ഇലക്ട്രിക് വാഹന നിരയിലെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിക്കുന്നതിനായി ഒരു വജ്രായുധം പ്രയോഗിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. പെട്രോൾ-ഡീസൽ എൻജിനുകളിൽ എത്തി നിരത്തുകളിൽ തരംഗമായ സിയേറ എന്ന ഐതിഹാസിക വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പാണ് ഈ വജ്രായുധം. ജൂൺ 30-ന് വിപണിയിൽ അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

To advertise here,

സിയേറ ഇലക്ട്രിക്കിന്റെ ഓഫ് റോഡ് ശേഷികൾ തെളിയിക്കുന്നതിനായി അബുദാബിയിലെ ടാൽ മോരീബ് മണൽപരപ്പിൽ നടത്തിയ പരീക്ഷണങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ വീഡിയോയിൽനിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഡ്രൈവിങ് റേഞ്ച് തന്നെയാണ് ഈ വീഡിയോയിൽ പ്രധാനമായും തെളിയുന്ന ഒന്ന്. 80 ശതമാനം ചാർജ് ബാറ്ററിയിൽ ശേഷിക്കുമ്പോൾ 424 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററിൽ തെളിയുന്നത്.

അതായത് 100 ശതമാനം ബാറ്ററി ചാർജ് ചെയ്താൽ 530 കിലോമീറ്ററോളം റേഞ്ച് ഈ വാഹനത്തിന് ലഭിച്ചേക്കുമെന്ന സൂചനയാണ് ഈ ദൃശ്യങ്ങൾ നൽകുന്നത്. എന്നാൽ, ടാറ്റ മോട്ടോഴ്‌സ് ഇതുവരെ ഈ വാഹനത്തിന്റെ റേഞ്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഹാരിയർ ഇവിയിൽ നൽകിയിരിക്കുന്നതിന് സമാനമായി വിവിധ ഡ്രൈവിങ് മോഡുകൾ സിയേറ ഇവിയിലുമുണ്ട്. സാൻഡ് മോഡിൽ വാഹനം ഒാടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഈ വാഹനത്തിന്റെ ഓഫ് റോഡ് കാര്യക്ഷമത വർധിപ്പിക്കുന്ന ബൂസ്റ്റ് മോഡലാണ് സിയേറ ഇവിയുടെ മറ്റൊരു പ്രധാന ആകർഷണം. വാഹനം കൂടുതൽ ഉയർന്ന പ്രദേശങ്ങൾ കീഴടക്കുന്നതിനുള്ള കാര്യക്ഷമത ഉറപ്പാക്കുന്നതിനായാണ് ഈ മോഡ് നൽകിയിരിക്കുന്നത്. ബൂസ്റ്റ് മോഡിൽ ഉയർന്ന പവർ-ടോർക്ക് ഡെലിവറിയാണ് പ്രധാനമായും ലഭിക്കുക. ഓഫ് റോഡ് ഡ്രൈവിങ്ങിലും ഓവർ ടേക്കിങ് പോലുള്ള സാഹചര്യത്തിലുമാണ് ബൂസ്റ്റ് മോഡ് കൂടുതൽ പ്രയോജനപ്പെടുക.

ഹാരിയറിൽ നൽകിയിരുന്ന ക്വാഡ് വിൽ ഡ്രൈവ് ഡ്യുവൽ മോട്ടോർ സംവിധാനം സിയേറ ഇവിയിലും നൽകുമെന്നതാണ് മറ്റൊരു വെളിപ്പെടുത്തൽ. മുന്നിലേയും പിന്നിലേയും മോട്ടോറുകളിൽനിന്നുള്ള റിയൽ ടൈം എനർജി ഫ്‌ളോയും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഏത് മോശം പ്രതലത്തിലും ഉയർന്ന ടോർക്ക് നൽകാനുള്ള സിയേറ ഇവിയുടെ ശേഷിയും വീഡിയോയിൽ കാണാം. മണൽ പോലുള്ള പ്രതലത്തിൽ ഉയർന്ന ട്രാക്ഷനും സ്റ്റെബിലിറ്റിയും ഈ വാഹനം ഉറപ്പാക്കും.

ഡിസൈൻ സംബന്ധിച്ചുള്ള വിവരങ്ങളും വാഹനത്തിന്റെ അകത്തളത്തിൽ ഒരുക്കിയിട്ടുള്ള ഫീച്ചറുകളും സംബന്ധിച്ച സൂചന നിർമാതാക്കൾ നേരത്തെ തന്നെ നൽകിയിരുന്നു. റെഗുലർ സിയേറയുമായി ഡിസൈൻ പങ്കിട്ടാണ് ഇലക്ട്രിക് പതിപ്പും എത്തുന്നത്. മൂന്ന് സ്‌ക്രീൻ ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്. എന്നാൽ, മെക്കാനിക്കൽ സംവിധാനങ്ങൾ അവതരണ വേളയിൽ മാത്രമേ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിക്കൂ.