കോട്ടയം: അതിപ്രധാന വ്യക്തികളുടെ വാഹനങ്ങള്‍ ഇത്ര വേഗം പോകുന്നതെന്തിന്. ജനത്തെ തടയുന്നതെന്തിന്. പൊതുജനങ്ങള്‍ ചോദിക്കുന്ന ചോദ്യമാണിത്. അകമ്പടി വാഹനങ്ങള്‍, അഗ്‌നിരക്ഷാവാഹനം, ആംബുലന്‍സ് എന്നിവയടങ്ങുന്ന വാഹനവ്യൂഹമാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടാവുക. മന്ത്രിമാര്‍ക്കൊപ്പം ഇവയില്ലെങ്കിലും വേഗത്തിന് കുറവില്ല.

To advertise here,

സുരക്ഷ പരിഗണിച്ചാണ് പോലീസ് അകമ്പടി ഒരുക്കുന്നത്. സര്‍ക്കാരിന്റെ ബ്ലൂബുക്ക് പ്രകാരം 80 കിലോമീറ്റര്‍ വേഗമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 32 വണ്ടികള്‍വരെ ഇതില്‍ ഉള്‍പ്പെടുമെന്ന് റോഡ് സുരക്ഷാ വിദഗ്ധനായ മുന്‍ ആര്‍.ടി.ഒ. പി.ഡി.സുനില്‍ ബാബു പറഞ്ഞു. സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു.

അതിപ്രധാന വ്യക്തികളുടെ യാത്രാവിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കാറുണ്ട്. ബദല്‍ റൂട്ടുകളും കണ്ടുവെയ്ക്കണം. പൈലറ്റ് വാഹനങ്ങളും പ്രധാനവ്യക്തിയുടെ വാഹനത്തിന്റെ അതേ ഭാഗത്ത് നില്‍ക്കണം,-അദ്ദേഹം പറയുന്നു.

റോഡിലെ മറ്റ് വാഹനങ്ങള്‍ ഏതാനും സമയത്തേക്ക് മാത്രമാണ് നിയന്ത്രിക്കുന്നതെന്നും മരുന്നുവാങ്ങാന്‍ വന്നവരെ തടയാന്‍ സര്‍ക്കാരോ, മന്ത്രിമാരോ നിര്‍ദേശിക്കാറില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മുഖ്യമന്ത്രിക്ക് അതിസുരക്ഷ വേണമെന്ന് ഉറപ്പാണെങ്കിലും മന്ത്രിമാര്‍ക്ക് മുഴുവന്‍ റോഡുനിയന്ത്രണവും അമിതവേഗവും എന്തിനാണെന്ന് ചോദിക്കുന്നവരുണ്ട്. വഴിയിലുള്ള മുഴുവന്‍ വാഹനങ്ങളുടെയും ഡ്രൈവര്‍മാരെ അകമ്പടി പോലീസ് ചീത്തപറഞ്ഞ് മാറ്റുന്ന കാഴ്ച കേരളത്തില്‍ കാണുന്നത് ലജ്ജാകരമാണെന്ന് പൊതുപ്രവര്‍ത്തകനായ ഗീവര്‍ഗീസ് തറയില്‍ പറയുന്നു.