
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുല്യമായ പ്രധാന്യമാണ് ഹൈബ്രിഡ് വാഹനങ്ങളുടെ നിര്‍മാണത്തിനും മാരുതി സുസുക്കി നല്‍കുന്നത്. ഇതിന്റെ പ്രതിഫലനമാണ് മാരുതി സുസുക്കിയുടെ വാഹനനിരയിലെ ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങള്‍. കൂടുതല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്നതിന്റെ തുടക്കമെന്നോണം എര്‍ട്ടിഗയുടെ ഹൈബ്രിഡ് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. സുസുക്കി. എര്‍ട്ടിഗ ക്രൂയിസ് ഹൈബ്രിഡ് എന്ന പേരില്‍ ഇൻഡൊനീഷ്യൻ മോട്ടോര്‍ ഷോയിലാണ് ഈ വാഹനം എത്തിച്ചത്.
ഡിസൈനിലെ മാറ്റങ്ങളും ഹൈബ്രിഡ് സാങ്കേതികവിദ്യക്കായി ലിഥിയം അയേണ്‍ ബാറ്ററി കാപ്പാസിറ്റിയും ഒരുക്കിയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. എര്‍ട്ടിഗ ക്രൂയിസ് ഹൈബ്രിഡ് മോഡലില്‍ 10 എ.എച്ച്. ശേഷിയുള്ള വലിയ ബാറ്ററി പാക്കാണ് നല്‍കിയിരിക്കുന്നത്. അതേസമയം, റെഗുലര്‍ എര്‍ട്ടിഗയില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ കെ15ബി നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പവും നല്‍കിയിരിക്കുന്നത്.
വലിയ ബാറ്ററി പാക്ക് നല്‍കിയിരിക്കുന്നതിലൂടെ ഉയര്‍ന്ന ഇന്ധനക്ഷമതയും മികച്ച പ്രകടനവും ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഐഡില്‍ സ്റ്റാര്‍ട്ട്/ സ്റ്റോപ്പ് സംവിധാനവും ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ് സുസുക്കി അറിയിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് വര്‍ഷത്തെ വാറണ്ടിയാണ് ഇതിലെ ബാറ്ററിക്ക് നല്‍കുന്നത്.
സ്റ്റൈലിങ്ങിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയാണ് എര്‍ട്ടിഗ ക്രൂയിസ് ഹൈബ്രിഡും ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീമാണ് ഇതില്‍ പ്രധാനം. പേള്‍ സ്‌നോ വൈറ്റ് ബോഡി കളറിനൊപ്പം ബ്ലാക്ക് റൂഫുമാണ് ഡ്യുവല്‍ ടോണില്‍ വരുന്നത്. ഗാര്‍ണിഷുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്ന ബമ്പറാണ് പ്രധാന മാറ്റം. ഇതില്‍ ലോവര്‍ ലിപ്പും സ്‌കിഡ് പ്ലേറ്റുകളും നല്‍കിയിട്ടുണ്ട്. ഗ്രില്ലിലും ക്രോമിയം ബോര്‍ഡര്‍ നല്‍കിയിട്ടുണ്ട്. റെഗുലര്‍ മോഡലിനെക്കാള്‍ വലിപ്പം തോന്നുന്നുണ്ടെന്നതും ഹൈബ്രിഡ് പതിപ്പിന്റെ സവിശേഷതയാണ്.
15 ഇഞ്ച് വലിപ്പത്തില്‍ പുതുമയുള്ള ഡിസൈനിലാണ് അലോയി വീല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. റൂഫിലെ ബ്ലാക്കിന്റെ തുടര്‍ച്ചയെന്നോണം പില്ലറുകളും കറുപ്പ് അണിഞ്ഞിട്ടുണ്ട്. ക്യാരക്ടര്‍ ലൈനുകളും ഉള്‍പ്പെടെ വശങ്ങളെ ബോള്‍ഡ് ആക്കുന്നുണ്ട്. പിന്‍ഭാഗത്തെ റൂഫ് സ്‌പോയിലര്‍ പുതുമയുള്ള ഡിസൈനിലാണ് തീര്‍ത്തിരിക്കുന്നത്. റിയര്‍ വിന്‍ഡ് ഷീല്‍ഡിന് താഴെയായി ഒരു ഡാര്‍ക്ക് ക്രോമിയം ലൈനും നല്‍കിയാണ് പ്രധാനമായും പിന്‍ഭാഗത്ത് വന്നിരിക്കുന്ന മാറ്റം.
ഇന്റീരിയറിന് കറുപ്പേകിയാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ ധാരാളിത്തം ഹൈബ്രിഡ് പതിപ്പിലും നല്‍കിയിട്ടില്ല. സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് കപ്പ് ഹോള്‍ഡര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്നിലും പിന്നിലും സീറ്റുകളിലെ ആംറെസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഈ വാഹനത്തിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുള്ള ഫീച്ചറുകളില്‍ ചിലതാണ്.
Content Highlights: Suzuki launches hybrid version Ertiga Cruise hybrid options
Published: 21 Feb 2024, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented