ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. ഇന്ത്യയില്‍ എത്തിക്കുന്ന ഏറ്റവും പോപ്പുലര്‍ മോഡലായ ഫൈവ് സീരീസ് ലക്ഷ്വറി സെഡാന്റെ ലോങ് വീല്‍ ബേസ് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍ എന്‍ജിനില്‍ മാത്രമെത്തിയിട്ടുള്ള ഈ വാഹനത്തിന് 72.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ബി.എം.ഡബ്ല്യു. ഫൈവ് സീരീസിന്റെ എട്ടാം തലമുറ മോഡലാണ് ലോങ് വീല്‍ ബേസ് പതിപ്പായി എത്തിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

To advertise here,

വലിപ്പം കൂടിയതിനൊപ്പം ഫീച്ചറുകളിലും സ്റ്റൈലിലും ഏതാനും മാറ്റം വരുത്തിയാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്. 5165 എം.എം. നീളവും 2165 എം.എം. വീതിയും 1518 എം.എം. ഉയരത്തിനുമൊപ്പം 3105 എം.എം. എന്ന ഉയര്‍ന്ന വീല്‍ബേസുമായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഈ വാഹനം ഉള്‍പ്പെടുന്ന ശ്രേണിയിലെ ഏറ്റവും വലിയ കാര്‍ എന്ന ഖ്യാതിയാണ് ലോങ് വീല്‍ ബേസ് പതിപ്പിന്റെ വരവോടെ ഫൈവ് സീരീസിന് ലഭിച്ചിരിക്കുന്നത്. 

ബി.എം.ഡബ്ല്യുവിന്റെ 2.5 ബോക്‌സ് ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ചെരിവുള്ള എ-പില്ലര്‍, ഒഴുകിയിറങ്ങുന്ന റൂഫ് ലൈനും ചേര്‍ന്നതാണ് വാഹനത്തിന്റെ ആകെ രൂപം. തിളക്കമുള്ള ബി.എം.ഡബ്ല്യു. സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ല്, ബ്രോണ്‍സ് ഫിനീഷിങ്ങിലുള്ള ഇന്‍സേര്‍ട്ടുകള്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, നീളം കൂടിയ ബോണറ്റ് എന്നിവയാണ് മുന്‍ഭാഗത്തെ സവിശേഷത. ബ്രോണ്‍സ് നിറത്തിലുള്ള വിന്‍ഡോ ബോര്‍ഡറുകളും സി പില്ലറില്‍ 5 ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. പിന്‍ഭാഗം റെഗുലര്‍ മോഡലിന് സമമാണ്. 

സെവന്‍ സീരീസിലെ ഓര്‍മ്മപ്പെടുത്തുന്ന ഏതാനും ഫീച്ചറുകളാല്‍ സമ്പന്നമാണ് ഇന്റീരിയര്‍. കര്‍വ് ഷേപ്പില്‍ നല്‍കിയിട്ടുള്ള രണ്ട് സ്‌ക്രീനുകളാണ് ഇതില്‍ പ്രധാനം. ഇവ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് പ്രവര്‍ത്തിക്കുന്നു. ഹൈഡ് ചെയ്ത രീതിയിലാണ് എ.സി. വെന്റുകള്‍. ക്രിസ്റ്റര്‍ രൂപത്തില്‍ തീര്‍ത്തിരിക്കുന്ന ഷിഫ്റ്റ് സെലക്ടറും ഇന്‍ഫോടെയ്ന്‍മെന്റ് കണ്‍ട്രോള്‍ നോബുമാണ് മുന്‍നിരയിലെ സവിശേഷത. രണ്ടാം നിരയില്‍ മികച്ച സീറ്റുകളാണ് നല്‍കിയിട്ടുള്ളത്. ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളിന്റെ ഗുണം പിന്‍നിരയില്‍ ലഭിക്കുന്നുണ്ട്. വലിയ ഗ്ലാസ് റൂഫും ഇതിലെ ഹൈലൈറ്റാണ്. 

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇതിനൊപ്പം 48 വോള്‍ട്ട് ഹൈബ്രിഡ് സംവിധാനവും ഈ എന്‍ജിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 258 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. കേവലം 6.5 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. 15.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.