
1980. ഇന്ത്യന്‍ കാര്‍ വിപണി അത്ര കണ്ട് വളരാത്ത സമയം. സ്വന്തമായൊരു കാര്‍ എന്നത് ആഡംബരമായി കരുതിയിരുന്ന സമയം കൂടിയായിരുന്നു 1980-കള്‍. ഫിയറ്റും അംബാസിഡറും ഇന്ത്യന്‍ കാര്‍ വിപണി അടക്കിവാണിരുന്ന ആ സമയത്താണ് മാരുതി 800-ന്റെ വരവ്. സാങ്കേതികപരമായി മറ്റ് കാറുകളില്‍ നിന്നൊക്കെ വളരെ മുന്നിലായിരുന്നു മാരുതി 800. എളുപ്പത്തില്‍ പരിപാലിക്കാന്‍ കഴിയുന്നതും ഓടിക്കാന്‍ കഴിയുന്നതുമായ കാര്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചു. മാരുതി 800-ന്റെ പേരിനൊപ്പം ചേര്‍ക്കേണ്ട മറ്റൊരു പേരാണ് മാരുതി 800-ന്റെ ശില്‍പ്പി കൂടിയായ ഒസാമു സുസുക്കിയുടേത്. സുസുക്കി എന്ന ചെറിയ കമ്പനിയെ ഇന്നു കാണുന്ന ആഗോളഭീമനാക്കിയതിന് പിന്നിലെ തന്ത്രശാലി കൂടിയാണ് ഒസാമു സുസുക്കി. തന്റെ 94-ാം വയസ്സില്‍ ഒസാമു സുസുക്കി വിടപറയുമ്പോള്‍ കാര്‍ വിപണിക്കും സുസുക്കിക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്.
ആരാണ് ഒസാമു സുസുക്കി
1930 ജനുവരി 30-ന് ജപ്പാനിലെ ഗിഫു പ്രവിശ്യയിലെ ഗെറോ പട്ടണത്തിലാണ് ഒസാമു മാത്‌സൂഡയുടെ ജനനം. ടോഷിക്കി, ഷുന്‍സോ എന്നിവരായിരുന്നു ഒസാമുവിന്റെ മാതാപിതാക്കള്‍. 1953-ല്‍ ചുയോ സര്‍വകലാശാലയില്‍ നിന്നുമാണ് ഓസമു ബിരുദമെടുക്കുന്നത്. തുടര്‍ന്ന് ഒരു പ്രാദേശിക ബാങ്കില്‍ ലോണ്‍ ഓഫീസറായി ജോലി നോക്കി. 1958-ലാണ് സുസുക്കിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ഷുന്‍സോ സുസുക്കിയുടെ മകളായ ഷോകോ സുസുക്കിയെ വിവാഹം കഴിച്ച ശേഷമാണ് ഒസാമു കമ്പനിയില്‍ ചേരുന്നത്. ഇതിന് ശേഷമാണ് ഒസാമു മാത്‌സൂഡയെന്ന തന്റെ പേര് ഒസാമു സുസുക്കിയെന്നാക്കുന്നത്. സുസുക്കിയില്‍ തന്നെ പലവിധ ജോലികളും ഒസാമു സുസുക്കി ആ കാലയളവില്‍ ചെയ്തുപോന്നു. തുടര്‍ന്ന് 1978 ആയപ്പോഴേക്കും ഒസാമു സുസുക്കി സുസുക്കിയുടെ പ്രസിഡന്റായി. നല്ലൊരു ഗോള്‍ഫ് കളിക്കാരന്‍ കൂടിയായ ഒസാമുവിന്റെ വരവോടെ സുസുക്കിയുടെ വളര്‍ച്ച പതിന്മടങ്ങായി ഉയര്‍ന്നു. 1983-ല്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ പ്രവേശിക്കാനുള്ള സുസുക്കിയുടെ തീരുമാനത്തിന് പിന്നിലും ഒസാമു തന്നെയായിരുന്നു. ഒസാമു കൊണ്ടുവന്ന മാരുതി 800 കാര്‍ വിപണിയില്‍ വിപ്ലവകരമായ നേട്ടങ്ങള്‍ സ്വന്തമാക്കി.
മാരുതി 800-ന്റെ വരവ്
1983-ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിന് പിന്നിലും ഒസാമു തന്നെയായിരുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലായിരുന്ന മാരുതി ഉദ്യോഗ് ലിമിറ്റഡുമായി ചേര്‍ന്ന് 800 സി.സി കാറുകള്‍ നിര്‍മിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചത് ഒസാമുവിന്റെ കാലത്തായിരുന്നു. അങ്ങനെയാണ് സാധാരണക്കാരന്റെ കാറായി മാരുതി 800 മാറുന്നത്. എല്ലാവരും മോഹിച്ച തരത്തിലൊരു കാര്‍, അതായിരുന്നു മാരുതി 800. സാധാരണക്കാര്‍ക്കും പണക്കാര്‍ക്കും ഒരേ പോലെ പ്രിയങ്കരമാകുന്ന രീതിയിലാണ് മാരുതി 800 എന്ന കുഞ്ഞന്‍ കാര്‍ നിര്‍മിച്ചെടുക്കുന്നത്. മെച്ചപ്പെട്ട രീതിയിലുള്ള മൈലേജും മാരുതിക്ക് ലഭിച്ചിരുന്നു. അതുവരെ ബജാജ് സ്‌കൂട്ടര്‍ മാത്രം ഉപയോഗിച്ച് പോന്നവരെ സ്വന്തമായൊരു കാര്‍ എന്ന വലിയ സ്വപ്‌നം കാണാന്‍ മാരുതി 800 പ്രേരിപ്പിച്ചു. 1983 ഏപ്രില്‍ ഒന്‍പതിനാണ് മാരുതി 800-ന് ബുക്കിങ്ങുകള്‍ ആരംഭിക്കുന്നത്. 1,20,000 ഉപഭോക്താക്കള്‍ 10,000 രൂപ അഡ്വാന്‍സ് അടച്ച് കാര്‍ ബുക്ക് ചെയ്തു. ബുക്കിങ് ആരംഭിച്ച രണ്ടുമാസത്തിനുള്ളില്‍ ബുക്ക് ചെയ്യപ്പെട്ട യൂണിറ്റുകളുടെ എണ്ണം 1.35 ലക്ഷത്തിലേക്കെത്തി. ചെറിയ തുകയാണ് ആദ്യകാലങ്ങളില്‍ മാരുതി 800-ന് ഈടാക്കിയത്. മാരുതി 800 അവതരിപ്പിക്കപ്പെടുന്ന സമയത്ത് ഡല്‍ഹിയില്‍ കാറിന്റെ വില 52,500 രൂപ ആയിരുന്നു. 1983 ഡിസംബര്‍ 14-നാണ് കാറിന്റെ ഡെലിവറി ആരംഭിക്കുന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ജീവനക്കാരനായ ഹര്‍പാല്‍ സിങ്ങിനാണ് ആദ്യ മാരുതി 800 കൈമാറുന്നത്. തന്റെ ഫിയറ്റ് കാര്‍ വിറ്റാണ് മാരുതി 800 ഹര്‍പാല്‍ സിങ് സ്വന്തമാക്കുന്നത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് വാഹനത്തിന്റെ താക്കോല്‍ ഹര്‍പാല്‍ സിങ്ങിന് കൈമാറുന്നത്. താക്കോല്‍ ഏറ്റുവാങ്ങിയതോടെ ഇന്ത്യന്‍ കാര്‍ വിപണിയുടെ ചരിത്രത്തിന്റെ കൂടി ഭാഗമാകുകയായിരുന്നു ഹര്‍പാല്‍ സിങ്. തുടര്‍ന്നങ്ങോട്ട് സാധാരണക്കാര്‍ക്കിടയിലും പണക്കാര്‍ക്കിടയിലും ഒരേ പോലെ ജനപ്രീതിയാര്‍ജിക്കാന്‍ മാരുതി 800-ന് സാധിച്ചു. മികച്ച രീതിയിലുള്ള സര്‍വീസ് മാരുതി 800-ന്റെ പരിപാലനം എളുപ്പമാക്കി. വളരെ ചെലവ് കുറഞ്ഞ സര്‍വീസ് മാരുതി 800-നായി നല്‍കാന്‍ വാഹന നിര്‍മാതാകള്‍ ശ്രദ്ധിച്ചു. കാര്‍ വേഗത്തില്‍ ഡെലിവറിയെടുക്കാന്‍ പണക്കാര്‍ സാധാരണക്കാരുമായി മത്സരത്തില്‍ ഏര്‍പ്പെട്ടു. കാലത്തിന് അനുസൃതമായി പല മാറ്റങ്ങളും മാരുതി 800-ല്‍ വാഹന നിര്‍മാതാക്കള്‍ വരുത്തി. ഓരോ വര്‍ഷം കഴിയുന്തോറും മാരുതി 800-ന്റെ ഉത്പാദനം കൂടിവന്നു. 