കൊച്ചി: ഏഴുമാസം നീണ്ട വിലക്ക് നീങ്ങിയതിന്റെ ആശ്വാസത്തിലാണ് ഉഷാ ബാബു. 27 വർഷമായി ഓട്ടോ ഓടിക്കുന്ന ഉഷയ്ക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുസമീപമുള്ള ഓട്ടോസ്റ്റാൻഡിലാണ് വിലക്ക് നേരിടേണ്ടിവന്നത്. സി.ഐ.ടി.യു. യൂണിയന്റെ നേതൃത്വത്തിൽ തന്നെ സ്റ്റാൻഡിൽനിന്ന് പുറത്താക്കുകയും അവഹേളിക്കുംവിധം പെരുമാറുകയും ചെയ്യുന്നു എന്ന ആരോപണവുമായാണ് ഉഷാ ബാബു രംഗത്തുവന്നത്.

To advertise here,

അതേസമയം യാത്രക്കാരിൽനിന്നും അമിതകൂലി വാങ്ങുന്നതടക്കമുള്ള പരാതികളാണ് ഇവർക്കെതിരേ സി.ഐ.ടി.യു. ഉന്നയിച്ചിരുന്നത്. സി.ഐ.ടി.യു. പോലീസിലടക്കം ഇതുസംബന്ധിച്ച് പരാതിയും നൽകിയിരുന്നു. സി.ഐ.ടി.യു. മെംബർഷിപ്പിൽ നിന്നും ഇവരെ പുറത്താക്കുകയും ചെയ്തു. തുടർന്ന് ഇവരെ പിന്തുണച്ച് ഐ.ടി.യു.സി. യൂണിയൻ രംഗത്തുവന്നു.

ഒടുവിൽ പോലീസിടപെട്ട് സി.ഐ.ടി.യു.-ഐ.ടി.യു.സി. യൂണിയൻ നേതാക്കളടക്കമുള്ളവരുമായി ചർച്ച നടത്തിയാണ് ഇവർക്ക് സ്റ്റാൻഡിൽ കയറുന്നതിനുള്ള വിലക്ക് ഒഴിവാക്കിയത്. ഉഷാ ബാബുവിനെ പിന്തുണച്ച് വെള്ളിയാഴ്ച സൗത്ത് റെയിൽവേ സ്റ്റേഷനുസമീപം എ.ഐ.ടി.യു.സി. പ്രതിഷേധസംഗമം നടത്തിയിരുന്നു. യൂണിയനിൽ ഇല്ലെന്നതിന്റെ പേരിൽ തൊഴിലെടുക്കുന്നവരെ നിഷേധിക്കുന്ന സാഹചര്യമാണിതെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ടി.സി. സൻജിത്ത് കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി സി.ഐ.ടി.യു.-ഐ.ടി.യു.സി. പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് ഇടപെട്ടാണിത് നിയന്ത്രിച്ചത്. തുടർന്നുനടന്ന ചർച്ചയിലാണ് വിലക്കുകളൊന്നുമില്ലാതെ ഉഷയ്ക്ക് ഓട്ടോ സർവീസ് നടത്തുന്നതിനുള്ള സാഹചര്യം ഒരുങ്ങിയത്.