അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ വില്‍പ്പനയിലുണ്ടാകുന്ന തുടര്‍ച്ചയായ ഇടിവിനെ മറികടക്കാന്‍ നിര്‍മാതാക്കള്‍ കണ്ടെത്തിയ പ്രധാന മാര്‍ഗങ്ങളിലൊന്നായിരുന്നു ടെസ്‌ലയുടെ മേല്‍വിലാസത്തില്‍ വില കുറഞ്ഞൊരു കാര്‍ വിപണിയില്‍ എത്തിക്കുകയെന്നത്. നിലവില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള പതിപ്പായ മോഡല്‍ വൈ-യെ അടിസ്ഥാനമാക്കി വില കുറഞ്ഞ വാഹനം എത്തിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നതെങ്കിലും ഈ പദ്ധതി തത്കാലത്തേക്ക് ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

To advertise here,

ഇ41 എന്ന കോഡ്‌നെയിമില്‍ ടെസ്‌ലയുടെ വില കുറഞ്ഞ മോഡല്‍ നിര്‍മാണം ആരംഭിച്ചെന്നും ഈ വര്‍ഷം പകുതിയോടെ ഈ മോഡല്‍ വിപണിയില്‍ എത്തുമെന്നുമായിരുന്നു വിവരങ്ങള്‍. 2026 ആകുന്നതോടെ ഈ വാഹനത്തിന്റെ 2,50,000 യൂണിറ്റ് അമേരിക്കന്‍ വിപണിയില്‍ വിറ്റഴിക്കാനായിരുന്നു ടെസ്‌ലയുടെ പദ്ധതിയെന്നുമാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഈ വാഹനം നിര്‍മിക്കാനും ടെസ്‌ല പദ്ധതിയിട്ടിരുന്നു.

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഒരു പുതിയ മോഡല്‍ ടെസ്‌ല പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. കൂടുതല്‍ ആളുകള്‍ക്ക് താങ്ങാവുന്ന വിലയിലുള്ള ഒരു മോഡല്‍ എത്തിക്കണമെന്നത് ദീര്‍ഘകാലമായി ടെസ്‌ല നിക്ഷേപകരുടെയും ആരാധകരുടെയും ആവശ്യമായിരുന്നു. താരതമ്യേന വില കുറഞ്ഞ ഒരു മോഡല്‍ എത്തിക്കുന്നത് പുതിയ ഒരു വിഭാഗം ഉപയോക്താക്കളെ കൂടി കമ്പനിയിലേക്ക് അടുപ്പിക്കുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. ഇതോടെയാണ് മോഡല്‍ വൈ അടിസ്ഥാനമാക്കുള്ള വാഹനത്തിന്റെ നിര്‍മാണം പരിഗണിച്ചിരുന്നത്.

ടെസ്‌ല മോഡല്‍ വൈയെക്കാള്‍ 20 ശതമാനം വില കുറവിലും വലിപ്പം കുറച്ചുമായിരിക്കും ഇ41 നിര്‍മിക്കുകയെന്നായിരുന്നു പ്രഥമിക വിവരം. 2026-ഓടെ ഇ41 ചൈനയില്‍ അവതരിപ്പിക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ടെസ്‌ലയുടെ മറ്റൊരു വാഹനമായ മോഡല്‍ 3-യുടെ അടിസ്ഥാന പതിപ്പ് നിര്‍മിക്കാനുള്ള പദ്ധതികളിലാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്‌ലയുമായി ബന്ധപ്പെട്ട ആളുകള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, ഈ റിപ്പോര്‍ട്ടുകളോട് ടെസ്‌ല പ്രതികരിച്ചിട്ടില്ല. പുതിയ മോഡലുകള്‍ എത്തുന്നില്ലെന്നത് ടെസ്‌ലയുടെ വില്‍പ്പനയില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. 25,000 ഡോളറില്‍ താഴെ വിലയുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം ഒരുക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, റോബോടാക്‌സിയുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞതിന് പിന്നാലെ ഈ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. ട്രംപ് ഇപ്പോള്‍ ചുമത്തിയിട്ടുള്ള പകരച്ചുങ്കം ഉള്‍പ്പെടെയുള്ള വ്യാപാര നയങ്ങള്‍ ടെസ്‌ലയുടെ പദ്ധതികളെ ബാധിച്ചിരിക്കാമെന്നും സൂചനയുണ്ട്.

Source