ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി ടാറ്റ മോട്ടോഴ്‌സ് സ്വന്തമാക്കി കഴിഞ്ഞു. ടിയാഗോ മുതല്‍ നെക്‌സോണ്‍ വരെ നാല് ഇലക്ട്രിക് മോഡലുകളും ഇതിനോടകം നിരത്തുകളില്‍ എത്തുകയും അഞ്ചാമത്തെ മോഡലായി കര്‍വ് ഇ.വി. വിപണിയില്‍ എത്താനൊരുങ്ങുകയുമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായുള്ള ഷോറൂം എന്ന ആശയവും ടാറ്റ മോട്ടോഴ്‌സ് യാഥാര്‍ഥ്യമാക്കി കഴിഞ്ഞു. 

To advertise here,

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായുള്ള ആദ്യ ഷോറൂം ഗുഡ്ഗാവിലാണ് ടാറ്റ മോട്ടോഴ്‌സ് ആരംഭിച്ചത്. ടാറ്റ മോട്ടോഴ്‌സ് രണ്ടാമത്തെ ഇലക്ട്രിക് ഒണ്‍ലി ഷോറൂം ആരംഭിക്കുന്നത് കേരളത്തിലാണെന്ന് ടാറ്റ മോട്ടോഴ്‌സ് ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ വിവേക് ശ്രീവാസ്തവ അറിയിച്ചു.  സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളില്‍ ആരംഭിക്കുന്നതിന് മുമ്പ് രണ്ടാമത്തെ ഷോറൂം കേരളത്തില്‍ ആരംഭിക്കുന്നതിന് വ്യക്തമായ കാരണം ഉള്‍പ്പെടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

അടുത്ത ഒരു മാസത്തിലുള്ളില്‍ കേരളത്തില്‍ ഇലക്ട്രിക് കാറുകള്‍ക്ക് മാത്രമായുള്ള ടാറ്റയുടെ ഷോറൂം ആരംഭിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന മാര്‍ക്കറ്റ് ആണ് കേരളമെന്നും അതുകൊണ്ടാണ് പ്രാരംഭ ഘട്ടത്തില്‍ തന്നെ കേരളത്തില്‍ ഷോറൂം ആരംഭിക്കാന്‍ തീരുമാനിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്. ടാറ്റയുടെ കേരളത്തിലെ മൊത്തവില്‍പ്പനയുടെ 40 ശതമാവനും ഇലക്ട്രിക് വാഹനങ്ങളാണെന്നും വിവേക് ശ്രീവാസ്തവ പറഞ്ഞു. 

പുരോഗമന ചിന്താഗതിയുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രണ്ട് വര്‍ഷം മുന്നിലാണ്. ഇന്ന് കേരളത്തില്‍ ഉണ്ടാകുന്ന ഒരു മുന്നേറ്റം ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ എത്താന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും കഴിയും. ഇത് പലപ്പോഴായി ഞങ്ങള്‍ കണ്ടതും അനുഭവിച്ചിട്ടുള്ളതുമാണ്. മികച്ച ചാര്‍ജിങ്ങ് സംവിധാനങ്ങളാണ് കേരളത്തിലുള്ളത്. ഇതിനെല്ലാം പുറമെ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചേരുന്ന ഭൂപ്രകൃതിയും കേരളത്തിലുണ്ടെന്ന് വിവേക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. 

ഇലക്ട്രിക് വാഹനങ്ങളുടെ നിര വിശാലമാകുന്നതോടെ ഇവയ്ക്ക് മാത്രമായി ഷോറൂമുകള്‍ ആരംഭിക്കേണ്ട സാഹചര്യം ഉണ്ടാകും. നിലവില്‍ വിപണിയിലുള്ള മോഡലുകള്‍ക്ക് പുറമെ, ഏതാനും ഇ.വികള്‍ കൂടി വരവിനൊരുങ്ങുന്നുണ്ട്. ഇലക്ട്രിക്-ഐസ് എന്‍ജിന്‍ വാഹനങ്ങള്‍ ഒരുമിച്ച് വില്‍പ്പന ചെയ്യുന്നതിലൂടെ രണ്ട് വാഹനങ്ങളുടെയും വില്‍പ്പനയിലും വില്‍പ്പനാനന്ത സേവനങ്ങളിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരും. പ്രത്യേകം ഷോറൂമുകള്‍ തുറക്കുന്നതിലൂടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് വിവേക് ശ്രീവാസ്തവ പറയുന്നത്. 

ഇലക്ട്രിക് വാഹനങ്ങള്‍ കൂടി വരുന്നതിനുള്ള കാരണവും വിവേക് വിശദീകരിക്കുന്നുണ്ട്. എന്റെ കൈവശം ഒരു ഐസ് എന്‍ജിന്‍ വാഹനം ഉണ്ടായിരുന്നു. ഇതിനൊപ്പം ഇലക്ട്രിക് വാഹനം വില്‍ക്കുന്ന ആള്‍ എന്ന നിലയില്‍ ഒരു നെക്‌സോണ്‍ ഇ.വിയും ഉണ്ടായിരുന്നു. ഇലക്ട്രിക് വാഹനം ഉപയോഗിച്ച് തുടങ്ങിയതിന് ശേഷം ഞാന്‍ എന്റെ ഐസ് എന്‍ജിന്‍ കാര്‍ ഉപയോഗിക്കാറില്ല. ഇലക്ട്രിക് വാഹനം ഉപയോഗിച്ച് തുടങ്ങിയാല്‍ പിന്നീട് ഒരിക്കലും ഐസ് എന്‍ജിന്‍ കാറിലേക്ക് പോകില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.