സൗന്ദര്യത്തിന്റെ അഴകളവുകളെല്ലാം ഒത്തുചേരുന്നതാണ് കൊറിയക്കാരുടെ വണ്ടികള്‍. അത് 'ഹ്യുണ്ടായ്' ആയാലും 'കിയ' ആയാലും. സൗന്ദര്യവും മികവും അവയില്‍ ഒത്തുചേരുന്നു... പറഞ്ഞുവരുന്നത് ഹ്യുണ്ടായുടെ കോംപാക്ട് സെഡാനായ 'ഓറ'യെക്കുറിച്ചാണ്. ഒരു വര്‍ഷത്തോളമാകുന്നു ഓറയെ ആദ്യം ടെസ്റ്റ്ഡ്രൈവ് ചെയ്തിട്ട്. ഇപ്പോള്‍ പുതിയ ടര്‍ബോ എന്‍ജിനുമായി കരുത്തേറ്റിയെത്തിയപ്പോഴാണ് രണ്ടാമതും കൈയില്‍ കിട്ടിയത്. കാഴ്ചയില്‍ വലിയ മാറ്റവുമില്ല. നിയോസില്‍ നിന്ന് കടമെടുത്ത ഡിസൈന്‍ പാറ്റേണും പ്ലാറ്റ്ഫോമും തന്നെ. 'എക്‌സെന്റ്' എന്ന, നാലു മീറ്ററില്‍ താഴെയുള്ള സെഡാനെ മാറ്റിയാണ് ഓറ വന്നത്.

To advertise here,

ടര്‍ബോ കരുത്ത്

ടര്‍ബോ എന്‍ജിനായതിനാല്‍ അതിനെക്കുറിച്ചാവാം ആദ്യം. ഹ്യുണ്ടായിയുടെ ടര്‍ബോ എന്‍ജിന്‍ ആദ്യം തന്നെ മികവു തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ ടി.ജി.ഡി. ഐ എന്‍ജിനാണ് ഓറയുടെ ടര്‍ബോ ശക്തി. ഇത് നമ്മള്‍ 'വെന്യു'വിലും കണ്ടിട്ടുണ്ട്. എന്നാല്‍, ഇതില്‍ ടോര്‍ക്ക് അല്‍പ്പം കുറവാണ്. എന്നിട്ടും ഓറയുടെ കുതിപ്പിന് കുറവൊന്നുമില്ല. വണ്ടി കൂടുതല്‍ സ്മൂത്തായിട്ടുണ്ട്. നഗരപാതകളില്‍ ഓവര്‍ടേക്കിങ് ഒരു പ്രശ്‌നമേ ആവുന്നില്ല. പെട്ടെന്ന് കുതിക്കാനുള്ള കഴിവാണ് പുതിയ ഓറയെ വ്യത്യസ്തനാക്കുന്നത്. ഉള്ളിലേക്ക് ശബ്ദമെത്തുന്നില്ല. കൂടുതല്‍ വേഗമെടുക്കുമ്പോള്‍ വിറയ്ക്കുന്നില്ല.

സ്മൂത്ത് ട്രാന്‍സ്മിഷന്‍

ട്രാന്‍സ്മിഷന്റെ കാര്യത്തിലും ചോദ്യചിഹ്നത്തിന്റെ ആവശ്യമില്ല. കാരണം, അഞ്ച് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ അത്രയും സ്മൂത്താണ്. വേരിയന്റുകള്‍ പലവിധമുണ്ടെങ്കിലും എസ്.എക്‌സ്. പ്ലസ് എന്ന ഒറ്റ മോഡലിലേ ടര്‍ബോ വരുന്നുള്ളു. ടോപ്പ് വേരിയന്റാണിത്. മറ്റു മോഡലിനേക്കാള്‍ ആകെയുള്ള വ്യത്യാസം മുന്നിലെ ചിരിച്ചിരിക്കുന്ന കാസ്‌കേഡ് ഗ്രില്ലില്‍ ടര്‍ബോ എന്ന ബാഡ്ജിങ് വന്നിട്ടുണ്ട് എന്നതാണ്.

അകം പുറം

ഉള്ളിലാകട്ടെ കറുപ്പണിഞ്ഞ സീറ്റിലും ഡാഷ്ബോര്‍ഡിലും ചുവന്ന ലൈനിങ്ങ് വന്നിട്ടുണ്ട് എന്നതാണ്. ഒതുങ്ങിയ കാറാണ് ഓറ. ഹ്യുണ്ടായുടെ സ്ഥിരം ഫോര്‍മാറ്റായ ഫ്‌ലുയിഡിക് ഡിസൈന്‍ തന്നെ. പറയുകയാണെങ്കില്‍ നിയോസിന്റെ ചേട്ടനായി വരും. മുന്നിലെ ഗ്രില്‍ മുതല്‍ ആ ഛായ തുടങ്ങും. കറുത്ത ഗ്രില്ലിന് വശങ്ങളില്‍ ത്രികോണാകൃതിയിലുള്ള ഡി.ആര്‍.എല്‍., ബോണറ്റിലെ ലൈനിങ്ങുകള്‍, ഗ്രില്ലിന് സമീപം പ്രത്യേകമായി ഒരുക്കിയ ഫോഗ് ലാമ്പ് എന്നിങ്ങനെയാണ് മുന്‍ഭാഗം. 

വശങ്ങളില്‍ നിന്ന് നോക്കിയാല്‍ എക്‌സെന്റിന്റെ ബോഡിലൈനിങ്ങാണ് ശ്രദ്ധയില്‍ വരുന്നത്. ബി പില്ലറും സി പില്ലറും കറുപ്പിച്ചിട്ടുണ്ട്. പിന്‍ഭാഗത്തെ കാഴ്ചയിലാണ് ഇതൊരു ഹ്യുണ്ടായ് കാറാണോ എന്നു തോന്നിക്കുന്ന മാറ്റം. വശങ്ങളില്‍ നിന്ന് തുടങ്ങിയ ഡിക്കിലൂടെ നീണ്ടു കിടക്കുന്നതാണ് ടെയില്‍ലാമ്പ് ക്ലസ്റ്റര്‍. വലിയ ഹ്യുണ്ടായ് ലോഗോയും പുതിയ ട്രെന്‍ഡായ ഓറയെന്ന വലിയ ബാഡ്ജിങ്ങും ഡിക്കിയില്‍ കാണാം.

ഉള്ളില്‍ ആവശ്യത്തിന് സൗകര്യമുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കും ആയാസരഹിതമായി ഇരിക്കാന്‍ കഴിയും. എട്ട് ഇഞ്ച് ഓഡിയോ-വീഡിയോ നാവിഗേഷന്‍ ടച്ച് സ്‌ക്രീനാണ് ഡാഷ്ബോര്‍ഡില്‍ മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നത്. ആര്‍ക്കമീസ് പ്രീമിയം സൗണ്ട് സിസ്റ്റം വാഹനത്തെ സംഗീതസാന്ദ്രമാക്കും. സെന്‍ട്രല്‍ കണ്‍സോള്‍ ലളിതമാണ്. പ്രധാനമായും ഓട്ടോമാറ്റിക് എ.സി. കണ്‍േട്രാള്‍ യൂണിറ്റേ ഇതിലുള്ളു. ബാക്കിയെല്ലാം ടച്ച് സ്‌ക്രീനിലാണ്.

വില

8.55 ലക്ഷം മുതലാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ചെറിയൊരു കുടുംബത്തിന് അത്യാവശ്യം കരുത്തുള്ള ഒരു വാഹമായി ഓറയെ പരിഗണിക്കാവുന്നതാണ്.

Specifications

  • Engine: 1.0 L Kappa Turbo GDi
  • Engine Displacement 998cc
  • Max Power 98.63bhp@6000rpm
  • Max Torque 171.6nm@1500-4000rpm
  • Length (mm) 3995
  • Width (mm) 1680
  • Height (mm) 1520
  • Boot Space (Litres) 402

Content Highlights: Hyundai Aura Turbo Engine Model Test Drive Review