
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഗോള വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിനെ അട്ടിമറിച്ചാണ് ടൊയോട്ട ഒന്നാം സ്ഥാനത്ത് എത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ടൊയോട്ടയുടെ വില്‍പ്പനയില്‍ 11 ശതമാനം ഇടിവോടെയാണ് 2020-ല്‍ 95.28 ലക്ഷം വാഹനങ്ങള്‍ ടൊയോട്ട വിറ്റഴിച്ചത്.
അതേസമയം, ഫോക്‌സ്‌വാഗണിന്റെ മൊത്ത വില്‍പ്പനയില്‍ 15.2 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. 93.05 ലക്ഷം യൂണിറ്റാണ് 2020-ലെ ഫോക്‌സ്‌വാഗണിന്റെ ആകെ വില്‍പ്പന. ഔഡി, പോര്‍ഷെ തുടങ്ങിയ ഉപകമ്പനികളുടെ വില്‍പ്പന ഉള്‍പ്പെടെയാണിത്. ടൊയോട്ടയുടെ ബ്രാന്റിലുള്ള വാഹനങ്ങള്‍ക്ക് പുറമെ, അവരുടെ ഉപകമ്പനികളുടെ കൂടി വില്‍പ്പന പരിഗണിക്കുമ്പോള്‍ ആകെ വിറ്റഴിച്ച യൂണിറ്റുകളുടെ എണ്ണം 95.30 ലക്ഷത്തിലെത്തുന്നുണ്ട്.
കൊറോണ വൈറസ് വ്യാപനത്തോടെ ടൊയോട്ട ഏറെ പ്രതിസന്ധിയിലേക്ക് പോയിരുന്നു. എന്നാല്‍, ടൊയോട്ടയുടെ ഏറ്റവും പ്രധാന വിപണിയായ അമേരിക്ക, ചൈന എന്നിവിടങ്ങളിലെ വിപണി ഉണര്‍ന്നതോടെ ടൊയോട്ട വില്‍പ്പനയില്‍ മുന്നേറുകയായിരുന്നു. ടൊയോട്ട റേവ്4 എന്ന വാഹനമായിരുന്നു അമേരിക്കയിലെ ടോപ്പ് സെല്ലിങ്ങ് മോഡല്‍. യു.എസില്‍ വില്‍പ്പന ഉയര്‍ന്നതാണ് ഫോക്‌സ്‌വാഗണിനെ മറികടക്കാന്‍ ടൊയോട്ടയെ സഹായിച്ചത്.
ഫോക്‌സ്‌വാഗണ്‍ വാഹനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ളത് യൂറോപ്യന്‍ രാജ്യങ്ങളിലാണ്. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപനം ശക്തമാകുകയും ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തതോടെ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. യു.എസില്‍ ഫോക്‌സ്‌വാഗണിന്റെ വില്‍പ്പന 15 ശതമാനം ഇടിഞ്ഞപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വില്‍പ്പനയില്‍ 24 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.
ഇരുകമ്പനികളും തമ്മിലുള്ള പോരാട്ടം ഈ വര്‍ഷവും തുടരുമെന്നാണ് സൂചന. 2021-ലും മൊത്തവില്‍പ്പനയില്‍ മേധാവിത്വം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ. 2022 മുതല്‍ ടൊയോട്ടയ്ക്ക് മേല്‍ക്കൈ ഉണ്ടാകുമെന്ന് മുമ്പ് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ ഫോക്‌സ്‌വാഗണ്‍ ഈ വര്‍ഷം നേട്ടമുണ്ടാക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, ഏതാനും ചില രാജ്യങ്ങളില്‍ തുടരുന്ന നിയന്ത്രണം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയായേക്കും.
Content Highlights: Toyota Achieve First Position In Global Car Sale
Published: 30 Jan 2021, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented