നിലവിലുള്ള ഡയറക്ട്-ടു-കൺസ്യൂമർ (ഡി2സി) റീട്ടെയിൽ മാതൃക അടുമുടി മാറ്റാൻ ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഓല ഇലക്ട്രിക്. കമ്പനി നേരിട്ട് നടത്തുന്ന സ്റ്റോറുകൾ വഴി ഓർഡറുകൾ സ്വീകരിക്കുന്നത് നവംബർ 1 മുതൽ കമ്പനി നിർത്തിവെച്ചു. നിലവിലുള്ള ശൃംഖലയിൽ പരിമിതമായ ഔട്ട്‌ലെറ്റുകൾ മാത്രം നിലനിർത്തിക്കൊണ്ട് ബാക്കിയുള്ളവ 2026 ഡിസംബറോടെ അടച്ചുപൂട്ടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു.

To advertise here,

കമ്പനി സ്റ്റോർ മാതൃകയിൽ നിന്ന് ഡീലർഷിപ്പ് മുഖേനയുള്ള വിതരണ ശൃംഖലയിലേക്ക് മാറിത്തുടങ്ങിയതായി ഓല ചീഫ് ഫിനാൻഷ്യൽ ഓഫീസർ ദീപക് രസ്‌തോഗി ഓട്ടോകാർ ഇന്ത്യയോട് പറഞ്ഞു. ഇത്തരത്തിലുള്ള ആദ്യത്തെ ഡീലർഷിപ്പ് സെപ്റ്റംബർ 4-ന് പ്രവർത്തനക്ഷമമായിക്കഴിഞ്ഞു.

പുതുതായി തുറക്കുന്ന 319 സ്റ്റോറുകൾ നടത്തുന്നതിനായി 255 ഡീലർമാരെ ഓല കണ്ടെത്തിയിട്ടുണ്ട്. 2026 ഡിസംബറോടെ 450 സ്റ്റോറുകളും, തുടർന്ന് 2027 മാർച്ചിനകം 700-ലധികം ഔട്ട്‌ലെറ്റുകളുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

തന്ത്രം മാറ്റുന്നതിന് പിന്നിലെന്ത്?

പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതും അധിക മൂലധനം കണ്ടെത്തുന്നതും അടക്കമുള്ള ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് ഓല വിതരണ തന്ത്രം മാറ്റുന്നത്. റീട്ടെയിൽ വിൽപ്പനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം ഡീലർമാരിലേക്ക് മാറ്റാനാണ് നീക്കം. ഇത് കമ്പനിയുടെ മൊത്ത ലാഭവിഹിതത്തെബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ റീട്ടെയിൽ പ്രവർത്തനച്ചെലവ് കുറയുന്നതിനനുസരിച്ച് ലാഭം മെച്ചപ്പെടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

റീട്ടെയിൽ തന്ത്രം മാറ്റുന്നതിനൊപ്പം വാഹന ഉത്പാദനം വർധിപ്പിക്കാനും ഓല ലക്ഷ്യമിടുന്നുണ്ട്. ചാർജറുകൾ ലഭ്യമല്ലാത്തതിനാൽ സെപ്റ്റംബർ മുതൽ ഏകദേശം 5,000 വാഹനങ്ങളുടെ വിതരണം വൈകിയിട്ടുണ്ടെന്ന് കമ്പനി പറയുന്നുു. ഉത്പദനം വർധിപ്പിക്കുക എന്നതിനാണ് കമ്പനി നിലവിൽ മുൻഗണന നൽകുന്നത്. എന്നാൽ. ഡീലർഷിപ്പ് മോഡലിലേക്കുള്ള മാറ്റം വിശാലമായ ഒരു ബിസിനസ്സ് മാറ്റത്തിന്റെ ഭാഗമാണ്. പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിലും ഉത്പാദനം വർദ്ധിപ്പിക്കുന്നതിലുമാണ് ഈ തന്ത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.