
എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യന്‍ എന്ന നിലയില്‍ ഓരോ ദിവസവും അപകടങ്ങളില്‍ പരിക്ക് പറ്റി ചികിത്സ തേടിയെത്തുന്ന അനേകം പേരെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ റോഡ് അപകടങ്ങളുടേയും അവയുടെ തീവ്രതയുടേയും ഇടയിലുള്ള സയന്‍സിനെ കുറിച്ച് ചിന്തിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ അപകടങ്ങളിലും അവയുടെ ആഘാതങ്ങളിലും ഭൗതിക ശാസ്ത്രത്തിന് (ഫിസിക്സ്) വലിയ പങ്കുണ്ട്.
ഉദാഹരണത്തിന് ന്യൂട്ടന്റെ ഒന്നാം ചലന നിയമം എങ്ങിനെയാണ് ഒരു അപകടത്തില്‍ പ്രാവര്‍ത്തികമാകുന്നത് എന്ന് നോക്കാം. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വരുന്ന കാര്‍ ഖരരൂപമുള്ള വസ്തുവില്‍ ഇടിച്ച് നിന്നാലും കാറിലെ യാത്രക്കാര്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗതയില്‍ തന്നെ മുന്നിലേക്ക് കുതിക്കും. ഈ കുതിപ്പ് മുന്‍പിലുള്ള സ്റ്റിയറിംഗിലോ, ഡാഷ് ബോര്‍ഡിലോ, സീറ്റ് ബെല്‍റ്റിലോ ചെന്നാണ് അവസാനിക്കുക. ചെറിയ അപകടങ്ങളില്‍ പോലും വലിയ പരിക്കുണ്ടാകാനുള്ള കാരണവും ഇതാണ്.
വാഹനങ്ങളിലെ സുരക്ഷാമുന്‍കരുതലുകള്‍
സീറ്റ്ബെല്‍റ്റുകളും, എയര്‍ബാഗുകളുമാണ് വാഹനങ്ങളില്‍ നമ്മുടെ ജീവന്‍ രക്ഷക്കായുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍. അപകടം സംഭവിക്കുമ്പോള്‍ മുന്‍പിലേക്കുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുകയും ആഘാതം കഴുത്ത്, തല പോലുള്ള പ്രധാന ശരീരഭാഗങ്ങളില്‍ ഏല്‍ക്കാതെ നെഞ്ച്, ഇടുപ്പ് പോലുള്ള ബലമുള്ള ഭാഗങ്ങളിലേക്ക് ക്രമപ്പെടുത്താനും സീറ്റ്ബെല്‍റ്റ് സഹായിക്കും. കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് എയര്‍ബാഗിന്റെ പ്രവര്‍ത്തനം. 30-50 മില്ലി സെക്കന്റുകൊണ്ട് ഇത് പ്രവര്‍ത്തന നിരതമാകും. നമ്മുടെ മുന്‍പിലേക്കുള്ള പ്രയാണത്തെ സുരക്ഷിതമായ ഒരു മെത്തപോലെ എയര്‍ബാഗ് പ്രതിരോധിക്കും.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ യാത്രക്കാരന്‍ നിര്‍ബന്ധമായും സീറ്റ്ബെല്‍റ്റ് ധരിച്ചിരിക്കണമെന്നതാണ്. സീറ്റ്ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരില്‍ ചിലപ്പോള്‍ എയര്‍ബാഗ് മൂലവും ഗുരുതര പരിക്കുകള്‍ സംഭവിക്കാം.
മനുഷ്യന്‍ സ്വയം സൃഷ്ടിക്കുന്ന അപകടങ്ങള്‍
വാഹനാപകടങ്ങളില്‍ 94%വും മനുഷ്യന്‍ സ്വയം സൃഷ്ടിക്കുന്നവയാണ് എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. നമ്മുടെ പ്രതികരണ സമയം എന്നത് 1.5 സെക്കന്റാണ്. എന്നാല്‍ പ്രായം, ക്ഷീണം, അശ്രദ്ധ തുടങ്ങിയ കാരണങ്ങള്‍ മൂലം ഈ സമയപരിധിയില്‍ വ്യതിയാനമുണ്ടാകും. ഫോണിലുള്ള ശ്രദ്ധ മറ്റൊരു കാരണമാണ്. ഹാന്റ്സ് ഫ്രീ ഫോണുകളാണെങ്കില്‍ പോലും സംസാരിക്കുന്ന സമയത്ത് ശ്രദ്ധ മാറുകയും ' അശ്രദ്ധമൂലമുള്ള അന്ധത' എന്ന അവസ്ഥ കൈവരികയും ചെയ്യും. ഡ്രൈവര്‍ റോഡിലേക്ക് നോക്കുന്നുണ്ടാകാം, പക്ഷെ അപകടം മുന്‍കൂട്ടി കാണാന്‍ സാധിക്കില്ല എന്നതാണ് പരിണിത ഫലം. കാല്‍നട യാത്രക്കാരും സൈക്കിള്‍ യാത്രക്കാരും തെളിച്ചമില്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതും റിഫ്ളക്ടറുകള്‍ ഉപയോഗിക്കാത്തതും അപകടങ്ങള്‍ക്കുള്ള പൊതുവായ കാരണങ്ങളാണ്.
സുവര്‍ണ്ണ മണിക്കൂര്‍ (ഗോള്‍ഡന്‍ അവര്‍) : അപകട ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ആദ്യത്തെ ഒരു മണിക്കൂര്‍. ഈ സമയത്ത് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നത് പരിക്ക് ഗുരുതരമാവാതിരിക്കുവാനും ജീവന്‍ രക്ഷപ്പെടുത്തുവാനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
- നിര്‍ബന്ധമായും സീറ്റ്ബെല്‍റ്റ് ധരിക്കുക. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ നിങ്ങള്‍ക്ക് സ്വയം നിര്‍വ്വഹിക്കാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മുന്‍കരുതലാണിത്
- യാത്രക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ മെസ്സേജ് അയക്കുന്നത് അഞ്ച് സെക്കന്റ് നേരം കണ്ണടച്ച് വാഹനം ഓടിക്കുന്നതിന് തുല്യമാണെന്ന് ഓര്‍മ്മിക്കുക.
- മദ്യപിച്ച് വാഹനം ഓടിക്കരുത്. ഏറ്റവും കുറഞ്ഞ അളവിലുള്ള മദ്യത്തിന്റെ സാന്നിധ്യം പോലും നിങ്ങളുടെ യാത്രാ സുരക്ഷയെ ദോഷകരമായി ബാധിക്കും
- തൊട്ടുമുന്നിലുള്ള വാഹനവുമായി ഏറ്റവും കുറഞ്ഞത് 3 സെക്കന്റ് അകലം നിര്‍ബന്ധമായും പാലിക്കണം.
- കാല്‍നടക്കാരും സൈക്കിള്‍ യാത്രക്കാരും രാത്രി ഇരുണ്ട വസ്ത്രങ്ങള്‍ ഒഴിവാക്കുകയും സൈക്കിളില്‍ റിഫ്ളക്ടര്‍ പതിക്കുകയും വേണം. റോഡ് മുറിച്ച് കടക്കാന്‍ അനുവദിച്ച ഇടങ്ങള്‍ മാത്രം ഉപയോഗിക്കുക, കടക്കുമ്പോള്‍ ഇരുവശവും നോക്കി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക. സൈക്ലിംഗ് യാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക.
അപകടം സംഭവിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍
- ആദ്യം സ്വന്തം സുരക്ഷ ഉറപ്പ് വരുത്തുക, അതിന് ശേഷം മാത്രം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുക. തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുക. ഇവര്‍ക്ക് ലൊക്കേഷന്‍, എത്രപേര്‍ക്ക് പരിക്ക് പറ്റി, നിലവില അവസ്ഥ, ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുകയും അവര്‍ എത്തിച്ചേരുന്നത് വരെ ഫോണില്‍ ലഭ്യമാകുകയും ചെയ്യുക.
- വ്യക്തിക്ക് ശ്വാസമില്ലെങ്കില്‍ ഉടന്‍ തന്നെ സിപിആര്‍ നല്‍കുക.
- അമിതരക്തസ്രാവമുണ്ടെങ്കില്‍ വൃത്തിയുള്ള തുണി ഉപയോഗിച്ചോ കൈ ഉപയോഗിച്ചോ അമര്‍ത്തിപ്പിടിക്കുക. കൈക്കോ കാലിനോ ആണ് മുറിവേറ്റതെങ്കില്‍ ആ ഭാഗം ഉയര്‍ത്തിപ്പിടിക്കുക. രക്തസ്രാവം ശക്തമാണെങ്കില്‍ ടോര്‍ണിക്വറ്റ്സ് ഉപയോഗിക്കാം.
