ന്ത്യക്കാരുടെ കാര്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ച വാഹനമാണ് മാരുതി സുസുക്കി 800. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഇതിഹാസം എന്നുതന്നെ 800നെ വിശേഷിപ്പിക്കാം. മാരുതിയുടെ ഈ കുഞ്ഞന്‍ ഹാച്ച്ബാക്കിന്റെ സ്ഥാനം ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലും ഇന്നും വലുതാണ്. സ്റ്റോക്ക് കണ്ടീഷനിലുള്ളതും രൂപമാറ്റം വരുത്തിയതുമായ ഒട്ടേറെ 800കൾ തലമുറ വ്യത്യാസമില്ലാതെ ഇന്നും കൊണ്ടുനടക്കുന്നത് ഈ ജനപ്രീതിയുടെ തെളിവാണ്. 

To advertise here,

എന്നാൽ മാരുതി 800ന്റെ പിറവി ഉൾപ്പടെ ഈ വാഹനത്തെ സംബന്ധിച്ച് ചരിത്രപരമായ ചില കാര്യങ്ങൾ പലർക്കും അറിയണമെന്നില്ല. മാരുതി 800-ന് തത്കാൽ എന്നൊരു വേരിയന്റ് ഉണ്ടായിരുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടോ? ആ വേരിയന്റ് പുറത്തിറക്കിയതിനു പിന്നിലെ കാരണം അറിയാമോ? ഇല്ലെങ്കിൽ അതെല്ലാം വിശദമായി ഒന്നു പരിശോധിക്കാം. 

മാരുതി 800 തത്കാൽ

താങ്ങാവുന്ന വിലയിൽ സ്വന്തമാക്കാവുന്നതും വലിയ തോതിൽ ഉത്പാദിപ്പിക്കുന്നതുമായ ഇന്ത്യയിലെ ആദ്യ കാറായിരുന്നു മാരുതി 800. ഈ കാരണങ്ങളാൽ ജനപ്രീതി നേടിയെടുക്കാൻ 800ന് അധികകാലം വേണ്ടിവന്നില്ല. ഉത്പാദനത്തേക്കാൾ കൂടുതലായിരുന്നു വാഹനത്തിന്റെ ഡിമാൻഡ്. ഇത് ഡെലിവറി സ്വീകരിക്കാൻ വലിയ കാത്തിരിപ്പാണ് 80കളിലും 90കളിലും ഉണ്ടാക്കിയത്. ബുക്ക് ചെയ്തശേഷം 800 സ്വന്തമാക്കാൻ മാസങ്ങളോ വർഷങ്ങളോ കാത്തിരിക്കേണ്ടിവന്നിരുന്നു. 

കാത്തിരിപ്പ് നീണ്ടതോടെ കകരിഞ്ചന്തകളിൽ മാരുതി 800-ന്റെ ബുക്കിങ് വിൽക്കാനും ആരംഭിച്ചിരുന്നു. നേരത്തേ വാഹനം ബുക്ക് ചെയ്തവർ കൂടുതൽ പണം വാങ്ങി ബുക്കിങ് മറിച്ചുവിൽക്കുകയായിരുന്നു. വേ​ഗത്തിൽ ഡെലിവറി ലഭിക്കുന്നതിന്, കരിഞ്ചന്തയെ നിയന്ത്രിച്ചുകൊണ്ട് നിയമാനുസൃതമായ മാർ​ഗം എന്ന നിലയിലാണ് തത്കാൽ വേരിയന്റ് എന്ന ആശയം കമ്പനി ആവിഷ്കരിച്ചത്. 

1989-1990 കാലയളവിലായിരുന്നു ഈ വേരിയന്റ് വിപണിയിലുണ്ടായിരുന്നത്. 800ന്റെ ഉയർന്ന ഡിമാൻഡ് പരിഹരിക്കുന്നതിനും ബുക്ക് ചെയ്ത് വാഹനം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കുറയ്ക്കുകയുമായിരുന്നു ലക്ഷ്യം. ഹിന്ദിയിൽ ഉടൻ എന്ന് അർഥം വരുന്നതുകൊണ്ടാണ് തത്ക്കാൽ എന്ന പേര് മാരുതി ഉപയോ​ഗിച്ചത്. എന്നാൽ തത്കാൽ വേരിയന്റ് സ്വന്തമാക്കണമെങ്കിൽ സാധാരണ മോഡലിനേക്കാൾ അധിക തുക നൽകണമായിരുന്നു. അന്ന് ഏകദേശം 50000 രൂപയോളമാണ് അധികമായി തത്കാലിന് നൽകേണ്ടിയിരുന്നത്.  

മെക്കാനിക്കൽ ഉൾപ്പെടെ സ്റ്റാൻഡേർഡ് 800-ൽനിന്ന് വ്യത്യാസങ്ങളൊന്നും തത്കാലിന് ഉണ്ടായിരുന്നില്ല. തുടക്കത്തിൽ തത്കാൽ വേരിയന്റ് സ്റ്റാൻഡേർഡ് മോഡലിൽ (STD) മാത്രമായിരുന്നു ലഭ്യമായിരുന്നത്. പിന്നീടിത് ഡിലക്സ് (DX) മോഡലിലും ലഭ്യമാക്കി. ഡിലക്സ് വേരിയന്റിൽ എ.സി ഉണ്ടായിരുന്നു എന്നത് അന്നത്തെ ഒരു സവിശേഷതായിരുന്നു. തത്കാൽ വേരിയന്റ് തിരിച്ചറിയാൻ TK എന്ന സ്റ്റിക്കർ 800-ന്റെ ബൂട്ടിൽ പതിച്ചിരുന്നു. 39.5 ബിഎച്ച്പി പവറും 59 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 796 സിസി എഫ്8ബി എൻജിനായിരുന്നു വാഹനത്തിന്റെ കരുത്ത്. 4സ്പീഡ് മാനുവൽ ​ഗിയർബോക്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 

1983-ല്‍ പുറത്തിറങ്ങിയ മാരുതി 800 എന്ന മോഡല്‍ ആ കാലത്ത് എസ്.എസ്.80 എന്ന പേരിലാണ് അറിയിപ്പെട്ടിരുന്നത്. 796 സി.സി. മൂന്ന് സിലിണ്ടര്‍ കാര്‍ബുറേറ്റഡ് എന്‍ജിനായിരുന്നു ഈ വാഹനത്തില്‍ നല്‍കിയിരുന്നത്. പിന്നീട് എന്‍ജിനില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയിലേക്ക് മാറുകയായിരുന്നു. ഒടുവില്‍ 2014-ല്‍ നിര്‍മാണം അവസാനിപ്പിക്കുന്ന കാലഘട്ടത്തില്‍ 796 സി.സി. എഫ്8ഡി എന്‍ജിനായിരുന്നു മാരുതി 800-ന്റെ ഹൃദയം.