1986-87 കാലയളവില്‍ ഒരു ലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിക്കപ്പെട്ടത്. 1992-93 കാലയളവില്‍ അഞ്ചുലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കപ്പെട്ടു. 1996-97-ല്‍ പത്തുലക്ഷം യൂണിറ്റും 1999-2000-ല്‍ 15 ലക്ഷം യൂണിറ്റുകളും ഉത്പാദിപ്പിക്കപ്പെട്ടു. 2002-03 കാലയളവില്‍ 20 ലക്ഷം യൂണിറ്റുകളും 2005-06 കാലയളവില്‍ 25 ലക്ഷം യൂണിറ്റുകളും ഉത്പാദിപ്പിക്കപ്പെട്ടു. സുസുക്കിയെ വാഹന വിപണിയുടെ മുന്‍പന്തിയിലെത്തിക്കാന്‍ ഒസാമു സുസുക്കിയുടെ ശ്രമങ്ങള്‍ക്ക് സാധിച്ചു.
സുസുക്കിയെ നയിച്ച ഒസാമു സുസുക്കി
40 വര്‍ഷത്തിലേറെ കാലമാണ് ഒസാമു സുസുക്കിയെ നയിച്ചത്. 28 വര്‍ഷം കമ്പനിയുടെ പ്രസിഡന്റായി തുടര്‍ന്ന ഒസാമു 2000-ത്തിലാണ് സുസുക്കി ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. 2021-ല്‍ 91-ാം വയസ്സില്‍ അദ്ദേഹം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷവും ഉപദേഷ്ടാവ് എന്ന നിലയില്‍ ഒസാമു സുസുക്കി പ്രവര്‍ത്തിച്ച് പോന്നിരുന്നു. വാഹന വിപണി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ നിര്‍ണായകമായ പല സംഭവവികാസങ്ങള്‍ക്കും കാര്‍ വിപണിയുടെ ചരിത്രം സാക്ഷ്യംവഹിച്ചു. ഇന്ത്യയില്‍ സുസുക്കി പ്രവേശിച്ചതിന് ശേഷം സാധാരണക്കാരന്റെ കാറായി മാരുതി 800 മാറിയിരുന്നു.
പിന്നീടങ്ങോട്ട് നിരത്തുകള്‍ മാരുതി 800 കൊണ്ട് നിറയുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വളരെ പെട്ടെന്ന് തന്നെ കാര്‍ വിപണിയിലെ അതികായന്‍മാരാകാന്‍ സുസുക്കിക്ക് കഴിഞ്ഞു. ആ സ്ഥാനം ഇന്നും നിലനിര്‍ത്തിപ്പോരുന്നുണ്ട് സുസുക്കി. 2023 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യന്‍ കാര്‍ വിപണിയുടെ 41.7 ശതമാനം കൈപ്പിടിയിലൊതുക്കിയത് സുസുക്കിയുടെ ഉപസ്ഥാപനമായ മാരുതി സുസുക്കി ആണ്. ഹ്യൂണ്ടായ് പോലുള്ള കമ്പനികളെ പിന്തളളിയാണ് ഈ സ്ഥാനത്തേക്ക് മാരുതി സുസുക്കിയെത്തിയത്. മാരുതി 800 എന്ന കുഞ്ഞന്‍ കാറിന്റെ വരവും ഒസാമു സുസുക്കിയുടെ ദീര്‍ഘവീക്ഷണവും സുസുക്കിയെന്ന കമ്പനിയെ ഉയരങ്ങളിലെത്തിച്ചു.
ഒസാമുവിന്റെ ലക്ഷ്യവും വിപണിയും
വളര്‍ന്നുവരുന്ന വിപണിക്കായി ചെറുതും താങ്ങാനാകുന്നതുമായ കാറുകള്‍ നിര്‍മിക്കുക എന്നതായിരുന്നു ഒസാമുവിന്റെ ലക്ഷ്യം. മറ്റ് വാഹനിര്‍മാതാക്കളില്‍ നിന്ന് വ്യത്യസ്തമായ ആശയങ്ങളും ലക്ഷ്യങ്ങളുമാണ് ഒസാമു സുസുക്കി പങ്കുവെച്ചത്. മറ്റ് ജാപ്പനീസ് വാഹനനിര്‍മാതാക്കള്‍ ചൈനയിലും യുഎസിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ സുസുക്കി ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഹംഗറി എന്നിവിടങ്ങളിലെ വിപണിയിലേക്കുള്ള കുഞ്ഞന്‍കാറുകള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. താങ്ങാനാകുന്ന കാറുകള്‍ തേടി നടക്കുന്നവര്‍ക്ക് ഒരു ആശ്വാസമാകാന്‍ സുസുക്കിക്ക് കഴിഞ്ഞു. താങ്ങാനാകുന്നതും കുഞ്ഞന്‍ ആയതുമായ കാറുകള്‍ നിര്‍മിച്ച മാരുതി സുസുക്കി വിപണിയില്‍ ആധിപത്യം സ്ഥാപിച്ചു. ഇത് സുസുക്കിക്ക് ഒട്ടനേകം വിപണികള്‍ വഴിതുറക്കുന്നതിനുളള പ്രധാന കാരണമായി. താങ്ങാനാകുന്ന കാറുകള്‍ തേടിനടക്കുന്ന വിപണികള്‍ തേടി ആഗോളതലത്തില്‍ തന്നെ ഒസാമു യാത്രകള്‍ നടത്തി. ഇത്തരം കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് കമ്പനിക്ക് ഇന്ത്യയില്‍ നല്ലൊരു സ്ഥാനം നേടിക്കൊടുത്തത്. സുസുക്കിയുടെ പ്രസിഡന്റായിരുന്ന കാലത്ത് തന്നെ ഇന്ത്യയിലെ വാഹനവിപണിയുടെ നല്ലൊരു ശതമാനവും സ്വന്തമാക്കാന്‍ ഒസാമുവിന് കഴിഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല മറ്റനേകം രാജ്യങ്ങളിലും വേരോടിക്കാന്‍ സുസുക്കിക്ക് സാധിച്ചു. എന്നിരുന്നാലും ഒസാമു സുസുക്കിയുടെ ഭരണകാലത്താണ് ചെറുകിട കാറുകളുടെ നിര്‍മാതാക്കളെന്ന നിലയില്‍ കമ്പനി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. മാരുതി സുസുക്കി തങ്ങളുടെ സ്ഥാനം രാജ്യത്ത് ഉറപ്പിച്ചെങ്കിലും കാലക്രമേണ മാരുതി 800 ഇന്ത്യയില്‍ ഉത്പാദനം നിര്‍ത്തി.
