
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയിലെ ഹൈബ്രിഡ് വാഹനം എത്തിച്ചതിന് തൊട്ടുപിന്നാലെ കൂടുതല്‍ പ്രകൃതി സൗഹാര്‍ദമായ വാഹനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കും കടന്നിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ട. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി ടൊയോട്ടയുടെ ഹാച്ച്ബാക്ക് മോഡലായ ഗ്ലാന്‍സയുടെ സി.എന്‍.ജി. പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. വൈകാതെ ഹൈറൈഡറിന്റെയും സി.എന്‍.ജി. മോഡല്‍ പ്രതീക്ഷിക്കാം.
ഗ്ലാന്‍സയുടെ എസ്, ജി എന്നീ വേരിയന്റുകളിലാണ് സി.എന്‍.ജി. പതിപ്പ് എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 8.43 ലക്ഷം രൂപയും 9.46 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഗ്ലാന്‍സ സി.എന്‍.ജിക്കൊപ്പം, ഹൈറൈഡറിന്റെ സി.എന്‍.ജി. പതിപ്പിന്റെയും ബുക്കിങ്ങ് ആരംഭിച്ചതായാണ് വിവരം. ഹൈറഡര് സി.എന്‍.ജിയുടെ വില പിന്നീട് പ്രഖ്യാപിക്കും. ഗ്ലാന്‍സയുടെ പെട്രോള്‍ പതിപ്പിനെക്കാള്‍ 95,000 രൂപ വരെ അധിക വിലയിലാണ് സി.എന്‍.ജി. മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
ഗ്ലാന്‍സ പെട്രോള്‍ മോഡലില്‍ കരുത്തേകുന്ന 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനാണ് സി.എന്‍.ജി. മോഡലിലും നല്‍കിയിട്ടുള്ളത്. ഇത് 76 ബി.എച്ച്.പി. പവറും 98.5 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനില് മാത്രമാണ് സി.എന്‍.ജി. മോഡല്‍ എത്തുന്നത്. ഇന്ധനക്ഷമതയാണ് സി.എന്‍.ജി. ഗ്ലാന്‍സയുടെ ഹൈലൈറ്റ്. ഒരു കിലോഗ്രാം സി.എന്‍.ജിയില്‍ 30.61 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.
വരവിനൊരുങ്ങിയിരിക്കുന്ന ഹൈറൈഡര്‍ സി.എന്‍.ജി. മോഡല്‍ എസ്, ജി എന്നീ വേരിയന്റുകളിലായിരിക്കും എത്തുന്നത്. ഈ വാഹനത്തിന്റെ നോണ്‍ ഹൈബ്രിഡ് മോഡലില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ നിയോഡ്രൈവ് എന്‍ജിനായിരിക്കും ഇതില്‍ നല്‍കുക. എന്നാല്‍, പവര്‍ ഔട്ട്പുട്ട് സംബന്ധിച്ച വിവരം ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. പെട്രോള്‍ എന്ജിന് 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലേയും ട്രാന്സ്മിഷന്. 26.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയും പ്രതീക്ഷിക്കാം.
സി.എന്‍.ജി. മോഡലിലേക്ക് മാറുന്നതോടെ ഡിസൈനിലും ഫീച്ചറുകളിലും മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം. റെഗുലര്‍ പെട്രോള്‍ പതിപ്പിലെ എസ്, ജി വേരിയന്റുകളില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ സി.എന്‍.ജി. പതിപ്പിലും സ്ഥാനം പിടിക്കും. പെട്രോള്‍ മോഡലിലുള്ള ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍ സി.എന്‍.ജി. മോഡലില്‍ നിന്നും നീക്കിയിട്ടുണ്ട്. സി.എന്‍.ജിയുടെ ടാങ്ക് നല്‍കുന്നതിന് അനുസരിച്ച് വാഹനത്തിന്റെ ബൂട്ട് സ്പേസിലും മാറ്റമുണ്ടായേക്കുമെന്നാണ് വിലയിരുത്തലുകള്‍.
Content Highlights: Toyota launches Glanza CNG Model in India, Toyota First CNG Model in India, Toyota Glanza CNG
Published: 12 Nov 2022, 12:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented