വിദേശ രാജ്യങ്ങളിലെ പോലീസിന്റെ വാഹന വ്യൂഹങ്ങളിൽ ഒട്ടേറെ ആഡംബര കാറുകൾ നമ്മൾ കണ്ടിട്ടുണ്ട്. ദുബായ് പോലീസിന്റെ ഗാരേജിലുള്ള ലോട്ടസ് എലെട്രെ ആർ, ഇറ്റാലിയൻ പോലീസിന്റെ ലംബോർഗിനി ഉറൂസ് പെർഫോമന്റെ, ജപ്പാൻ പോലീസിന്റെ ലെക്സസ് എൽസി500, അബുദാബി പോലീസിന്റെ ലൈകാൻ ഹൈപ്പർസ്‌പോർട്ട്, യുകെ പോലീസിന്റെ റോൾസ് റോയ്സ് ഗോസ്റ്റ് എന്നിവ ഇവയിൽ ഏറ്റവും ശ്രദ്ധേയമായ ചില മോഡലുകളാണ്.
എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത് അമേരിക്കയിലെ ഫ്ലോറിഡ ഹൈവേ പട്രോൾ(എഫ്എച്ച്പി) ഡിപാർട്മെന്റ് സ്വന്തമാക്കിയ ഒരു വാഹനമാണ്. 2023 മോഡൽ ഷെവർലെ കോർവെറ്റ് സി8 സ്റ്റിൻഗ്രേ എന്ന കരുത്തനായ സ്പോർട്സ് കാറാണ് ആ താരം. വാഹനത്തിന്റെ ചിത്രങ്ങൾ ഫ്ലോറിഡ ഹൈവേ പട്രോൾ ഡിപാർട്മെന്റ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഒരു കുറ്റവാളിയിൽനിന്ന് പിടിച്ചെടുത്ത ഈ വാഹനം, പ്രത്യേക സ്റ്റിക്കറുകളും ലൈറ്റുകളും സഹിതം ഡിപ്പാർട്ട്‌മെന്റിന്റെ വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസി ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെയായിരുന്നു ഫ്ലോറിഡ ഹൈവേ പട്രോൾ വാഹനം പിടിച്ചെടുത്തത്.
കുറ്റവാളികൾക്ക് പിഴ ചുമത്തുന്നതിനും അത് പ്രിന്റ് ചെയ്ത് നൽകുന്നതിനും ആവശ്യമായ കിറ്റ് പട്രോൾ വിഭാഗം കാറിൽ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം, രണ്ട് സീറ്റുകൾ മാത്രമുള്ള ഈ വാഹനം പ്രതികളെ കൊണ്ടുപോകാൻ പര്യാപ്തമല്ല.
6.2 ലിറ്റർ LT2 V8 എഞ്ചിൻ ആണ് വാഹനത്തിന്റെ ഹൃദയം. 490 എച്ച്പി കരുത്തും 630 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. പൂജ്യത്തിൽനിന്ന് 96 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 9.6 സെക്കൻഡ് മാത്രമാണ്. പരമാവധി വേഗത മണിക്കൂറിൽ 312 കിലോമീറ്ററാണ്.
Content Highlights: This Police Department Inducts 490 HP Sportscar In Fleet
Published: 19 Apr 2025, 11:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented