
പാലക്കാട്ടെ പനയംപാടത്ത് നാലു വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റോഡുസുരക്ഷയെക്കുറിച്ച് റോഡ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവുമായി നടത്തിയ അഭിമുഖം.
സംസ്ഥാനത്ത് അപകടങ്ങള്‍ ഗണ്യമായി വര്‍ധിക്കുകയാണ്. ആറു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ആലപ്പുഴ ദുരന്തത്തിന്റെ വേദന മാറുംമുമ്പാണ് പനയംപാടത്തെ സംഭവം...
കഴിഞ്ഞയാഴ്ച നടന്ന രണ്ട് അപകടങ്ങള്‍ക്കും ഒരു പൊതുസ്വഭാവമുണ്ട്- മഴ കഴിഞ്ഞ സമയത്തായിരുന്നു രണ്ടും. രണ്ടാമത്തെ അപകടസമയത്ത് മഴയുണ്ടായിരുന്നു. വണ്ടിയോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് ഒരു കണക്കുകൂട്ടലുണ്ടാവും- ഒരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്യണോ വേണ്ടയോ, വളവില്‍ താന്‍ എത്ര വലിയ കര്‍വാണെടുക്കേണ്ടത്, സ്പീഡ് എത്രയായിരിക്കണം, കാലാവസ്ഥയനുസരിച്ച് സ്പീഡില്‍ എന്ത് മാറ്റം വരുത്തണം, സ്പീഡ് എടുക്കുമ്പോള്‍ വണ്ടി തെന്നാന്‍ ചാന്‍സുണ്ടോ എന്നൊക്കെ. ഇതെല്ലാം ശരിക്കും ഡ്രൈവറുടെ കഴിവും അറിവുമായി ബന്ധപ്പെട്ടതാണ്.
പാലക്കാട് സംഭവം സംബന്ധിച്ച് ഞങ്ങള്‍ തെളിവ് ശേഖരിച്ചുവരികയാണ്. നീളമുള്ള ട്രെയിലറും ട്രക്കും പോലുള്ള വണ്ടികള്‍ വളവെടുക്കുമ്പോള്‍ വേണ്ട ഒരു സാമര്‍ത്ഥ്യത്തിന്റെ കുറവ് ഇവിടെ കാണുന്നുണ്ട്. നീളം കൂടിയ വാഹനങ്ങള്‍ക്ക് പെട്ടെന്ന് വളവ് എടുക്കാന്‍ പറ്റുന്ന റോഡല്ല അത്. വലിയ വളവുള്ള സ്ഥലത്ത് റോഡ് വീതി കൂട്ടിയാല്‍ അപകടസാധ്യത കുറയും.
പനയംപാടത്ത് അപകടങ്ങള്‍ പതിവാണ്. പരിഹാരത്തിന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്ദേശിക്കുന്നത്
മൂന്നുകാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. 1. വളവിനു വീതി കൂട്ടുക, 2. റോഡിന്റെ ഉപരിതലത്തിന് ഘര്‍ഷണം (പിടിത്തം) കൂട്ടുക, 3. വാഹനങ്ങളുടെ വേഗം കുറയ്ക്കാനായി റോഡില്‍ പതിപ്പിച്ചിട്ടുള്ള പൊക്കമുള്ള വരകള്‍ക്കു (റംബ്ള്‍ സ്ട്രിപ്സ്) സമീപം പ്രകാശം പ്രതിഫലിപ്പിക്കുന്ന കട്ടകള്‍ (റിഫ്ലക്ടീവ് സ്ട്രട്ട്സ്) വെക്കുക എന്നിവ.
സംസ്ഥാനത്ത് അപകടങ്ങള്‍ കുറയ്ക്കാന്‍ വകുപ്പ് കൈക്കൊള്ളുന്ന നടപടികള്‍
അപകടങ്ങള്‍ ഉണ്ടാകുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ഡ്രൈവറാണ്. റോഡിന്റെ അവസ്ഥ, കാലാവസ്ഥ, ഒരു പരിധിവരെ വാഹനങ്ങളുടെ അവസ്ഥ (വാഹനത്തിന്റെ വലിപ്പം ലോഡ്, പവര്‍ തുടങ്ങിയ കാര്യങ്ങള്‍) എന്നിവ നമുക്ക് മാറ്റാന്‍ കഴിയാത്തതാണ്. അതിനാല്‍ ഡ്രൈവര്‍മാരുടെ പരിശീലനവും ബോധവല്‍ക്കരണവും അപകടനിരക്ക് കുറച്ചുകൊണ്ടുവരുന്നതില്‍ വളരെ പ്രധാനമാണ്. അതിന് ദീര്‍ഘകാല, ഹ്രസ്വകാല പരിപാടികള്‍ അവിഷ്‌കരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്
ദീര്‍ഘകാല പരിപാടി: സംസ്ഥാന, ദേശീയപാതകളുടെ വശങ്ങളിലായി ഓരോ 200 കിലോമീറ്ററിലും പാതയോര സൗകര്യങ്ങളുണ്ടാക്കണം- ടോയ്ലറ്റും ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്ക് ഡോര്‍മിറ്ററിയും പരിശീലന ഹാളും അമിനിറ്റി സെന്ററുകളില്‍ വേണം. ഇവയുണ്ടെങ്കില്‍ ഡ്രൈവര്‍മാര്‍ വണ്ടി പാര്‍ക്ക് ചെയ്തു വിശ്രമിക്കുന്നിടത്ത് പരിശീലനം നല്‍കാനാകും. സ്ഥിരമായി ലോറി പോകുന്ന റൂട്ടുകളില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടെങ്കില്‍ പത്തോ ഇരുപതോ ഡ്രൈവര്‍മാര്‍ ആകുമ്പോള്‍ പരിശീലന ക്ലാസ് നടത്താനാകും. വരാനിരിക്കുന്ന 200 കിലോമീറ്റര്‍ യാത്രയില്‍ പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍, എടുക്കേണ്ട മുന്‍കരുതലുകള്‍, ബ്ലാക്ക് സ്പോട്ടുകളെത്ര തുടങ്ങിയ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയൊക്കെ പറഞ്ഞു കൊടുക്കാനാകും.
ഹ്രസ്വകാല പരിപാടി: സ്ഥിരമായി യാത്ര പോകുന്ന ലോറി ഡ്രൈവര്‍മാര്‍, അവരുടെ റൂട്ടുകള്‍ എന്നിവ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നു. ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനോ ഡ്രൈവേഴ്സ് അസോസിയേഷനോ വഴി വിവരങ്ങള്‍ സ്വീകരിച്ച ശേഷം അതാതിടങ്ങളില്‍ വച്ച് പരിശീലനം കൊടുക്കും. അപകട വീഡിയോകള്‍ കാണിച്ചു കൊടുത്ത് ഓരോ സ്ഥലത്തിന്റെയും പ്രത്യേകത എന്താണ്, അപകടങ്ങളില്‍ ജഡ്ജ്മെന്റ് തെറ്റുന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കി കൊടുക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയധികം വളവുകള്‍ കൂടിയ റോഡുകളാണ് നമ്മുടെ നാട്ടില്‍, അതു മാറ്റാനാവില്ല. നിയന്ത്രിക്കാനാവുന്ന ഏകകാര്യം ഡ്രൈവര്‍മാരുടെ മനോഭാവം, കഴിവ്, അറിവ് എന്നിവ മെച്ചപ്പെടുത്തുകയാണ്. ഡ്രൈവര്‍മാരുടെ കണക്കുകൂട്ടല്‍ കൃത്യമായാല്‍ അപകടങ്ങള്‍ ഗണ്യമായി കുറയും.
നിര്‍ബന്ധിത തെറ്റുതിരുത്തല്‍ പരിശീലനം: വാഹനമോടിക്കുന്നതില്‍ വലിയ പിഴവ് വരുത്തുന്ന ഡ്രൈവര്‍മാര്‍ക്കും പതിവായി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും അഞ്ചു ദിവസത്തെ തെറ്റുതിരുത്തല്‍ പരിശീലനം നമ്മള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് എടപ്പാളിലെ നമ്മുടെ പ്രധാന പരിശീലന കേന്ദ്രത്തിലും കൊച്ചിയിലെ എസ്.സി.എം.എസിലെ റീജണല്‍ ട്രെയിനിങ് സെന്ററിലും. കഴിഞ്ഞ മാസം ആരംഭിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ പരിശീലനം തങ്ങളില്‍ വലിയ മാറ്റം ഉണ്ടാക്കിയെന്നാണ് പറയുന്നത്.
വര്‍ഷം തോറും ഏതാണ്ട് 40,000 അപകടങ്ങള്‍, നാലായിരത്തോളമെത്തുന്ന മരണങ്ങള്‍. ഇതു കുറയ്ക്കണ്ടേ...
നേരത്തേ പറഞ്ഞതു പോലുള്ള പദ്ധതികളിലൂടെ 2028 ആവുമ്പോഴേയ്ക്കും അപകടങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാനും 2040-ഓടെ അപകട മരണം ഇല്ലാതാക്കാനും ഉദ്ദേശിക്കുന്ന പദ്ധതി തയ്യാറാക്കുകയാണ്. മിഷന്‍ സീറോ 2040 എന്നാണ് പേര്.
അപകടങ്ങളില്‍ നമ്മുടെ മോശം അടിസ്ഥാന സൗകര്യങ്ങള്‍ക്കും പങ്കുണ്ടല്ലോ
റോഡ് നല്ലതാവുമ്പോഴും ചിലപ്പോള്‍ അപകടം കൂടാം, കാരണം നല്ല റോഡുകളില്‍ പാലിക്കേണ്ട റോഡു സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ്. നല്ല റോഡ് മാത്രം പോര, ആ റോഡിന് നല്ല സൗകര്യങ്ങളും വേണം. പാര്‍ക്കിങ്ങിനും മറ്റും വണ്ടി മാറ്റിനിര്‍ത്താനുള്ള ബേ ഉണ്ടോ, ബസ്റ്റാന്‍ഡ് അല്ലെങ്കില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് പോലുള്ളവ ഹൈവേയിലെ തിരക്കിന് കാരണമാകുന്നുണ്ടോ, എന്നിവയും എന്‍ജിനീയറിങ് പ്രശ്നങ്ങളും പരിഗണിക്കണം. ലഭ്യമായ ഭൂമിയും വിഭവങ്ങളും വെച്ച് നോക്കിയാല്‍ നമ്മുടെ റോഡുകള്‍ നല്ലത് തന്നെയാണ്.
അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം, വശത്തെ തറനിരപ്പിനും റോഡിനും ഇടയ്ക്കുള്ള ഉയരക്കൂടുതല്‍ പോലുള്ള പ്രശ്നങ്ങള്‍
ചില സ്ഥലങ്ങളില്‍ റോഡ് എന്‍ജിനീയറിങ് പ്രശ്നങ്ങളുണ്ട്, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങള്‍ പ്രകാരമല്ലാത്ത നിര്‍മാണങ്ങളുമുണ്ട്. എല്ലായിടത്തും സംരക്ഷണം വേണ്ടതാണ്. റോഡ് സംബന്ധമായ ആസൂത്രണത്തിലും സ്ഥലമെടുപ്പിലുമൊക്കെ റോഡിന്റെ അലൈന്‍മെന്റും പാതയോരസൗകര്യങ്ങളും കണക്കിലെടുക്കണം. പൂര്‍ത്തിയാക്കാത്ത കാര്യങ്ങള്‍ക്ക് കരാറുകാര്‍ ഉത്തരവാദികളായിരിക്കണം. സാമാന്യബോധമില്ലാതെ റോഡു നിര്‍മ്മിക്കുന്ന കരാറുകാരെ ഉദ്യോഗസ്ഥര്‍ വെറുതെ വിടാന്‍ പാടില്ല.
റോഡിന്റെ ഇടതുവശത്തെ കൈയേറ്റം, ഫുട്ട്പാത്ത് കയ്യേറ്റം, ബാരിക്കേഡ് വച്ച് അടയ്ക്കല്‍ തുടങ്ങിയവ
വലിയ നഗരങ്ങളിലും പട്ടണങ്ങളിലും ആണ് ഈ പ്രശ്നം കൂടുതല്‍. പൊതുനിരത്തുകളില്‍ തടസ്സം ഉണ്ടാകാന്‍ പാടില്ല. ബാരിക്കേഡ് വെച്ച് ഫുട്ട്പാത്ത് തടസ്സപ്പെടുത്താന്‍ പാടില്ല. ഈയിടെ റോഡരികിലെ പോസ്റ്ററുകള്‍ മാറ്റിയതുപോലെ കയ്യേറ്റങ്ങള്‍ എല്ലാം മാറ്റേണ്ടതാണ്. കടകളൊക്കെ ദിവസം ഓരോ ഇഞ്ചു വെച്ചു മുന്നോട്ട് വന്ന് ഒടുവില്‍ ഫുട്പാത്തുകളില്‍ കാല്‍നടയായി പോകാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും. ഇവിടെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ രാഷ്ട്രീയപരവും നിയമപരവുമായ പ്രശ്നം ഉള്‍പ്പെട്ടിരിക്കുന്നു.
സ്ട്രീറ്റ് വെന്‍േഡഴ്സ് ആക്ട് എന്ന നിയമം അതനുസരിച്ച് ചെറു കച്ചവടക്കാരെ ഉപദ്രവിക്കാന്‍ പാടില്ല, അവരെ മാറ്റണമെങ്കില്‍ മറ്റൊരു സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കണം. അതിനുള്ള സ്ഥലങ്ങള്‍ വേണ്ടത്ര കണ്ടെത്താന്‍ കഴിയാത്തത് വലിയ പ്രശ്നമാണ്. ഈ നിയമത്തെ മുതലെടുക്കുന്നവരും അത് രാഷ്ട്രീയവല്‍ക്കരിക്കുന്നവരും ഉണ്ട്. നടപടി എടുക്കുമ്പോള്‍ ദയവു വേണം, നിയമം നടപ്പാക്കുകയും വേണം.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമം തുടര്‍ച്ചയായി നടത്തണം. ഫുട്പാത്ത് കയ്യേറ്റം ഒരു നിശ്ചിതപരിധി കടന്നാല്‍ ശിക്ഷിക്കപ്പെടണം. പിഴ അല്ലെങ്കില്‍ കട എടുത്തു മാറ്റല്‍. എല്ലാ തദ്ദേശഭരണ സംവിധാനങ്ങളുടെയും സഹായത്തോടെ, പോലീസ് സംരക്ഷണത്തോടെ വേണം ഇത്തരത്തിലെ കടകള്‍ നീക്കം ചെയ്യാന്‍. കൊച്ചിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്നപ്പോള്‍ ഞാന്‍ കയ്യേറ്റങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു സമിതി ഉണ്ടാക്കി. ഒന്നര മീറ്റര്‍ വീതി ഫുട്പാത്തിന് ഉറപ്പാക്കാന്‍ വേണ്ടി ഞാന്‍ ചില ഭാഗങ്ങളില്‍ വര വരച്ചിരുന്നു. അത് മറികടക്കാന്‍ പാടില്ല. ഇപ്പോഴും ആ വരയുണ്ടവിടെ.
കൈയേറ്റം ഒഴിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്‍കൈയെടുക്കുമോ?
ഡിപ്പാര്‍ട്ട്മെന്റിന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള ശക്തിയോ ആള്‍ബലമോ വിഭവങ്ങളോ ഇല്ല. അത് ചെയ്യേണ്ടത് അതത് തദ്ദേശഭരണ സംവിധാനങ്ങള്‍ക്കാണ്.
നമ്മുടെ റോഡുകളുടെ വലിയ പ്രശ്നങ്ങളിലൊന്ന് ശരിയായ ചൂണ്ടുപലകകളും മുന്നറിയിപ്പു ഹോര്‍ഡുകളും ഇല്ലാത്തതാണ്. ഉണ്ടെങ്കില്‍ തന്നെ കാണുന്നിടത്താവില്ല അവ സ്ഥാപിച്ചിട്ടുള്ളത്. ഇത്തരം സൈനേജ് പ്രശ്നങ്ങളെ പറ്റി...
നമ്മുടെ റോഡുകളില്‍ സൈനേജ് ബോര്‍ഡുകളുടെ വലിയ കുറവുണ്ട്. റോഡ് നിര്‍മ്മാണം വളരെ സമഗ്രമായിരിക്കണം. മീതേ ടാറിട്ടു പോകുന്നതു മാത്രമല്ല റോഡ് നിര്‍മാണം. പാതയോര സൗകര്യങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍, റോഡിനു വേണ്ടുന്ന മറ്റ് സാമഗ്രികള്‍, സൈനേജുകള്‍ ഇതെല്ലാം അതിന്റെ ഭാഗമാണ്. കാല്‍നടയാത്രക്കാര്‍ മുതലുള്ള എല്ലാ യാത്രക്കാര്‍ക്കും ഇടതടവില്ലാതെ യാത്ര ചെയ്യാനും സുഗമമായി സൈനേജുകള്‍ നോക്കി ലക്ഷ്യസ്ഥാനത്ത് എത്താനും കഴിയണം. നാം നല്ലതും സമ്പൂര്‍ണ്ണവുമായ റോഡുകളില്‍ നിക്ഷേപം നടത്തണം.
അപകടത്തില്‍ പെടുന്നവയില്‍ ഫിറ്റ്നസില്ലാത്ത വാഹനങ്ങള്‍ കൂടുതലാണ്
വാഹനത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ, നിത്യേന ആള്‍ക്കാരെ കൊണ്ടുപോകുന്ന ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക്, അതായത് മഞ്ഞ ബോര്‍ഡ് വച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ഫിറ്റ്നസ് മാനദണ്ഡങ്ങള്‍ ബാധകമായിട്ടുള്ളത്. അവര്‍ക്ക് ആദ്യത്തെ എട്ടുവര്‍ഷം വരെ രണ്ടുവര്‍ഷം കൂടുമ്പോള്‍ ഫിറ്റ്നസ് എടുക്കണം, അതു കഴിഞ്ഞാല്‍ ഓരോ വര്‍ഷവും അതു വേണം. പക്ഷേ സ്വകാര്യ വാഹനങ്ങള്‍ക്ക്- വെള്ള ബോര്‍ഡ്- ഇത്തരം ചട്ടങ്ങള്‍ ഇല്ല. ആലപ്പുഴയില്‍ അപകടത്തില്‍ പെട്ടത് സ്വകാര്യ വാഹനമായിരുന്നു. അതുകൊണ്ടാണ് കാര്‍ വാടകയ്ക്ക് കൊടുക്കുന്നത് നിയമവിരുദ്ധമായിരിക്കുന്നത്.
Content Highlights: Interview with kerala transport commissioner CH Nagaraju
Published: 14 Dec 2024, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented