്ക് ചെയ്ത് നിര്‍ത്താനുള്ള സാവകാശം നല്‍കാനും ശ്രദ്ധിക്കണം. വാഹനങ്ങള്‍ നിര്‍ത്തിത്തരുമ്പോള്‍ ഇത് എന്റെ അവകാശമാണെന്ന ധാരണയില്‍ വളരെ പതുക്കെ റോഡ് മുറിച്ച് കടക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ ഒന്ന് ഓര്‍ക്കുക ഇത് വേറെ ഒരു കൂട്ടം ആളുകളെ ബുദ്ധിമുട്ടിക്കുന്നതിന് സമാനമാണ്.
ട്രാഫിക് ബോധവത്കരണത്തിന്റെ കുറവാണ് ഇത്തരത്തിലുള്ള പ്രവണതകള്‍ക്ക് കാരണം. ചെറിയ കുട്ടികളുമായി പോലും വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സമയത്ത് റോഡ് ക്രോസ് ചെയ്യുന്നതും പതിവ് കാഴ്ചയാണ്. വാഹനം വരുന്നതിന് മുമ്പ് റോഡ് ക്രോസ് ചെയ്ത് റോഡില്‍ വീണ് അപകടമുണ്ടാകുന്ന സംഭവങ്ങളും ദിവസേന വാര്‍ത്തയാകുന്നുണ്ട്. അപകടങ്ങള്‍ കുറയ്ക്കുന്നതിന് നിരത്തില്‍ നടക്കുന്നവരും ശ്രദ്ധിക്കണം. വാഹനമോടിക്കുന്നവര്‍ വളരെ അധികവും ശ്രദ്ധിക്കണം.
ഫൂട്ട്പാത്ത് ഉപയോഗം
കേരളത്തിലെ ഒട്ടുമിക്ക പ്രധാന പാതകളിലും ഫൂട്ട്പാത്ത് നല്‍കിയിട്ടുണ്ട്. പ്രധാനമായും നഗരങ്ങളില്‍ ഇത് കൃത്യമായി നല്‍കിയിട്ടുണ്ട്. എന്നാല്‍, പേരില്‍ മാത്രമാണ് ഇത് കാല്‍നടയാത്രക്കാര്‍ക്ക് അവകാശമുള്ളുവെന്നാണ് ചില പ്രവണതകള്‍ കാണിക്കുന്നത്. ഉദാഹരണമായി കോഴിക്കോട് എടുക്കാം. മാവൂര്‍ റോഡിന് ഇരുവശത്തുമായി വീതിയുള്ള ഫുട്ട്പാത്ത് തന്നെ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, വൈകുന്നേരം സമയങ്ങളില്‍ ഇത് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാതയാണെന്നാണ് ചിലരെങ്കിലും ധരിച്ചുവെച്ചിരിക്കുന്നത്. ഫൂട്ട്പാത്തിലൂടെ പാഞ്ഞുവരുന്ന ബൈക്കുകളെ പേടിച്ചുവേണം കാല്‍നട യാത്രക്കാര്‍ അതുവഴി നടക്കാന്‍. ട്രാഫിക് നിയന്ത്രണത്തിനായി ഇവിടെ പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫൂട്ട്പാത്തിലൂടെ ബൈക്കില്‍ പോകുന്നവര്‍ക്കെതിരേ നടപടിയെടുക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.
കുറ്റവും ശിക്ഷയുംസീബ്രാ ലൈനില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നതും അപകടമുണ്ടാക്കുന്നതും മോട്ടോര്‍ വാഹനനിയമം അനുസരിച്ച് കുറ്റം തന്നെയാണ്. ഈ കുറ്റത്തിന് ഡ്രൈവിങ്ങ് ലൈസന്‍സ് താത്കാലികമായി റദ്ദാക്കുന്നതാണ് ശിക്ഷ. എത്രനാളത്തേക്കാണ് റദ്ദാക്കുന്നത് എന്നത് ശിക്ഷയുടെ വ്യാപ്തി അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് തീരുമാനിക്കാന്‍ സാധിക്കും. ഇതിനുപുറമെ, സന്നദ്ധ സേവനം, ആര്‍.ടി.ഒയുടെ ട്രാഫിക് സുരക്ഷ ക്ലാസ് എന്നിവയിലും പങ്കെടുക്കണം. അതേസമയം, കുറ്റം വീണ്ടും ആവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായാല്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പിന് സ്വീകരിക്കാന്‍ സാധിക്കും. സീബ്രാ ക്രോസിങ്ങിനെ പ്രധാനമായും രണ്ടായാണ് തരംതിരിച്ചിരിക്കുന്നത്. കണ്‍ട്രോള്‍ഡ് ക്രോസിങ്, അണ്‍ കണ്‍ട്രോള്‍ഡ് ക്രോസിങ്. ഇതില്‍ കണ്‍ട്രോള്‍ഡ് ക്രോസിങ് സിഗ്നല്‍ സംവിധാനം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ഇതില്‍ കാല്‍നട യാത്രക്കാര്‍ക്കായി സമയം അനുവദിക്കുന്നുണ്ട്. എന്നാല്‍, അണ്‍ കണ്‍ട്രോള്‍ഡ് സീബ്രാ ക്രോസിങ്ങില്‍ വാഹനം വരുന്നുണ്ടോയെന്ന് നോക്കി ക്രോസ് ചെയ്യാനുള്ള സാഹചര്യം വിലയിരുത്തി റോഡ് മുറിച്ച് കടക്കാന്‍ കാല്‍നട യാത്രക്കാരും ശ്രദ്ധിക്കണം. ഷഫീക് ബഷീര്‍
കോഴിക്കോട് ആര്‍.ടി.ഒ.
Content Highlights: Use of zebra crossing and for pedestrians and vehicle drivers
Published: 11 Jun 2024, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented