ന്ത്യന്‍ വാഹന വിപണിയിലേക്ക് ചുവടുവയ്ക്കുന്ന വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റിന്റെ വാഹന നിര്‍മാണ പ്ലാന്റ് തമിഴ്‌നാട്ടില്‍ ആരംഭിച്ചു. തൂത്തുകുടി സിപ്‌കോട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ആരംഭിച്ച പ്ലാന്റിലായിരിക്കും ഇന്ത്യന്‍ നിരത്തുകളിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങള്‍ അസംബിള്‍ ചെയ്യുന്നത്. വിന്‍ഫാസ്റ്റിന്റെ മൂന്നാമത്തെ വാഹന നിര്‍മാണ ശാലയാണ് തമിഴ്‌നാട്ടില്‍ ആരംഭിച്ചിരിക്കുന്നത്. വിയറ്റ്‌നാമിന് പുറത്ത് ആദ്യത്തെ പ്ലാന്റുമാണ് ഇത്.

To advertise here,

400 ഏക്കര്‍ സ്ഥലത്താണ് വിന്‍ഫാസ്റ്റിന്റെ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലും സാങ്കേതികവിദ്യയിലുമാണ് ഈ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നത്. ഒന്നിലധികം ബോഡി ഷോപ്പ്, പെയ്ന്റ് ഷോപ്പ്, അസംബ്ലി ഷോപ്പ്, ക്വാളിറ്റി കണ്‍ട്രോള്‍ സെന്റര്‍, ലോജസ്റ്റിക്‌സ് ഹബ്ബ് എന്നിങ്ങനെ ഒന്നിലധികം വര്‍ക്ക്‌ഷോപ്പുകള്‍ ഉള്‍പ്പെടെയാണ് പ്ലാന്റ് ഒരുങ്ങിയിട്ടുള്ളത്. ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആരംഭിക്കുന്നതോടെ 3500 പേര്‍ക്ക് നേരിട്ട് ജോലി നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനി ഉറപ്പുനല്‍കുന്നത്. 

ആദ്യഘട്ടത്തില്‍ വിഎഫ് 6, വിഎഫ് 7 എന്നീ ഇലക്ട്രിക് എസ്‌യുവികളായിരിക്കും തമിഴ്‌നാട്ടിലെ പ്ലാന്റില്‍ നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 50,000 വാഹനങ്ങളാണ് നിലവില്‍ ഈ പ്ലാന്റിന്റെ നിര്‍മാണ ശേഷി. പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആകുന്നതോടെ ഇത് 1,50,000 യൂണിറ്റ് ആകുമെന്നാണ് വിന്‍ഫാസ്റ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിന്‍ഫാസ്റ്റ് വാഹനങ്ങള്‍ക്ക് വിപണിയുള്ള എല്ലാ രാജ്യങ്ങളിലേതും ചേര്‍ത്ത് ഈ വാഹനം രണ്ട് ലക്ഷം വാഹനങ്ങളുടെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലില്‍, വിന്‍ഫാസ്റ്റ് ഏഷ്യ സിഇഒ ഫാം സാന്‍ ചൗ എന്നിവര്‍ ചേര്‍ന്നാണ് അസംബ്ലി പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലെ പ്ലാന്റില്‍ ഒരുങ്ങിയ ആദ്യ വാഹനവും ഉദ്ഘാടനച്ചടങ്ങില്‍ പുറത്തിറക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലില്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വാഹനത്തില്‍ ഒപ്പുചാര്‍ത്തി. വിന്‍ഫാസ്റ്റിന്റെ വാഹന നിരയില്‍ വിഎഫ്7 എസ്‌യുവി ആയിരിക്കും ആദ്യം വിപണിയില്‍ എത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിന്‍ഫാസ്റ്റിന്റെ ആദ്യ ഷോറൂം ഗുജറാത്തിലെ സൂറത്തില്‍ ആരംഭിച്ചത്. ഇതിനുപിന്നാലെ തന്നെ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം ചെന്നൈയിലും ആരംഭിച്ചിരുന്നു. രാജ്യത്തെ 27 നഗരങ്ങളിലായി 32 ഡീലര്‍ഷിപ്പുകളാണ് ആരംഭിക്കുന്നതെന്നാണ് മുമ്പ് അറിയിച്ചത്. ഇന്ത്യയിലെ തന്നെ 13 മുന്‍നിര ഡീലര്‍മാരുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വിന്‍ഫാസ്റ്റിന്റെ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 35 ആയി ഉയര്‍ത്തുമെന്നും വിന്‍ഫാസ്റ്റ് ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.