2026 ഏപ്രിൽ-ജൂൺ പാദത്തിൽ പാസഞ്ചർ കാർ വിൽപ്പനയിൽ മഹീന്ദ്രയെ മറികടന്ന് ടാറ്റാ മോട്ടോഴ്സ് രണ്ടാമതെത്തി. ഈ കാലയളവിൽ ടാറ്റാ മോട്ടോഴ്സ് 1,87,953 പാസഞ്ചർ വാഹനങ്ങൾ വിറ്റു. മഹീന്ദ്ര 1,74,745 യൂണിറ്റും. കഴിഞ്ഞവർഷം ഇതേ കാലയളവിൽ മഹീന്ദ്ര 1,52,067 യൂണിറ്റുകൾ വിറ്റപ്പോൾ ടാറ്റാ മോട്ടോഴ്സിന് 1,29,396 യൂണിറ്റുകളായിരുന്നു വിൽപ്പന നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തത്തിൽ മഹീന്ദ്ര 6,60,276 യൂണിറ്റും ടാറ്റാ മോട്ടോഴ്സ് 6,51,261 യൂണിറ്റും വാഹനങ്ങളാണ് വിൽപ്പന നടത്തിയത്.

To advertise here,

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ കണക്കുകൾ പ്രകാരം 5,25,228 യൂണിറ്റുകളുടെ വിൽപ്പനയുമായി മാരുതി സുസുക്കി വിപണിയിൽ ഒന്നാംസ്ഥാനം നിലനിർത്തി. 1,39,374 യൂണിറ്റുകളുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയാണ് നാലാം സ്ഥാനത്ത്.

എസ്.യു.വി. വാഹനങ്ങളുടെ ആവശ്യം ഉയർന്നതാണ് ടാറ്റാ മോട്ടോഴ്സിന് ഗുണം ചെയ്തത്. 60,321 യൂണിറ്റുകളുമായി പഞ്ച് ആണ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ. 55,561 യൂണിറ്റുകളുമായി നെക്‌സോൺ തൊട്ടുപിന്നിലുണ്ട്.

മഹീന്ദ്രയുടെ കാര്യത്തിൽ സ്‌കോർപ്പിയോയാണ് പ്രധാന നേട്ടം കൈവരിച്ചത്. ഏപ്രിൽ-ജൂൺ പാദത്തിൽ 44,590 യൂണിറ്റുകളാണ് ആഭ്യന്തരവിപണിയിൽ വിറ്റഴിച്ചത്.

ജൂണിൽ ആഭ്യന്തര പാസഞ്ചർവാഹന വിൽപ്പന കഴിഞ്ഞ വർഷം ജൂണിലെ 3,12,851 യൂണിറ്റുകളിൽ നിന്ന് 24.1 ശതമാനം വർധനയോടെ 3,88,144 യൂണിറ്റുകളിലെത്തി. ഇരുചക്രവാഹനങ്ങളുടെ വിൽപ്പന 18.6 ശതമാനം ഉയർന്ന് 18,51,400 യൂണിറ്റുകളായി. മുച്ചക്രവാഹനങ്ങളുടെ വിൽപ്പന 26.1 ശതമാനം വർധിച്ച് 77,951 യൂണിറ്റുകളിലെത്തി.