
ചെറുപ്പംമുതലേ ബൈക്കുകളോടും കാറുകളോടും വലിയ താത്പര്യമായിരുന്നു മുഹ്‌സിന്. റേസിങ് ട്രാക്കുകളില്‍ ചീറിപ്പാഞ്ഞുപോകുന്ന മോട്ടോ ജി.പി. മത്സരങ്ങള്‍ കണ്ണിമ വെട്ടാതെ നോക്കിനിന്നു. ആ സ്വപ്നം വെറുതെയായില്ല. സ്വന്തമായി ഒരു ബൈക്ക് പോലുമില്ലാത്ത മുഹ്‌സിന്‍ ഹോണ്ട എന്ന ലോകോത്തര കമ്പനിയുടെ റൈഡറായി മാറി. ആതവനാട് കരിപ്പോള്‍ റാഹത്ത് നഗറിലെ പറമ്പന്‍ മുസ്തഫ-സക്കീന ദമ്പതിമാരുടെ മകനാണ് പറമ്പന്‍ മുഹ്‌സിന്‍.
പതിനെട്ട് തികയുംമുന്‍പേ ബൈക്ക് ഓടിക്കാന്‍ പഠിച്ച മുഹ്‌സിന് ആത്മവിശ്വാസമായിരുന്നു കൈമുതല്‍. ഹോണ്ട ഇന്ത്യ എന്ന കമ്പനി 18-ല്‍ താഴെ പ്രായമുള്ള, ബൈക്ക് ഓടിക്കാന്‍ അറിയാവുന്ന കുട്ടികളെ തിരഞ്ഞെടുക്കുന്നു എന്ന വാര്‍ത്ത വഴിത്തിരിവായി. ഇടത്തരം കുടുംബത്തില്‍ ജനിച്ച മുഹ്‌സിന് സ്വപ്നംകാണാന്‍പോലും പറ്റാത്തതായിരുന്നു ഈ വാര്‍ത്ത. എന്നാല്‍ സുഹൃത്തുക്കള്‍ എല്ലാ സൗകര്യവുമൊരുക്കി. രണ്ടും കല്‍പ്പിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം സെലക്ഷന്‍ നടക്കുന്ന കോയമ്പത്തൂരിലേക്ക് വെച്ചുപിടിച്ചു.
ക്യാമ്പിലുള്ളവരെല്ലാം വമ്പന്മാര്‍. അവരുടെ കൈയിലുള്ളത് അത്യാധുനിക ഹെല്‍മറ്റും ജാക്കറ്റും. മുഹ്‌സിന്റെ കൈയിലുള്ളതാകട്ടെ സ്‌കൂട്ടറിനൊപ്പം സൗജന്യമായി ലഭിച്ച സാധാരണ ഹെല്‍മറ്റും. ഏവരെയും അദ്ഭുതപ്പെടുത്തി മുഹ്‌സിന്‍ ആദ്യഘട്ട സെലക്ഷന്‍ നേടിയെടുത്തു.രണ്ടാംഘട്ടം ചെന്നൈയിലായിരുന്നു. അതിവേഗം ബൈക്ക് ഓടിക്കേണ്ടതിനാല്‍ ഡിലോക്ക് ഹെല്‍മറ്റ് എല്ലാവര്‍ക്കും നിര്‍ബന്ധം. മുഹ്‌സിന്‍ കൂട്ടുകാരുടെ പക്കലുള്ള മികച്ച ഹെല്‍മറ്റ് ധരിച്ചാണ് മത്സരത്തിനെത്തിയത്. അധികൃതര്‍ തടഞ്ഞു.
മുഹ്‌സിന്റെ സങ്കടം കണ്ട സെലക്ഷന്‍ കമ്മിറ്റിയിലെ ഒരാള്‍ തത്കാലം ഉപയോഗിക്കാന്‍ ഡി ലോക്ക് ഹെല്‍മറ്റ് നല്‍കി. 20 പേരാണ് ഫൈനല്‍ റൗണ്ടിലുണ്ടായിരുന്നത്. മുഹ്‌സിന്‍ അനായാസം സെലക്ഷന്‍ നേടിയെടുത്ത് ഹോണ്ട ടീമിന്റെ ഭാഗമായി. ടീമില്‍ മുഹ്‌സിന്‍ മാത്രമായിരുന്നു മലയാളി. ചാമ്പ്യന്‍ഷിപ്പ് നേടുക എന്നതായി പിന്നീട് ലക്ഷ്യം. മറ്റു താരങ്ങളെല്ലാം സ്വകാര്യമായി പരിശീലിക്കുന്നുണ്ട്. നാലുദിവസത്തെ പരിശീലനത്തിന് ഏതാണ്ട് 25,000 രൂപ ചെലവ് വരും.
ഇത്രയും വലിയ തുക സമാഹരിക്കാന്‍ മുഹ്‌സിന് സാധിച്ചില്ല. പരിശീലനമില്ലാതെത്തന്നെ, 2021-ല്‍ കാഞ്ചീപുരത്ത് നടന്ന ഇന്റര്‍നാഷണല്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ടയുടെ 2021 എന്‍.എസ്.എഫ്. 250 ആര്‍.ആര്‍. കാറ്റഗറിയില്‍ ആതവനാട്ടെ പയ്യന്‍ രണ്ടാമനായി. 32 കിലോമീറ്ററുള്ള എട്ട് ലാപ്പില്‍ 1.50 സെക്കന്റ് എടുത്താണ് റേസിങ് നടത്തിയത്. 1.49 സെക്കന്‍ഡിനു കുതിച്ച ചെന്നൈ സ്വദേശി ഒന്നാം സ്ഥാനം നേടി. അടുത്ത സീസണിലെ മുഹ്‌സിന്‍ പ്രതീക്ഷ തെറ്റിച്ചില്ല.
കഴിഞ്ഞദിവസം നടന്ന ഹോണ്ടയുടെ 2021 എന്‍.എസ്.എഫ്. 250 ആര്‍.ആര്‍. കാറ്റഗറിയില്‍ പുണെ സ്വദേശിയെ പിന്തള്ളി കിരീടം ചൂടി. 44 കിലോമീറ്ററുള്ള പത്ത് ലാപ്പില്‍ 14.7 സെക്കന്‍ഡിലാണ് റേസിങ് പൂര്‍ത്തിയാക്കിയത്. വളാഞ്ചേരി പുറമണ്ണൂര്‍ മജ്ലിസ് കോളേജിലെ രണ്ടാംവര്‍ഷ ബി.സി.എ. വിദ്യാര്‍ഥിയാണ് മുഹ്‌സിന്‍. ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ സ്ഥിരം സ്‌പോണ്‍സര്‍മാരെ തേടുകയാണ് താരം. അനസ്‌തേഷ്യ ടെക്‌നീഷ്യ മുബീന, വിദ്യാര്‍ഥികളായ മുര്‍ഷിദ്, മിന്‍ഹ എന്നിവര്‍ സഹോദരങ്ങളാണ്.
Content Highlights: The Story about malappuram native Muhsin become the honda Official rider, Honda Bike
Published: 09 Oct 2022, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented