രാത്രി യാത്രയ്ക്ക് വാഹനവുമായി നിരത്തുകളില്‍ ഇറങ്ങുന്ന എല്ലാവരും നേരിട്ടിട്ടുള്ള പ്രധാന വെല്ലുവിളിയാണ് മറ്റ് വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ പ്രകാശം. ഇത് ഹൈ ബീമിലാണെങ്കില്‍ കാഴ്ച പോലും മങ്ങുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. പല മുന്നിറിയിപ്പുകളും താക്കീതുമെല്ലാം നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഹെഡ്‌ലൈറ്റ് ഡിം ചെയ്യാന്‍ മടിക്കുന്ന നിരവധി ഡ്രൈവര്‍മാര്‍ നിരത്തുകളിലുണ്ട്. ഇവരെ ബോധവത്കരിക്കുന്നതിനായി ഹെഡ്‌ലൈറ്റ് ബീമിലിട്ട് വാഹനമോടിക്കുന്നത് എതിരേ വരുന്നവരെ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കുകയാണ് എം.വി.ഡി. കേരളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ.

To advertise here,

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗുരുതരമായ റോഡപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത് രാത്രിയിലാണ്. ഡ്രൈവര്‍ക്ക് ആപത്തിന്റെ (Hazards) സാന്നിദ്ധ്യം പകല്‍വെളിച്ചത്തില്‍ കാണുന്നതു പോലെ വ്യക്തമായി രാത്രിയില്‍ കാണാന്‍ കഴിയില്ല എന്നതാണ് ഇതിനു കാരണം. എതിരേ വരുന്ന വാഹനത്തിന്റെ അകലവും വേഗതയും കൃത്യമായി കണക്കാക്കാന്‍ രാത്രിയില്‍ മസ്തിഷ്‌കത്തിന് സാധിക്കില്ല. മാത്രമല്ല, കാഴ്ച ക്രമീകരിക്കുന്നതിന് കണ്ണുകള്‍ക്ക് അധികസമയം വേണ്ടി വരികയും ചെയ്യും. 

പകല്‍സമയത്ത് വളരെ ദൂരെയുള്ള കാര്യങ്ങള്‍ വരെ ഡ്രൈവര്‍ക്ക് നന്നായി കാണുവാന്‍ സാധിക്കും. എന്നാല്‍ രാത്രിയില്‍ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ അത്രയും ദൂരം കാണാന്‍ കഴിയില്ല. ചിലപ്പോള്‍ കടകളിലെയും മറ്റും ലൈറ്റുകള്‍, ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യും. വാഹനത്തിന്റെ ഡിം ലൈറ്റ് വെളിച്ചത്തില്‍ എത്ര ദൂരം റോഡ് വ്യക്തമായി കാണാന്‍ കഴിയുമോ, ആ ദൂരത്തിനുള്ളില്‍ നിര്‍ത്തുവാന്‍ കഴിയുന്ന വേഗതയിലെ വാഹനം ഓടിക്കാവൂ. രാത്രി വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ താഴെപ്പറയുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

  • അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ കഴിവതും ഹെഡ്‌ലാമ്പ് ലോ ബീം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാന്‍ ശീലിക്കുക.
     
  • വിന്റ് സ്‌ക്രീന്‍ ഗ്ലാസ്സും കണ്ണാടികളും വൃത്തിയാക്കിയിരിക്കണം. 
     
  • എല്ലാ ലൈറ്റുകളും വൃത്തിയായും പ്രവര്‍ത്തനക്ഷമമായും സൂക്ഷിക്കുക.
     
  • കണ്ണഞ്ചിപ്പിക്കുന്ന അധിക ലൈറ്റുകള്‍ വാഹനത്തില്‍ സ്ഥാപിക്കാതിരിക്കുക.
     
  • വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ലൈറ്റുകള്‍ വാഹനങ്ങളില്‍ സ്ഥാപിക്കുന്നത് പലപ്പോഴും റോഡുപയോക്താക്കളില്‍ ആശയക്കുഴപ്പത്തിന് ഇടവരുത്തും. കാരണം റോഡിലെ ഓരോ നിറങ്ങളും റോഡുപയോക്താക്കളോട് സംസാരിക്കുന്നുണ്ട്. വാഹനത്തിന്റെ മുന്നിലും, പിന്നിലും, വശങ്ങളിലും ഉപയോഗിക്കേണ്ട ലൈറ്റുകളുടെ നിറങ്ങളെ കുറിച്ച് നിയമം വ്യക്തമായി പറയുന്നുണ്ട്.
     
  • വാഹനത്തിന്റെ ലോഡ് അനുസരിച്ച് ഹെഡ്ലാമ്പ് ലെവലര്‍ അഡ്ജസ്റ്റ് ചെയ്യുക.
     
  • ടിന്റഡല്ലാത്ത കണ്ണടയേ ഡ്രൈവര്‍ ഉപയോഗിക്കാവൂ.
     
  • കാല്‍നടക്കാരെ പ്രത്യേകം ശ്രദ്ധിക്കണം.

മറ്റു ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഹെഡ്‌ലൈറ്റ് നേരത്തേതന്നെ ഡിപ് ചെയ്യുക. എതിരേ വരുന്ന വാഹനത്തിന്റെ ഹെഡ്‌ലൈറ്റില്‍ നോക്കരുത്. (ഹെഡ്‌ലൈറ്റിലേക്ക് നോക്കിയാല്‍ പ്രകാശത്തിന്റെ തീവ്രതമൂലം കുറച്ചു സമയത്തേക്ക് ഡ്രൈവര്‍ അന്ധനായതുപോലെയാകും (Temporary glare blindness). രണ്ട് സെക്കന്‍ഡ് സമയത്തെ അന്ധത പോലും അപകടകരമാണ്. 80 കി.മീ. വേഗതയില്‍ പോകുന്ന ഒരു വാഹനം ഈ സമയം കൊണ്ട് 45 മീറ്റര്‍ മുന്നോട്ടു പോയിരിക്കും.