
രാജ്യമാകെ സമ്പൂര്‍ണ ലോക്ഡൗണിലായ ഒരു ദിവസം. 'മാതൃഭൂമിന്യൂസ്' ചാനലില്‍ കൊല്ലത്തുനിന്നൊരു വാര്‍ത്ത. കുണ്ടറ വെള്ളിമണ്‍ ഓമനക്കുട്ടന്‍ പിള്ളയുടെ 'അയ്യപ്പന്‍' എന്ന ആനയ്ക്ക് കൊമ്പ് നീണ്ടുവളര്‍ന്നതിനാല്‍ ഭക്ഷണം കഴിക്കാനാകുന്നില്ല. കൊല്‍ക്കത്തയിലിരുന്ന് വാര്‍ത്തകണ്ട പശ്ചിമ ബംഗാള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉടന്‍ കൊച്ചിയില്‍ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ഹൈക്കോടതി ജസ്റ്റിസ് സി.ടി. രവികുമാറിനെ വിളിച്ചു. അയ്യപ്പന്റെ ദുരിതത്തിന് ഉടന്‍ പരിഹാരം കാണണം. അദ്ദേഹം കെല്‍സ മെമ്പര്‍ സെക്രട്ടറി ജില്ലാ ജഡ്ജ് കെ.ടി. നിസാര്‍ അഹമ്മദിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നെ എല്ലാം അതിവേഗം.
അയ്യപ്പന്റെ നീണ്ടുവളര്‍ന്ന കൊമ്പുമുറിക്കുകയാണ് പ്രശ്‌നപരിഹാരം. അതിനാളെ കണ്ടെത്തണം. കലൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന പൊറ്റക്കുഴി കണ്ണംമുറിപ്പറമ്പില്‍ വിനയകുമാറിലാണ് അന്വേഷണമെത്തിയത്. പിറ്റേന്നുരാവിലെ കെല്‍സ ഏര്‍പ്പെടുത്തിയ വാഹനത്തില്‍ കൊല്ലത്തെത്തി വിനയന്‍ അയ്യപ്പന്റെ കൊമ്പുമുറിച്ചു.
കലൂര്‍ സ്റ്റാന്‍ഡിലെ ഈ ഓട്ടോഡ്രൈവര്‍ കൊമ്പന്‍മാരുടെ 'മേയ്ക്കപ്പ് മാനാ'ണെന്ന് അറിയുന്നവര്‍ വിരളം. അഞ്ഞൂറോളം കൊമ്പന്മാരുടെ കൊമ്പുമുറിച്ച് സുന്ദരനാക്കിയിട്ടുണ്ട് ഈ അമ്പത്തിയഞ്ചുകാരന്‍. തിരുവിതാംകൂര്‍ ദേവസ്വത്തിന്റേതടക്കം ആനകളുടെ നീണ്ടുവളരുന്ന കൊമ്പുമുറിക്കുന്നത് വിനയനാണ്. കൊമ്പുമുറിച്ച് രാകിക്കൂര്‍പ്പിച്ച് സുന്ദരനാക്കും.
കണ്ണംമുറിപ്പറമ്പില്‍ പരേതനായ രാഘവന്റെയും രാജമ്മയുടെയും മകന്‍ പതിനാലാം വയസ്സില്‍ ആനകളോടൊപ്പം കൂടിയതാണ്. ആലപ്പുഴയില്‍ വെള്ളാപ്പള്ളി ചന്ദ്രശേഖരന്‍ എന്ന ആനയുടെ മുഖ്യപാപ്പാനായ മോഹനന്റെ സഹായായിത്തുടങ്ങി. പിന്നെ വൈക്കം കൃഷ്ണന്‍കുട്ടിയായി ആശാന്‍. നമ്പ്യാട്ട് ചന്ദ്രശേഖരന്‍, ഷേണായ് ചന്ദ്രശേഖരന്‍ തുടങ്ങിയ ഒട്ടേറെ ആനകളുടെ പാപ്പാനായി. ഇതിനിടെ ആനകളുടെ കൊമ്പിലും കൈവെച്ചുതുടങ്ങി. കൊമ്പുമുറിക്കലിനായി ഒട്ടേറെപ്പേര്‍ എത്തിത്തുടങ്ങിയതോടെ പാപ്പാന്‍ പണി അവസാനിപ്പിച്ചു. പിന്നെയാണ് ഓട്ടോഡ്രൈവറായത്.
കൊമ്പിനുമുണ്ട് അഴകളവുകള്‍
വാല്‍ക്കണ്ണില്‍നിന്ന് കൊമ്പ് പുറത്തേക്കുവരുന്ന ഭാഗംവരെ നീളമുള്ള കൊമ്പാണ് ലക്ഷണമൊത്തത്. അതിനാല്‍ ഈ അളവെടുത്ത് അതനുസരിച്ചാണ് മുറിക്കുന്നത്. ഓരോ ആനയ്ക്കും ഇത് വ്യത്യസ്തമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ കൊമ്പ് മുറിക്കുന്നതാണ് നല്ലത്. എറണാകുളം മുതല്‍ തിരുവനന്തപുരംവരെയുള്ള നാട്ടാനകള്‍ക്ക് വിനയനെ തിരിച്ചറിയാം. അതിനാല്‍ അവ അനുസരണയോടെ സുന്ദരന്മാരാകാന്‍ കിടക്കും. ബീനയാണ് വിനയന്റെ ഭാര്യ. അര്‍ജുന്‍, ആദിത് എന്നവരാണ് മക്കള്‍.
Published: 23 Jul 2020, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented