ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഹാരിയര് ഇവിക്ക് താഴെയായിരിക്കും സിയേറ ഇലക്ട്രിക്കിന്റെ സ്ഥാനം.

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹന നിരയിലേക്ക് അടുത്തതായി എത്താനൊരുങ്ങുന്ന വാഹനം സിയേറ ഇ.വിയാണ്. പെട്രോൾ/ഡീസൽ എൻജിനുകളിൽ എത്തി നിരത്ത് കീഴടക്കിയതിന്റെ ആത്മവിശ്വാസംപേറിയെത്തുന്ന ഈ വാഹനം ജൂൺ 30-ന് വിപണിയിൽ അവതരിപ്പിക്കും. അവതരണത്തിന് മുന്നോടിയായി ആദ്യ ടീസർ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.
സിയേറ ICE പതിപ്പുമായി ഡിസൈൻ സമാനതകളുമായെത്തുന്ന വാഹനമാണ് സിയേറയുടെ ഇലക്ട്രിക്കും. എന്നാൽ, ക്ലോസ്ഡ് ഗ്രില്ല് ഉൾപ്പെടെ ഇലക്ട്രിക് വാഹനങ്ങളുടേതായ മാറ്റങ്ങൾ ഇലക്ട്രിക് പതിപ്പിൽ വരുത്തിയിട്ടുണ്ടെന്നാണ് ടീസർ ചിത്രം നൽകുന്ന സൂചന. ഹെഡ്‌ലാമ്പ് യൂണിറ്റ് ഉൾപ്പെടെയുള്ള ലൈറ്റുകളും ബമ്പറും ഉൾപ്പെടെ വെളിപ്പെടുത്തിയുള്ളതാണ് ടാറ്റ പുറത്തുവിട്ടിരിക്കുന്ന ടീസർ ചിത്രം.
ക്ലോസ്ഡ് ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, വീതിയേറിയ എൽഇഡി ഡിആർഎൽ, എന്നിവ ഇലക്ട്രിക്കിലും നൽകും. റെഗുലർ മോഡലിലെ അലോയി വീലുകൾക്ക് പകരം ഇവി സ്‌പെക് എയറോ വീലായിരിക്കും സിയേറ ഇ.വിയിൽ നൽകുക. ICE പതിപ്പുമായി ഇന്റീരിയർ ഫീച്ചറുകൾ പങ്കിട്ടായിരിക്കും സിയേറ ഇവിയും എത്തുക. ഉയർന്ന വേരിയന്റുകളിൽ മൂന്ന് സ്‌ക്രീനുകളും താഴ്ന്ന വേരിയന്റിൽ രണ്ട് സ്‌ക്രീനും ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇലക്ട്രിക് പതിപ്പിൽ നൽകും.
മെക്കാനിക്കൽ ഫീച്ചറുകൾ വെളിപ്പെടുത്താൻ നിർമാതാക്കൾ തയാറായിട്ടില്ല. അതേസമയം, സിംഗിൾ മോട്ടോർ റിയർ വീൽ ഡ്രൈവ്, ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് പതിപ്പുകളിൽ സിയേറ ഇവി ലഭ്യമായേക്കുമെന്നാണ് അഭ്യൂഹങ്ങൾ. ഒന്നിലധികം ബാറ്ററി പാക്ക് ഓപ്ഷനുകളിലും സിയേറയുടെ ഇലക്ട്രിക് പതിപ്പ് എത്തും. ഹാരിയറിലെ 65kWh, 75kWh ബാറ്ററി പാക്കുകളായിരിക്കും ഇതിൽ നൽകുകയെന്നും സൂചനയുണ്ട്.
നിലവിൽ ICE പതിപ്പായാണ് സിയേറ എത്തുന്നത്. സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലീഷ്ഡ്, അക്കംപ്ലീഷ്ഡ് പ്ലസ് എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ എത്തുന്ന സിയേറയ്ക്ക് 11.49 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 1.5 ലിറ്റർ ക്രെയോജെറ്റ് ഡീസൽ എൻജിനിലും 1.5 ലിറ്റർ ഹൈപ്പീരിയോൺ പെട്രോൾ എൻജിനിലുമാണ് ഈ മോഡൽ എത്തുന്നത്. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ എന്നിവയാണ് ഈ എൻജിനുകൾക്കൊപ്പം നൽകിയിട്ടുള്ള ട്രാൻസ്മിഷൻ.
ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഹാരിയർ ഇവിക്ക് താഴെയായിരിക്കും സിയേറ ഇലക്ട്രിക്കിന്റെ സ്ഥാനം. ഹ്യുണ്ടായിയുടെ ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ-വിത്താര, മഹീന്ദ്ര ബിഇ6 തുടങ്ങിയ വാഹനങ്ങളുമായായിരിക്കും സിയേറ ഇവി വിപണിയിൽ ഏറ്റുമുട്ടുക. ടാറ്റയുടെ സാനന്ദിലെ പ്ലാന്റിൽ റെഗുലർ സിയേറ വാഹനങ്ങൾക്കൊപ്പമായിരിക്കും ഇലക്ട്രിക് പതിപ്പുകളും നിർമിക്കുകയെന്നാണ് റിപ്പോർട്ട്.
Content Highlights: Official teaser released for the upcoming Tata Sierra EV., Launch scheduled for June 30., Features include closed grille, aero wheels, and multi-screen dashboard options., Expected to arrive with single-motor RWD and dual-motor AWD configurations., Likely to feature 65kWh and 75kWh battery pack options similar to Harrier EV.
Published: 20 Jun 2026, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented