12,000 ലിറ്റര്‍ ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയുമായി കൊച്ചിയിലെ ഇരുമ്പനത്ത് നിന്ന് തിരൂരിലേക്ക് ലോറിയോടിച്ച് എത്തിയിരുന്ന 23-കാരിയുടെ വാര്‍ത്ത കൗതുകത്തോടെയാണ് കേരളത്തിലെ ജനങ്ങള്‍ വായിച്ചറിഞ്ഞത്. ഈ വാര്‍ത്ത കടല്‍കടന്ന് വിദേശ രാജ്യങ്ങളിലും എത്തിയതോടെ സ്വപ്‌ന തുല്യമായ അവസരമാണ് തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയായ ഡെലീഷ്യയെ തേടി എത്തിയിരിക്കുന്നത്. 

കേരളത്തിലെ നിരത്തുകളില്‍ 12000 ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ലോറിയാണ് ഡെലീഷ്യ ഓടിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ ഈ പെണ്‍കൂട്ടി വളയം പിടിക്കുക 60,000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ട്രെയിലറാണ്. അതും അങ്ങ് ദുബായിയിലെ നിരത്തുകളില്‍. സ്വകാര്യ ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ഡെലീഷ്യ തനിക്ക് കാനഡയില്‍ പോയി ബസ് ഓടിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ അവസരം തേടിയെത്തിയത്. 

കഴിഞ്ഞ ദിവസമാണ് പുതിയ അവസരം അറിയിച്ചുള്ള കോള്‍ ഡെലീഷ്യയെ തേടിയെത്തിയത്. ഇതിനുപിന്നാലെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഡെലീഷ്യ ദുബായിയിലേക്ക് പറന്നു. രണ്ട് വര്‍ഷം നീണ്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പെണ്‍കുട്ടി ദുബായിയിലേക്ക് തിരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഹെവി ലൈസന്‍സും മറ്റുമുള്ള ഡെലീഷ്യയ്ക്ക് ദുബായി ലൈസന്‍സ് കമ്പനി തന്നെ എടുത്ത് നല്‍കുമെന്നാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്. 

ഡെലീഷ്യയുടെ പിതാവായ ഡേവിസ് ടാങ്കര്‍ ലോറി ഡ്രൈവറാണ്. അച്ഛനൊപ്പം കുട്ടിക്കാലംമുതലേ ടാങ്കറില്‍ക്കയറി നടത്തിയ യാത്രകളാണു ഡെലീഷ്യയെ ഡ്രൈവിങ് സീറ്റിലേക്കെത്തിച്ചത്. 18 തികഞ്ഞശേഷം ആദ്യശ്രമത്തില്‍ത്തന്നെ ഈ പെണ്‍കൂട്ടി ലൈറ്റ് മോട്ടോര്‍ വെഹിക്കുള്‍ ലൈസന്‍സ് സ്വന്തമാക്കിയിരുന്നു. 20-ാം വയസ് പൂര്‍ത്തിയായതോടെ ഡെലീഷ്യ ഹെവി ലൈസന്‍സും സ്വന്തമാക്കി. 

പിന്നീട് തന്റെ പിതാവിനെ പോലെ ടാങ്കര്‍ ലോറി ഓടിക്കണമെന്നായി ആഗ്രഹം. ലോഡ് ഇറക്കിയ ശേഷമുള്ള മടക്കയാത്രയില്‍ രാത്രിയില്‍ അച്ഛന്റെ സഹായത്തോടെയായിരുന്നു. തിരക്ക് കുറഞ്ഞ റോഡിലൂടെയുള്ള പരിശീലനം ഡെലീഷ്യയെ മികച്ച ഡ്രൈവറാക്കി മാറ്റുകയായിരുന്നു. പിന്നീട് ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സും സ്വന്തമാക്കി. ഹെവി ലൈസന്‍സുള്ള സ്ത്രീകള്‍ കേരളത്തില്‍ വേറെയുമുണ്ടെങ്കിലും ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് ഡെലീഷ്യക്കു മാത്രമാണ്.

ടാങ്കറോടിക്കുന്നതിനിടെ പഠനവും ഡെലീഷ്യ കൈവിട്ടില്ല. തൃശ്ശൂരിലെ കോളേജില്‍നിന്നു എം.കോം. ഫിനാന്‍സ് പൂര്‍ത്തിയാക്കി. തൃശൂര്‍ കണ്ടശ്ശാംകടവ് നോര്‍ത്ത് കാരമുക്ക് പി.വി. ഡേവിസിന്റെയും ട്രീസയുടെയും മകളാണ് ഡെലീഷ്യ. സഹോദരിമാരായ ശ്രുതി ദുബായില്‍ നഴ്‌സും സൗമ്യ ലാബ് ടെക്‌നീഷ്യനുമാണ്.

Content Highlights: Tanker Lorry Driver Delisha Davis Got Job In Dubai As Trailer Driver