ലോകമെമ്പാടും ആരാധകരുള്ള വാഹനമാണ് ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലായ ഡിഫന്‍ഡര്‍. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പേരില്‍ ഒരു ന്യൂജെന്‍ വാഹനമെത്തിയപ്പോള്‍ ഇരുകൈയും നീട്ടിയാണ് വാഹന വിപണി സ്വീകരിച്ചത്. ബ്രിട്ടീഷ് രക്തം സിരകളില്‍ പേറുന്ന വാഹനമാണെങ്കിലും ഈ ഡിഫന്‍ഡര്‍ നിര്‍മിക്കുന്ന ലാന്‍ഡ് റോവറിന്റെ ഉടമ നമ്മുടെ സ്വന്തം ടാറ്റ ഗ്രൂപ്പാണ്. ലാന്‍ഡ് റോവറിന്റെ ഇതേ പരമ്പര്യം ടാറ്റയും പിന്തുടരുകയാണ് സിയേറ എന്ന വാഹനത്തിന്റെ തിരിച്ചുവരവിലൂടെ. 

To advertise here,

ഇന്ത്യന്‍ ഡിഫന്‍ഡര്‍ എന്നാണ് വിദേശ മാധ്യമങ്ങള്‍ ടാറ്റയുടെ സിയേറയെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ അഭിപ്രായം. ഡിഫന്‍ഡറില്‍ നിന്നും മറ്റുചില റേഞ്ച് റോവര്‍ മോഡലുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഡിസൈന്‍ ശൈലി സിയേറയില്‍ കാണാനാകുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. സിയേറയുടെ ബോക്‌സി രൂപവും തലയെടുപ്പുമാണ് ഡിഫന്‍ഡറിന്റെ പേരിനൊപ്പം ഈ വാഹനത്തിന്റെ പേരും കൂട്ടിവായിക്കാന്‍ കാരണമെന്നാണ് വിലയിരുത്തലുകള്‍. 

വാഹനത്തിന്റെ ബോഡി സ്‌റ്റൈലിന് പുറമെ, ഫ്‌ളോട്ടിങ് റൂഫ് ഡിസൈന്‍, കറുപ്പ് നിറത്തില്‍ തീര്‍ത്തിരിക്കുന്ന എ,ബി,സി. പില്ലറുകള്‍, ഫ്‌ളഷ് ഡോര്‍ ഹാന്‍ഡില്‍, വ്യത്യസ്തമായ ക്ലാഡിങ്, സ്‌ക്വയറിഷ് വീല്‍ ആര്‍ച്ച് തുടങ്ങിയ ഫീച്ചറുകള്‍ റേഞ്ച് റോവറിന്റെ പല മോഡലുകളുമായി സമാനത പുലര്‍ത്തുന്നവയാണ്. റേഞ്ച് റോവര്‍ ഡിസൈനുകള്‍ക്കൊപ്പം 1991 മോഡല്‍ സിയേറയില്‍ നിന്നുള്ള ഏതാനും ഡിസൈനുകളും ഈ വാഹനത്തില്‍ കൊണ്ടുവരുന്നുണ്ടെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. 

ഇന്ത്യയിലെ വാഹനപ്രേമികളുടെ നൊസ്റ്റാള്‍ജിയയായ സിയേറ എന്ന എസ്‌യുവിയെ തിരിച്ചെത്തിക്കുമെന്ന് ഇക്കഴിഞ്ഞ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചത്. വെറും പ്രഖ്യാപനം മാത്രമായിരുന്നില്ല അത്. സിയേറ എന്ന വാഹനത്തിന്റെ കണ്‍സെപ്റ്റ് ഉള്‍പ്പെടെയാണ് ടാറ്റ ഇക്കാര്യം അറിയിച്ചത്. ഇലക്ട്രിക് വാഹനമായി സിയേറ എത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍, ഇന്റേണല്‍ കംബസ്റ്റ്യന്‍ എഞ്ചിന്‍ (ICE Engine) മോഡലാണ് വരുന്നതെന്നാണ് ടാറ്റയുടെ പുതിയ പ്രഖ്യാപനം. 

പുതിയ സിയേറയില്‍ സ്ഥാനം പിടിക്കുന്ന എന്‍ജിനുകളും മെക്കാനിക്കല്‍ സവിശേഷതകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, സൂചനകള്‍ അനുസരിച്ച് 170 എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 170 എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും നല്‍കുകയെന്നാണ് വിലയിരുത്തലുകള്‍. മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലും സിയേറ എത്തിയേക്കും.