- ശരീരത്തില്‍ ആവശ്യത്തിന് രക്തമില്ലാത്ത അവസ്ഥ വരികയാണെങ്കില്‍ അപകടം സംഭവിച്ച വ്യക്തിക്ക് ഷോക്ക് ഉണ്ടാകാം. ചര്‍മ്മം വിളറുക, ശരീരം തണുക്കുകയോ വിയര്‍ക്കുകയോ ചെയ്യുക, നാഡീമിടിപ്പില്‍ വ്യതിയാനം അനുഭവപ്പെടുക, ആശയക്കുഴപ്പമോ ഛര്‍ദ്ദിയോ ഓക്കാനമോ അനുഭവപ്പെടുക തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ വ്യക്തിയെ നിലത്ത് കിടത്തുകയും നടുവിനോ കഴുത്തിനോ പരിക്കില്ല എന്നുറപ്പാണെങ്കില്‍ കൈലുകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിക്കുകയും തണുപ്പകറ്റാന്‍ ബ്ലാങ്കറ്റോ പുതപ്പോ മറ്റോ കൊണ്ട് പുതപ്പിക്കുകയും വേണം.
- തലയ്ക്കാണ് പരിക്കെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം, ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം, അസാധാരണ പെരുമാറ്റം, അപസ്മാരം, കണ്ണിലെ കൃഷ്ണമണി തുല്യമല്ലാതിരിക്കുക, ചെവിയിലൂടെയോ കണ്ണിലൂടെയോ സ്രവം വരിക എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന മികച്ച ചികിത്സ ലഭ്യമാക്കാന്‍ ശ്രമിക്കണം.
- തീ, ഗതാഗതമുള്ള റോഡ് തുടങ്ങിയ സ്ഥലങ്ങളിലൊഴികെ അപകടം സംഭവിച്ച വ്യക്തിയെ മാറ്റിക്കിടത്താന്‍ ശ്രമിക്കരുത്. പുറംഭാഗത്തോ കഴുത്തിനോ അപകടം സംഭവിച്ച വ്യക്തിയാണെങ്കില്‍ അശാസ്ത്രീയമായി മാറ്റാന്‍ ശ്രമിക്കുന്നത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.
- മുറിവില്‍ തറച്ച് കയറിയ വസ്തുകള്‍ നീക്കം ചെയ്യരുത്, വ്യക്തിക്ക് ഭക്ഷണമോ വെള്ളമോ നല്‍കരുത്, തകര്‍ന്ന അസ്ഥികള്‍ കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കരുത്, പരിക്കേറ്റ വ്യക്തിയെ തനിച്ച് യാത്രചെയ്യാന്‍ അനുവദിക്കരുത്.
- അപകടത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
- നിശ്ശബ്ദരായ അല്ലെങ്കില്‍ അബോധാവസ്ഥയിലുള്ളവരെ ആദ്യം രക്ഷപ്പെടുത്താന്‍ ശ്രമിക്കുക.
- ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നവരുടെ പരിക്ക് ഏറ്റവും ഗുരതരമായിരിക്കാന്‍ സാധ്യതയില്ല. അത്തരത്തിലുള്ളവരെ പിന്നീട് സഹായിക്കുക.
നമ്മള്‍ നടത്തേണ്ട തയ്യാറെടുപ്പുകള്‍
നമ്മുടെ വാഹനത്തില്‍ ഫസ്റ്റ് എയിഡ് കിറ്റ് ഉണ്ട് എന്ന് ഉറപ്പ് വരുത്തണം. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ എപ്പോഴും വാഹനത്തില്‍ കരുതണം. എല്ലാവരും സി പി ആര്‍, ഫസ്റ്റ് എയിഡ് എന്നിവയില്‍ പ്രാഥമിക പരിശീലനമെങ്കിലും കരസ്ഥമാക്കിയിരിക്കണം. ഓര്‍ക്കുക, ഒരു അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തണമെങ്കില്‍ താങ്കള്‍ ഡോക്ടറോ മെഡിക്കല്‍ ജീവനക്കാരനോ ആകണമെന്നില്ല. സഹായത്തിന് വിളിക്കുക, രക്തസ്രാവം നിര്‍ത്തുക, തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെ തന്നെ നിങ്ങള്‍ക്ക് ജീവന്‍ രക്ഷകനായി മാറാം.
Content Highlights: Road Accident Physics & Safety Tips
Published: 03 Jun 2025, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented