നിരവധി കാറുകളുടെ ലോഞ്ചുകളാൽ സമ്പന്നമായിരുന്നു 2025-ന്റെ ആദ്യ അഞ്ചുമാസം. ജൂണിലും പ്രധാനപ്പെട്ട മോഡലുകൾ എത്തുന്നതോടെ ഈ വർഷത്തിന്റെ ആദ്യ പകുതി ഇന്ത്യൻ വാഹനവിപണിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാകും. ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡീസ് ബെൻസ്, ടാറ്റ എന്നീ ബ്രാൻഡുകളുടെ വാഹനങ്ങളാണ് ജൂണിലെ ശ്രദ്ധേയമായ ലോഞ്ചുകൾ. അവ ഏതെല്ലാമെന്ന് നോക്കാം. 

To advertise here,

ടാറ്റ  ഹാരിയര്‍ ഇ.വി
 
ഇ.വികളിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായായാണ് ഹാരിയര്‍ ഇ.വി. എത്തുന്നത്. 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയ ടാറ്റ ഹാരിയര്‍ ഇവി ജൂണ്‍ മൂന്നിന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു കമ്പനി നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ തീയതി മാറ്റിവെച്ചെന്നാണ് റിപ്പോർട്ട്. എങ്കിലും ജൂണിൽതന്നെ ഹാരിയർ ഇവിയുടെ അരങ്ങേറ്റം പ്രതീക്ഷിക്കാം. 

അവതരണത്തിന് മുന്നോടിയായി നിരവധി ടീസറുകള്‍ ഇതിനോടകം തന്നെ ടാറ്റ മോട്ടോഴ്‌സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം ഹാരിയർ ഇവിയുടെ ഓഫ് റേഡ് ശേഷി തെളിയിക്കുന്ന കിടിലൻ വീഡിയോ ടാറ്റ പുറത്തിറക്കിയിരുന്നു. ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചതാകട്ടെ കേരളത്തിലും. കുത്തനെയുള്ള മലയുടെ മുകളിലേക്ക് ഹാരിയർ ഇവി ഓടിച്ചുകയറ്റുന്നതായിരുന്നു ദൃശ്യങ്ങളിൽ. 

റെഗുലര്‍ ഹാരിയറിന്റെ തലയെടുപ്പിനൊപ്പം ഡിസൈനിലും കടമെടുത്താണ് ഇലക്ട്രിക് പതിപ്പും ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളുടേതായ സവിശേഷതകളും ഇതില്‍ നല്‍കുന്നുണ്ട്. ടാറ്റയുടെ മറ്റ് ഇലക്ട്രിക് മോഡലില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ ഒരുങ്ങും. ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ചും ഉറപ്പാക്കും. 

വെഹിക്കിള്‍ ടു ലോഡ്, വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിങ് തുടങ്ങിയ സംവിധാനങ്ങള്‍ ഹാരിയര്‍ ഇ.വിയില്‍ കൊണ്ടുവരുന്നുണ്ട്. സാധാരണ ഹാരിയർ, സഫാരി എന്നിവയിലേതുപോലെ തന്നെ 12.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള സെൻട്രൽ ടച്ച്‌സ്‌ക്രീനും, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും തന്നെയാണ് ഹാരിയർ ഇവി-യിലും ഉള്ളത്.  ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഇപ്പോഴും ടാറ്റ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പോലും 60 കിലോവാട്ടില്‍ അധികം ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഇതില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 

മെഴ്‌സിഡീസ് എഎംജി ജി63 കളക്ടേഴ്സ് എഡിഷൻ 
 
എ.എം.ജി. ജി63 എന്ന അത്യാഡംബര എസ്.യു.വിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലായാണിത്.  'ഇൻസ്പയർഡ് ബൈ ഇന്ത്യ' അല്ലെങ്കിൽ ഇന്ത്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രത്യേക പതിപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.  2023-ൽ എത്തിയ പ്രത്യേക പതിപ്പായ ഗ്രാൻഡ് എഡിഷന് ശേഷം, ഇന്ത്യയിൽ ലഭ്യമാകുന്ന എ.എം.ജി. ജി63 അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ സ്പെഷ്യൽ എഡിഷനായിരിക്കും കളക്ടേഴ്‌സ്‌ എഡിഷൻ. 

ജൂൺ 12-ന് വാഹനം ലോഞ്ച് ചെയ്യുമെന്നാണ് വിവരം. 2023-ലെ ഗ്രാൻഡ് എഡിഷൻ ഇന്ത്യ ഉൾപ്പെടെ ആഗോള വിപണികളിലെ ഉപഭോക്താക്കൾക്കായി പുറത്തിറക്കിയ പരിമിതമായ മോഡലായിരുന്നു. എന്നാൽ മറ്റ് വിപണികളിൽ സമാനമായ കളക്ടേഴ്‌സ്‌ എഡിഷൻ അവതരിപ്പിക്കില്ലെന്നാണ് മെഴ്സിഡസ് ഇന്ത്യ അറിയിക്കുന്നത്. 

സ്റ്റാൻഡേർഡ് G 63-നെ അപേക്ഷിച്ച് കളക്ടേഴ്‌സ്‌ എഡിഷന് ചില കോസ്മെറ്റിക് മാറ്റങ്ങളുണ്ട്. ബോഡി കളറിലുള്ള ബമ്പറുകളും ഫെൻഡർ എക്സ്റ്റൻഷനുകളും ഇതിൽ ഉൾപ്പെടുന്നു. ലൈറ്റ് ക്ലസ്റ്ററുകൾക്ക് ഡാർക്ക് ഫിനിഷ് നൽകിയിട്ടുണ്ട്. അലോയ് വീലുകൾക്ക് സ്റ്റാൻഡേർഡ് G 63-ന്റെ അതേ ഡിസൈനാണുള്ളത്. ഇന്റീരിയറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല.

സ്റ്റാൻഡേർഡ് മോഡലിൽനിന്ന് കളക്ടേഴ്‌സ്‌ എഡിഷന് കാര്യമായ മെക്കാനിക്കൽ അപ്‌ഡേറ്റുകൾ ലഭിക്കാൻ സാധ്യതയില്ല. നിലവിലുള്ള AMG 4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എൻജിനാകും ഈ സ്പെഷ്യൽ എഡിഷനും കരുത്തേകുക. ഇത് 577 ബിഎച്ച്പി പവറും 850 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 3.60 കോടി രൂപ (എക്സ്-ഷോറൂം) വിലയുള്ള സ്റ്റാൻഡേർഡ് G 63-യേക്കാൾ ഉയർന്ന വില കളക്ടേഴ്‌സ്‌ എഡിഷന് പ്രതീക്ഷിക്കാം.

മെഴ്‌സിഡീസ് ബെൻസ് എഎംജി ജിടി 63, പ്രോ

ഇന്ത്യയിലെ പെർഫോമൻസ് കാർ നിര പുതിയ എഎംജി ജിടി (AMG GT) രണ്ട് വേരിയന്റുകളോടെ മെഴ്‌സിഡീസ് ബെൻസ്  ഉടൻ ശക്തിപ്പെടുത്തും. സ്റ്റാൻഡേർഡ് 63 4Matic+ ഉം കൂടുതൽ കരുത്തുള്ള GT 63 Pro 4Matic+ ഉം ആണ് ഈ പുത്തൻ മോഡലുകൾ. രണ്ടാം തലമുറ എഎംജി ജിടി അതിന്റെ മുൻഗാമിയെക്കാൾ വലുതും കൂടുതൽ പ്രായോഗികവുമാണ്. ഇതിന് 2+2 സീറ്റിങ്ങ് ലേഔട്ട്, കൂടുതൽ ബൂട്ട് സ്പേസ്, കൂടുതൽ ആഡംബരംവും സാങ്കേതികവിദ്യയും നിറഞ്ഞ കാബിൻ എന്നിവയാണ് സവിശേഷത.

4.0 ലിറ്റർ ട്വിൻ-ടർബോ V8 എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 9-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനും ഓൾ-വീൽ ഡ്രൈവ് സംവിധാനവുമുണ്ട്. ജിടി 63യുടെ എൻജിൻ 585 എച്ച്പി കരുത്തും 800 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം ജിടി 63 പ്രോയിൽ  612 എച്ച്പിയും 850 എൻഎം ടോർക്കുമായി വർധിക്കുന്നു. പൂജ്യത്തിൽനിന്ന് നൂറ് കിലോമീറ്റർ വേ​ഗത കൈവരിക്കാൻ രണ്ടിനും 3.2 സെക്കൻഡ് മാത്രം മതി. ജിടി 63-ന് പരമാവധി വേഗത 315-ഉം പ്രോയ്ക്ക് 317-ഉം ആണ്.  മൂന്ന് കോടി രൂപയ്ക്ക് മുകളിൽ ഈ ആഡംബര കൂപ്പെ മോഡലിന് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.