ഇലക്ട്രിക് വാഹനങ്ങളിലെ അതികായരായി വിലസുമ്പോഴും ടെസ്‌ലയ്ക്ക് എല്ലാ കാലത്തും തലവേദന തീര്‍ക്കുന്ന ഒന്നാണ് ഓട്ടോപൈലറ്റ് സംവിധാനം. ഓട്ടോപൈലറ്റ് സംവിധാനത്തില്‍ വാഹനമോടിച്ച് ഉണ്ടായിട്ടുള്ള അപകടങ്ങളും ഇതിനുപിന്നാലെ നടപടികളുമെല്ലാം ടെസ്‌ല നേരിട്ടിട്ടുള്ളതാണ്. ഓട്ടോപൈലറ്റ് സംവിധാനത്തിലെ പോരായ്മയെ തുടര്‍ന്ന് 2019-ന് ശേഷം 956 അപകടങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് അമേരിക്കന്‍ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ കണക്ക്.

To advertise here,

ഒടുവില്‍ ഓട്ടോപൈലറ്റ് സംവിധാനത്തിലെ തകരാര്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് ടെസ്‌ല. ഇതിനായി അമേരിക്കയിലും കാനഡയിലുമായി 20 ലക്ഷത്തോളം വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഓട്ടോപൈലറ്റ് സംവിധാനത്തിലെ വീഴ്ചയുടെ അടിസ്ഥാനത്തിലുണ്ടായ അപകടങ്ങളെ തുടര്‍ന്നാണ് വാഹനങ്ങള്‍ പരിശോധിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. ടെസ്‌ലയില്‍ നല്‍കിയിട്ടുള്ള ഓട്ടോപൈലറ്റ് സംവിധാനം സുരക്ഷിതമല്ലെന്ന് ടെസ്‌ലയുടെ മുന്‍ ജീവനക്കാരന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 

2012 മുതല്‍ നിര്‍മിച്ചിട്ടുള്ളതും ഓട്ടോപൈലറ്റ് ഫീച്ചറുകള്‍ നല്‍കിയിട്ടുള്ള ടെസ്‌ലയുടെ മോഡല്‍ എസ്, മോഡല്‍ വൈ, മോഡല്‍ 3, മോഡല്‍ എക്‌സ് എന്നീ മോഡലുകളാണ് പരിശോധനയ്ക്കായി തിരിച്ചുവിളിച്ചിരിക്കുന്നത്. തിരിച്ചുവിളിക്കലെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും വാഹനം ഷോറൂമുകളില്‍ എത്തിക്കാതെ ഓവര്‍ ദി എയര്‍ സംവിധാനത്തിലൂടെ സോഫ്റ്റ്‌വെയറില്‍ ആവശ്യമായ അപ്‌ഡേഷനുകള്‍ വരുത്തുകയാണ് ചെയ്യുന്നതെന്നാണ് ടെസ്‌ല തിരിച്ചുവിളിക്കല്‍ അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്. 

ഓട്ടോ പൈലറ്റ് സംവിധാനം ആളുകള്‍ ദുരുപയോഗം ചെയ്യുന്നതാകാം അപകടങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഡ്രൈവര്‍ അസിസ്റ്റന്‍സിന് വേണ്ടിയാണ് ഓട്ടോപൈലറ്റ് എസ്.എ.ഇ. ലെവല്‍2 ഡ്രൈവിങ്ങ് ഓട്ടോമേഷന്‍ സിസ്റ്റം നല്‍കിയിരിക്കുന്നത്. എന്നാല്‍, വാഹനം തനിയെ ഓടുന്ന സംവിധാനമായി ഇതിനെ കണക്കാക്കുന്നതാണ് അപകടത്തിന് വഴിവെക്കുന്നത്. ഓട്ടോ പൈലറ്റ് സംവിധാനത്തിലും സ്റ്റിയറിങ്ങില്‍ കൈയും റോഡില്‍ കണ്ണും വേണമെന്ന് നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇത് പാലിക്കപ്പെടാത്തതാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്.

ഓട്ടോപൈലറ്റുമായി ബന്ധപ്പെട്ട അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയ്‌ക്കെതിരെ ക്രിമിനല്‍ അന്വേഷണത്തിന് അമേരിക്കയുടെ നീതിന്യായ വകുപ്പ് ഉത്തരവിട്ടിരുന്നു. അതേസമയം, ഓട്ടോപൈലറ്റ് സംവിധാനത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാകുവെന്നാണ് ടെസ്‌ല അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ടെസ്‌ലയുടെ മുന്‍ ജീവനക്കാരന്‍ ലുകാസ് ക്രുപ്‌സ്‌കിയുടെ വെളിപ്പെടുത്തലുകള്‍ ടെസ്‌ലയുടെ വാദങ്ങള്‍ തള്ളിക്കളയുന്നതാണ്.