ടാറ്റ മോട്ടോഴ്‌സിൽ മുഖംമിനുക്കലിന്റെ കാലമാണിത്. പഞ്ചിൽ തുടങ്ങിയ മുഖംമിനുക്കൽ പഞ്ച് ഇവിയിലേക്ക് എത്തുകയാണ്. ഫെബ്രുവരി 20-നാണ് പഞ്ച് ഇവിയുടെ പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിക്കുന്നത്. നിരത്തുകളിൽ എത്തുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ മൂടികെട്ടലുകൾ ഒന്നുമില്ലാതെ തന്നെ ഈ വാഹനം നിരത്തുകളിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങിയതിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇതൊന്നുമല്ല ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

To advertise here,

ടാറ്റ മോട്ടോഴ്‌സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു വീഡിയോയിൽ വാഹനത്തിന്റെ റേഞ്ച് എടുത്ത് കാണിക്കുന്നതാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 593 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് വീഡിയോ നൽകുന്ന സൂചന. ജയ്പൂർ മുതൽ ഉദയ്പൂർ വരെയുള്ള 400 കിലോമീറ്റർ ഡ്രൈവും ഇതിനുശേഷം വാഹനത്തിന്റെ ബാറ്ററിയിൽ അവശേഷിക്കുന്ന ചാർജും വെച്ചുള്ള കണക്കുകൂട്ടലാണ് വാഹനത്തിന്റെ റേഞ്ച് 600 കിലോമീറ്ററോളം എത്തുമെന്ന സൂചന നൽകുന്നത്.

ഫുൾ ചാർജുമായാണ് പുതിയ പഞ്ച് ഇവിയുടെ യാത്ര ആരംഭിച്ചത്. 200 കിലോമീറ്റർ പിന്നിട്ടതോടെ വാഹനത്തിൽ 67 ശതമാനം ചാർജ് അവശേഷിക്കുന്നുണ്ടെന്നാണ് കാണിക്കുന്നത്. 400 കിലോമീറ്റർ പിന്നിട്ട് ലക്ഷ്യസ്ഥാനമായ ഉദയ്പൂർ എത്തിയപ്പോഴും 34 കിലോമീറ്റർ ചാർജ് ബാറ്ററിയിൽ അവശേഷിക്കുന്നുണ്ട്. അതുമായി യാത്ര തുടരുകയും ഗുജറാത്തിലെ ഹിമാന്ത്‌നഗർ വരെ എത്തുകയും ചെയ്തു. 593.6 കിലോമീറ്ററാണ് പരീക്ഷണത്തിന് ഇറങ്ങിയ പഞ്ച് സിംഗിൾ ചാർജിൽ ഓടിയത്.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല. പുതിയ ബാറ്ററി പാക്ക് പഞ്ചിൽ നൽകിയിരിക്കാമെന്നാണ് വിലയിരുത്തൽ. അക്കാര്യത്തിലും ടാറ്റ വ്യക്തത വരുത്തിയിട്ടില്ല. ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന റേഞ്ച് ഉറപ്പാക്കാൻ പുതിയ പഞ്ചിന് സാധിച്ചാൽ ഈ സെഗ്മെന്റിൽ ഏറ്റവുമധികം റേഞ്ച് നൽകുന്ന വാഹനം എന്ന ഖ്യാതിയാണ് ടാറ്റ പഞ്ച് ഇവിയുടെ പുതിയ മോഡലിനെ കാത്തിരിക്കുന്നത്.

അതേസമയം, നിലവിലെ പഞ്ച് ഇവിയിൽ നൽകിയിരിക്കുന്ന ബാറ്ററി പാക്കിലും പുതിയ മോഡലിൽ എത്തിയേക്കുമെന്നാണ് വിവരം. ഒറ്റത്തവണ ചാർജിൽ 265 കിലോമീറ്റർ റേഞ്ച് ഉറപ്പാക്കുന്ന 25 കിലോവാട്ട് ബാറ്ററി പാക്കും 365 കിലോമീറ്റർ റേഞ്ച് നൽകുന്ന 35 കിലോവാട്ട് ബാറ്ററി പാക്കുമായിരുന്നു പഞ്ചിൽ നൽകിയിരുന്നത്. 25 കിലോവാട്ട് പതിപ്പിൽ 82 എച്ച്പി പവറും 114 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും 35 കിലോവാട്ട് പതിപ്പിൽ 122 എച്ച്പി പവറും 190 എൻഎം ടോർക്കുമേകുന്ന മോട്ടോറുമാണ് പ്രവർത്തിക്കുന്നത്.