റോഡ് സുരക്ഷയുടെ സന്ദേശവുമായി വീണ്ടും മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രാത്രി യാത്രകളില്‍ വാഹനങ്ങളിലെ ഹെഡ്‌ ലൈറ്റ് ഡിം ചെയ്യുന്നതിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടിയാണ് എം.വി.ഡിയുടെ സന്ദേശം. മുമ്പ് പലതവണകളില്‍ ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണം നടത്തിയിട്ടുണ്ട്.

To advertise here,

രാത്രികാലങ്ങളിലെ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹെഡ്‌ ലൈറ്റിന്റെ ഉപയോഗത്തില്‍ പാലിക്കേണ്ട മര്യാദകള്‍ മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത് വൈകുന്നേരം ആറ് മുതല്‍ എട്ട് വരെയുള്ള സമയത്താണ്. ഇത് ലൈറ്റിന്റെ തെറ്റായ ഉപയോഗത്തെ തുടര്‍ന്നാണെന്നും എം.വി.ഡി. പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സഹകരണവും, സഹവര്‍ത്തിത്വമില്ലായ്മയും മരണത്തിലേക്കെത്തുന്ന വേറെ ഏത് ഇടമുണ്ട് നിരത്തുകളല്ലാതെ ... ? 

ഞാന്‍ സുരക്ഷിതനാവണമെങ്കില്‍ എന്റെ വാഹനത്തിന്റെ ബ്രേക്ക് പ്രവര്‍ത്തിച്ചാല്‍ മാത്രം പോരാ എന്റെ പുറകില്‍ നിന്ന് വരുന്ന വാഹനത്തിന്റെ ബ്രേക്കും പ്രവര്‍ത്തിക്കണം എന്ന സാമാന്യ തത്വം പലപ്പോഴും നാം മറന്നു പോകുന്നു ... 

പരസ്പരമുള്ള സഹകരണവും കരുതലും, സ്വന്തം സുരക്ഷക്ക് കൂടി വേണ്ടിയാണെന്ന്... ഞാന്‍ കണ്ടാല്‍ പോരാ എന്നെക്കൂടി കാണണമെന്ന്... ഞാന്‍ നിര്‍ത്തിയാല്‍ പോരാ പുറകിലുള്ളവനും നിര്‍ത്തണമെന്ന്...

കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് വൈകീട്ട് 6 മണി മുതല്‍ 8 മണിവരെയുള്ള സമയത്താണെന്ന് കണക്കുകള്‍ കാണിക്കുന്നു ഇതിലെ ഒരു പ്രധാന കാരണം കാഴ്ചയിലുണ്ടാകുന്ന വ്യത്യാസം മൂലമാണ്..

നമുക്ക് എല്ലാം കാണാം എന്നതാണ് ഹൈബീം ഇടുമ്പോള്‍ നാം കരുതുന്നത്, എന്നാല്‍ എതിരെ വരുന്നവന്റെ കാഴ്ച നഷ്ടം നമുക്ക് ഒരു അപകടസാധ്യതയാണ്, എല്ലാവരും നന്നായി റോഡ് കാണുമ്പോഴാണ് അപകടം ഒഴിവാകുന്നത്. എല്ലാ വാഹനത്തിലും നിശ്ചിത സ്റ്റാന്‍ഡേര്‍ഡ് ഉള്ള ലൈറ്റ് മാത്രം ഘടിപ്പിക്കുന്നത് അതുകൊണ്ടാണ് .....

അത് മാറ്റി തീവ്രമായ ലൈറ്റ് ഘടിപ്പിക്കുന്നതും,ഡിം ചെയ്യാത്തതും സ്വന്തം മരണത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്‌.

Content Highlightsl Motor Vehicle Department Awareness On Vehicle Headlight Use, High Beam and Low Beam