ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ ഹോട്ട് ഹാച്ച് ബാക്ക് മോഡലായ ഗോള്‍ഫ് ജിടിഐ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. നിർത്തലാക്കിയ പോളോ ജിടിഐക്ക് ശേഷം ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണിത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്താണ് വാഹനം വിൽക്കുക. 53 ലക്ഷം രൂപയാണ് ഗോള്‍ഫ് ജിടിഐയുടെ വില (എക്സ്-ഷോറൂം). ഇതോടെ രാജ്യത്ത് നിലവിൽ വിൽക്കുന്ന ഏറ്റവും വിലയേറിയ ഫോക്‌സ്‌വാഗൻ മോഡലായി ഗോള്‍ഫ് മാറി.
ഇന്ത്യയിലേക്കെത്തുന്ന ആദ്യ ബാച്ചിൽ 150 യൂണിറ്റുകളാണ് ഉണ്ടാവുക. ഇവ മുഴുവൻ ഇതിനകം ബുക്കിങ്ങ് നേടിയെന്നാണ് റിപ്പോർട്ട്. ഡിമാൻഡ് അനുസരിച്ച് 100 ഗോൾഫ് ജിടിഐകൾ കൂടി കൊണ്ടുവരാൻ ബ്രാൻഡ് പദ്ധതിയിടുന്നതായി ഫോക്‌സ്‌വാഗൻ വക്താവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മേയ് അഞ്ചിനാണ് ഗോള്‍ഫ് ജിടിഐയുടെ ഔദ്യോഗിക ബുക്കിങ്ങ് ഫോക്‌സ്‌വാഗൻ ആരംഭിച്ചത്. ഓണ്‍ലൈൻ ആയിട്ടായിരുന്നു വാഹനം ബുക്കുചെയ്യാന്‍ അവസരം. വാഹനപ്രേമികൾ ഏറെനാളായി കാത്തിരുന്ന ഗോള്‍ഫ് ജിടിഐയുടെ ഹൈലൈറ്റുകൾ എന്തൊക്കെയാണെന്ന് അടുത്തറിയാം.
ഇന്റീരിയർ
സ്പോർട്സ് സീറ്റുകൾ, മുന്നിലെ സീറ്റുകളിൽ ചുവപ്പ് നിറത്തിൽ തുന്നിച്ചേർത്ത 'GTI' ബാഡ്ജ്, ലെതർ സ്റ്റിയറിങ്ങ് വീൽ, 12.9 ഇഞ്ച് ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ചാറ്റ് ജിപിടി പിന്തുണയ്ക്കുന്ന വോയ്‌സ് കമാൻഡുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ്, വയർലെസ് ചാർജർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ, 30-കളർ ആംബിയന്റ് ലൈറ്റിങ്ങ്, വെന്റിലേറ്റഡ് മുൻസീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവ പ്രത്യേകതകളാണ്. കംഫർട്ട്, സ്പോർട്ട്, ഇക്കോ, ഇൻഡിവിജ്വൽ എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളുമുണ്ട്.
എക്സ്റ്റീരിയർ
സ്ലിം മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളാണ് സാധാരണ ഗോൾഫിൽനിന്ന് ജിടിഐയെ കൂടുതൽ വ്യത്യസ്തമാക്കുന്നത്. വൃത്താകൃതിയിലുള്ള ഫോഗ് ലൈറ്റുകൾക്ക് പകരം 'X' ആകൃതിയിലുള്ള എൽഇഡി ഫോഗ് ലൈറ്റുകളും കാണാം. ഡിസൈൻ സാധാരണ ഗോൾഫിന് സമാനമാണെങ്കിലും, ഗ്രൗണ്ട് ക്ലിയറൻസ് 136 മില്ലിമീറ്റർ കുറവാണ്. വലിയ 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണുള്ളത്. സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, ഷാർക്ക് ഫിൻ ആന്റിന, റൂഫ് സ്പോയിലർ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് എന്നിവ പ്രധാന സവിശേഷതകളാണ്. ഗ്രെനഡില്ല ബ്ലാക്ക്, കിങ്സ് റെഡ്, മൂൺസ്റ്റോൺ ഗ്രേ, ഓറിക്സ് വൈറ്റ് എന്നീ നാലു നിറങ്ങളിൽ വാഹനം സ്വന്തമാക്കാം.
എൻജിൻ
2.0 ലിറ്റർ, 4 സിലിണ്ടർ, ടർബോ-പെട്രോൾ എൻജിനാണ് വാഹനത്തെ ചലിപ്പിക്കുന്നത്. 265 എച്ച്പി കരുത്തും 370 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ആർ ലൈൻ എസ്.യു.വിയിലും ഇതേ ടിഎസ്ഐ എൻജിൻ ഉപയോഗിക്കുന്നുണ്ട്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്. ഇലക്ട്രോണിക്കലി കൺട്രോൾഡ് ഫ്രണ്ട്-ആക്സിൽ ഡിഫറൻഷ്യൽ ലോക്ക് സംവിധാനം ഈ ഹോട്ട് ഹാച്ചിന് ലഭിക്കുന്നുണ്ട്.
പൂജ്യത്തിൽനിന്ന് 100 കിലോ മീറ്റർ വേഗത കൈവരിക്കാൻ വേണ്ടതാകട്ടെ വെറും 5.9 സെക്കൻഡ് മാത്രമാണ്. പരമാവധി വേഗത മണിക്കൂറിൽ 250 കിലോ മീറ്ററാണ്. ഇന്ത്യയിലെ പ്രധാന എതിരാളികളിൽ ഒന്നായ മിനി കൂപ്പർ എസിന് 100 കിലോ മീറ്റർ വേഗത കൈവരിക്കാൻ 6.6 സെക്കൻഡാണ് വേണ്ടത്. 242 കിലോ മീറ്ററാണ് ഉയർന്ന വേഗത.
സുരക്ഷ
ഏഴ് എയർബാഗുകൾ, റിയർ-വ്യൂ ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ്ങ് സിസ്റ്റം, ഓട്ടോ എമർജൻസി ബ്രേക്കിങ്ങ്, ലെയ്ൻ-ചേഞ്ച് അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട് തുടങ്ങിയ ഫീച്ചറുകളുള്ള ലെവൽ 2 ആഡാസ് സംവിധാനം എന്നിവയാണ് സുരക്ഷ കൈകാര്യം ചെയ്യുന്നത്.
Content Highlights: Volkswagen Golf GTI launched india
Published: 28 May 2025, 11:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented