ആനപ്പാറയിറങ്ങി ഡല്‍ഹിയിലെ ബുദ്ധ് സര്‍ക്യൂട്ടിലായിരുന്നു കൊമ്പന്റെ പരാക്രമം. ആനപ്പാറ കയറി തരംഗമായ ടാറ്റയുടെ ഹാരിയര്‍ ഇവിയുടെ അനിതരസാധാരണമായ കഴിവുകള്‍ക്കാണ് ഡല്‍ഹിയിലെ ബുദ്ധ് സര്‍ക്യൂട്ട് സാക്ഷ്യം വഹിച്ചത്. പ്രത്യേകമായി തയ്യാറാക്കിയ ഓഫ് റോഡ് ട്രാക്കിലെ പ്രതിബന്ധങ്ങളെ അനായാസം മറികടന്നും ഫോര്‍മുല വണ്‍ കാറുകള്‍ ചീറിപ്പാഞ്ഞ ട്രാക്കിലൂടെ നിലതെറ്റാതെ പറന്നുമൊക്കെ എതിരാളികളില്‍നിന്ന് ഒരുപടി ദൂരെയാണ് താനെന്ന് ഒരു വൈദ്യുതവാഹനത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു അത്.

To advertise here,

ക്വാഡ് ഡേ

മൂന്ന് സോണുകളായി തിരിച്ച് ഹാരിയര്‍ ഇവി എന്ന വാഹനത്തിന്റെ കരുത്തും ബുദ്ധിയും അളക്കുന്ന ഒരു ദിവസമാണ് ക്വാഡ് ഡേ എന്ന പേരില്‍ ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയത്. ഓഫ് റോഡ് ശേഷിയും ട്രാക്കിലെ മിന്നല്‍ വേഗവുമാണ് കരുത്ത് തെളിയിച്ചിരുന്നതെങ്കില്‍, മുന്നിലെ പ്രതിബന്ധം തിരിച്ചറിഞ്ഞ വഴിമാറുന്നതും പിന്നിലേക്ക് മാറുന്നതും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളായിരുന്നു ഹാരിയറിന്റെ ബുദ്ധിയിലൂടെ തിരിച്ചറിഞ്ഞത്. 

ആദ്യ സോണ്‍

വേഗ വാഹനങ്ങള്‍ മാറ്റുരയ്ക്കുന്ന ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലായിരുന്നു ക്വാഡ് ഡ്രൈവ് അരങ്ങേറിയത്. ആദ്യ സോണില്‍ എല്ലാവരും കാഴ്ചക്കാരാണ്. വാഹനത്തിന്റെ സ്‌റ്റെബിലിറ്റി തിരിച്ചറിയുന്നതിനുള്ള പരീക്ഷണങ്ങളാണ് ആ ട്രാക്കില്‍ നടന്നത്. ആറ് വാഹനങ്ങളാണ് ട്രാക്കില്‍ ഇറങ്ങിയത്. വാഹനത്തിന്റെ വേഗം തെളിയിക്കുന്നതിനുള്ള ടേബിള്‍ ക്ലോത്ത് പുള്ളിങ് ആയിരുന്നു ഈ സോണില്‍ ഏറ്റവും കൈയടി നേടിയ ഐറ്റം എന്നതില്‍ സംശയമില്ല.

രണ്ടാം ഘട്ടം അഥവാ സോണ്‍ ടൂ

രണ്ടാം ഘട്ടത്തിലാണ് ആളുകള്‍ക്ക് വാഹനത്തിനുള്ളിലേക്ക് പ്രവേശനം ലഭിച്ചത്. വാഹനത്തിന്റെ പെര്‍ഫോമെന്‍സും അഡാസിന്റെ പ്രവര്‍ത്തനവുമായിരുന്നു ഈ ഘട്ടത്തിലെ പാഠ്യവിഷയങ്ങള്‍. ട്രാക്കിലേക്ക് ഇറങ്ങിയ വാഹനത്തില്‍ യാത്രക്കാരന്റെ സീറ്റിലാണ് നമ്മുടെ സ്ഥാനം. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ 100-ല്‍ തൊട്ട ഹാരിയര്‍ ഇവിയുടെ വേഗത 175 കിലോമീറ്റര്‍ എത്തിയതോടെ ഡ്രൈവര്‍ ആക്‌സിലറേറ്ററില്‍ നിന്ന് കാല്‍ പിന്‍വലിച്ചു. 

അഡാസിനെ പരിചയപ്പെടലായിരുന്നു രണ്ടാം സോണിലെ അടുത്ത ഘട്ടം. സുരക്ഷയിലെ വിട്ടുവീഴ്ച ടാറ്റയ്ക്ക് ശീലമില്ലാത്തതാണ്. എമര്‍ജന്‍സി ബ്രേക്കിങ്, റിവേഴ്‌സ് അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്, റിമോട്ട് പാര്‍ക്ക് തുടങ്ങി ഫീച്ചറുകളുടെ നീണ്ടനിര തന്നെ ഈ സോണില്‍ കണ്ടു. അക്ഷരാര്‍ഥത്തില്‍ ഇത് ടാറ്റ തന്നെയാണോയെന്ന് തോന്നിയ സോണ്‍ ആയിരുന്നു അത്. 

കരുത്തറിഞ്ഞ ഘട്ടം

കയറിവരുമ്പോള്‍ തന്നെ തൂക്കിയിട്ട ഹാരിയര്‍ ഇവിയെയാണ് കാണാന്‍ കഴിഞ്ഞത്. വലിയ ക്രെയിനില്‍ തൂക്കിയിട്ട ഷാസി, അതില്‍ തൂക്കിയിട്ടിരിക്കുന്ന പൂര്‍ണമായും വളര്‍ന്ന വാഹനം. മൂന്നു ദിവസമായി ഇങ്ങനെ തൂക്കിയിട്ടിട്ടിട്ടും ഷാസിക്ക് ഒരിളക്കവുമില്ല.. ടാറ്റയുടെ കരുത്ത്. പിന്നീട് പ്രത്യേകം തയ്യാറാക്കിയ ഓഫ് റോഡ് ട്രാക്കില്‍ കുത്തനെ ഇറങ്ങിയും കയറിയും സീസോ കളിച്ചും വെള്ളത്തിലും ചെളിയിലും മണലിലും പാറക്കല്ലിലുമെല്ലാം കയറ്റിയിറക്കിയുള്ള പ്രകടനം. എല്ലാം പ്രതിബന്ധങ്ങളേയല്ലായിരുന്നു. 

എന്തിനും പറ്റുന്ന മോഡുകള്‍, നോര്‍മല്‍, വെറ്റ്/റെയിന്‍, റഫ് റോഡ് ടറൈന്‍, സ്‌പോര്‍ട്, സിറ്റി, ഇകോ കൂടാതെ പറക്കാനായി ബൂസ്റ്റും.. എല്ലാം സെന്‍ട്രല്‍ കണ്‍സോളിലെ വട്ടത്തിനുള്ളില്‍. ഓഫ് റോഡില്‍ കുറഞ്ഞ വേഗത്തിലും കൂടുതല്‍ മികച്ച നിയന്ത്രണത്തിന് സഹായിക്കുന്ന ലോ സ്പീഡ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടോ പാര്‍ക്ക് അസിസ്റ്റും ഇടുങ്ങിയ സ്ഥലങ്ങളില്‍ സ്വയം പാര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്നു. 

360-ഉം കടന്ന് 540-ഡിഗ്രി സറൗണ്ട് ക്യാമറയാണ് ഡ്രൈവറുടെ വലിയൊരു സഹായി. വാഹനത്തിന്റെ അടിയിലുള്ളവ വരെ കാണാം. റിയര്‍ വ്യൂ മിറര്‍ പൂര്‍ണമായും ഡിജിറ്റലാണ്. വാഹനത്തിന്റെ പിന്‍ഭാഗം കണ്ണാടിയിലൂടെയല്ല, ക്യാമറയുടെ സഹായത്തിലാണ് കാണുന്നത്. എല്ലാ സുരക്ഷാ സംവിധാനങ്ങള്‍ക്കും പുറമേ, ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കായി പ്രത്യേകം ട്യൂണ്‍ചെയ്ത ലെവല്‍-2 അഡാസും വരുന്നുണ്ട്. രൂപത്തില്‍ ഹാരിയര്‍ ഇവിയായി എന്ന മാറ്റം മാത്രം. മുന്നിലെ ഗ്രില്‍ അടഞ്ഞു. ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡിന് മുകളിലുള്ള 14.53 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ലോകത്തിലെ ആദ്യത്തെ സാംസങ് നിയോ ക്യുഎല്‍ഇഡി ഡിസ്പ്ലേയാണ്.

ബാറ്ററിയും മോട്ടോറും

രണ്ട് ബാറ്ററി പാക്കുകളുമായാണ് ഹാരിയര്‍ ഇവി വരുന്നത്. 65, 75 കിലോവാട്ടുകളാണ് അവ. ഉയര്‍ന്ന മോഡലായ റിയര്‍ വീല്‍ ഡ്രൈവ് 75 കിലോവാട്ട് വേരിയന്റിന് ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്ററാണ് റെയ്ഞ്ച്. 480-505 കിലോമീറ്റര്‍ വരെ യഥാര്‍ഥ റെയ്ഞ്ച് ലഭിക്കുമെന്നാണ് ടാറ്റ പറയുന്നത്. 7.2 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ച് 10-100 ശതമാനം ചാര്‍ജ് ചെയ്യാന്‍ 10.7 മണിക്കൂര്‍ വേണ്ടിവരും. അതേസമയം 120 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി 20-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 25 മിനിറ്റ് മതി.