വാഹനാപകടങ്ങളില്‍ നല്ലൊരു പങ്കിലും വില്ലനാവുന്നത് ഡ്രൈവറുടെ ഉറക്കമാണ്. ഈ പ്രശ്‌നത്തിന് നൂതന പരിഹാരവുമായി മോട്ടോര്‍ വാഹന വകുപ്പ്. കുസാറ്റില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ പാര്‍ട്ട് ടൈം ആയി ബി.ടെക് പഠിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. 'ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റക്ഷന്‍ ആന്‍ഡ് ഫേറ്റല്‍ ആക്‌സിഡന്റ് പ്രിവന്‍ഷന്‍ സിസ്റ്റം' എന്നു പേരിട്ട സംവിധാനം സിഗ്‌നല്‍ വഴി ഡ്രൈവര്‍മാരെയും യാത്രക്കാരെയും ഉണര്‍ത്തും. പിന്നീട് വാഹനം പതിയെ നില്‍ക്കുന്ന സംവിധാനമാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

അവസാന വര്‍ഷ പ്രൊജക്ട് ആയി കുസാറ്റ് അധികൃതരുടെ മുന്നില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ സമര്‍പ്പിക്കുകയും ചെയ്തു. സാങ്കേതിക വിദ്യയുടെ പേറ്റന്റ് എടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതോടൊപ്പം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അജിത്കുമാര്‍, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ഗതാഗത മന്ത്രി ആന്റണി രാജുവിന് മുന്‍പാകെ ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചു. ചെലവു കുറഞ്ഞ രീതിയില്‍ എല്ലാത്തരം വാഹനങ്ങളിലും ഘടിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സി.ഡി. അരുണ്‍, എ. നൗഫല്‍, എന്‍.കെ. ദീപു, പി.വി. വിജേഷ്, അസി. ഇന്‍സ്‌പെക്ടര്‍മാരായ വി.വി. വിനീത്, എസ്. രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്. കുസാറ്റിലെ അസി. െപ്രാഫസര്‍ ഡോ. എസ്. ജയേഷ് ആണ് പ്രൊജക്ട് ഗൈഡ്. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിഭാഗം ഹെഡ് പ്രൊഫ. ഡോ. എം.ആര്‍. രാധാകൃഷ്ണ പണിക്കര്‍, കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ഡോ. ജേക്കബ് ഏലിയാസ് എന്നിവരും പിന്തുണയേകി.

കണ്ടുപിടിത്തതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് സദ്സേവന പുരസ്‌കാരം നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. പോലുള്ള, രാത്രിയോടുന്ന വാഹനങ്ങളില്‍ ഘടിപ്പിച്ചാല്‍ വാഹനാപകടങ്ങള്‍ വലിയതോതില്‍ കുറയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

പ്രവര്‍ത്തനം ഇങ്ങനെ...

വാഹനമോടിക്കുമ്പോള്‍ ഡ്രൈവറുടെ മുഖഭാവങ്ങള്‍ വിശകലനം ചെയ്ത് ഉറക്കത്തിലേക്ക് വഴുതിവീഴുകയാണോ എന്ന് മനസ്സിലാക്കി ഡ്രൈവറെയും യാത്രക്കാരെയും ജാഗരൂകരാക്കുന്ന, ചുവന്ന വെളിച്ചമുള്ള അലാറം മുഴങ്ങും. ഈ മുന്നറിയിപ്പ് ലഭിച്ചിട്ടും ഉറങ്ങുകയാണെങ്കില്‍ റോഡിലെ മറ്റു വാഹനങ്ങള്‍ക്ക് ഈ വാഹനം അപകടത്തിലേക്ക് പോവുകയാണെന്ന് മുന്നറിയിപ്പ് നല്‍കുന്ന ഹസാര്‍ഡ് വാണിങ് ലാമ്പ്, ഇതോടൊപ്പം ആക്‌സിലറേറ്ററിന്റെ പ്രവര്‍ത്തനം നിലയ്ക്കലും എന്‍ജിന്‍ എക്‌സോസ്റ്റ് ബ്രേക്ക് പ്രവര്‍ത്തന സജ്ജമാവലും വേഗം ക്രമാനുഗതമായി കുറഞ്ഞ് വാഹനം നില്‍ക്കലും കൂടാതെ എമര്‍ജന്‍സി ഡിസ്പ്ലേ തുടങ്ങിയ സംവിധാനങ്ങളുമാണ് ഇതിലുള്ളത്.

നൈറ്റ് വിഷന്‍ ക്യാമറ ഉപയോഗിച്ച് ഡ്രൈവറുടെ മുഖഭാവങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും അതില്‍ വരുന്ന മാറ്റങ്ങള്‍ സോഫ്റ്റ്വേര്‍ ഉപയോഗിച്ച് വിശകലനം ചെയ്ത ശേഷമാണ് ഡ്രൈവര്‍ ഉറക്കത്തിലേക്ക് പോകുകയാണോ എന്ന് മൈക്രോ കംപ്യൂട്ടറുകളുടെ സഹായത്തോടെ മനസ്സിലാക്കുന്നത്. ഈ സാങ്കേതിക സംവിധാനം മാരുതി 800 കാറില്‍ ഘടിപ്പിച്ചു ടെസ്റ്റ് ചെയ്തു വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

Content Highlights: Driver Drowsiness Detection And Fetal Accident Prevention System- Road Safety