മാരുതി 800 ഉത്പാദനം നിര്‍ത്തുന്നു
രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ മാരുതി 800-ന്റെ വില്‍പ്പന പൂര്‍ണമായും മാരുതി സുസുക്കി നിര്‍ത്തി. മെട്രോ നഗരങ്ങളായ ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളിലും കാണ്‍പുര്‍, ബെംഗളൂരു, ഹൈദരാബാദ്, പൂണൈ, അഹമ്മദാബാദ്, ആഗ്ര എന്നീ നഗരങ്ങളിലുമാണ് മാരുതി 800-ന്റെ വില്‍പ്പന പൂര്‍ണമായും നിര്‍ത്തിയത്. ഈ നഗരങ്ങളില്‍ ബി.എസ് 4 എമിഷന്‍ രീതിയിലേക്ക് വാഹനങ്ങളുടെ നിലവാരം ഉയര്‍ത്തണമെന്ന നിയമം വന്നിരുന്നു. ഇത് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് ഈ നഗരങ്ങളില്‍ മാരുതി 800-ന്റെ വില്‍പ്പന പൂര്‍ണമായും നിര്‍ത്തേണ്ടിവരുന്നത്. ഏപ്രില്‍ 2010-ലായിരുന്നു ഇത്. ബി.എസ് 4 ലേക്ക് നിലവാരം ഉയര്‍ത്താത്തത് മാത്രമല്ല, വില്‍പ്പന കുറഞ്ഞതും മാരുതി 800-ന്റെ ഉത്പാദനത്തെ ബാധിച്ചു. 2010 ഏപ്രിലില്‍ 2009 ഏപ്രിലിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 3.7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 2009 മുതല്‍ മാര്‍ച്ച് 2010-വരെ വിറ്റഴിച്ച മാരുതി 800-ന്റെ എണ്ണം വെറും 33,028 ആണ്. 18 ജനുവരി 2014-നാണ് അവാസനത്തെ മാരുതി 800 ഉത്പാദിപ്പിക്കപ്പെടുന്നത്. മാരുതിക്ക് പകരം വെയ്ക്കാനൊരു വണ്ടിയയെും ജാപ്പനീസ് വാഹനിര്‍മാതാക്കളായ സുസുക്കി കണ്ടെത്തി. മാരുതി 800-ന് പകരക്കാരനായി ആള്‍ട്ടോ 800-നെയാണ് മാരുതി സുസുക്കി കൊണ്ടുവന്നത്.
വിജയം മാത്രമല്ല, തോല്‍വിയും
ഉത്പാദനം നിര്‍ത്തിയെങ്കിലും മാരുതി 800 രാജ്യത്ത് സൃഷ്ടിച്ച തരംഗം ചരിത്രത്താളുകളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒസാമു സുസുക്കിയുടെ ദീര്‍ഘവീക്ഷണവും ലക്ഷ്യവുമാണ് കാര്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സുസുക്കിക്ക് സഹായകരമായത്. എന്നാല്‍ വിജയത്തിന്റെ മധുരം മാത്രമല്ല തോല്‍വിയുടെ കയ്പ്പും ഒസാമു സുസുക്കി അറിഞ്ഞിരുന്നു. വാഹനത്തിന്റെ ഇന്ധനക്ഷമതയെ പറ്റി തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചുവെന്നാണ് സുസുക്കിക്ക് നേരെ ഉയര്‍ന്ന ആരോപണം. ജപ്പാനിലെ വാഹനങ്ങളുടെ ഇന്ധനക്ഷമതയെ പറ്റിയാണ് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചത്. ഇന്ധനക്ഷമത പരിശോധിക്കുന്നതിനായി അംഗീകൃതമല്ലാത്ത പരിശോധനകള്‍ നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഒസാമു സുസുക്കി ഏറ്റെടുക്കുകയായിരുന്നു. വിമര്‍ശനങ്ങളെ തുടര്‍ന്ന് കുറവ് ശമ്പളമാണ് (40 ശതമാനം) ഒസാമു സുസുക്കി കമ്പനിയില്‍ നിന്ന് കൈപ്പറ്റിയിരുന്നത്.
Content Highlights: story of osamu suzuki and maruti 800
Published: 29 Dec 2024, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented