ഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് അകന്നുനിന്നിരുന്ന സ്‌കോഡയുടെ ഫ്‌ളാഗ്ഷിപ്പ് സെഡാന്‍ മോഡലായ സൂപ്പര്‍ബ് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മുമ്പ് ഇന്ത്യയിലേക്കുള്ള സൂപ്പര്‍ബ് ഇന്ത്യയില്‍ ഒരുങ്ങിയിരുന്നെങ്കില്‍ ഇത്തവണ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് സൂപ്പര്‍ബ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഒരു വേരിയന്റില്‍ മാത്രം എത്തുന്ന ഈ വാഹനം 54 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

To advertise here,

സൂപ്പര്‍ബിന്റെ ഉയര്‍ന്ന വകഭേദമായ ലോറിന്‍ ആന്‍ഡ് ക്ലെമന്റ് വേരിയന്റാണ് ഇന്ത്യയില്‍ എത്തുന്നത്. പ്രഥമിക ഘട്ടത്തില്‍ ഈ വാഹനത്തിന്റെ 100 യൂണിറ്റ് മാത്രമായിരിക്കും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. സൂപ്പര്‍ബിന്റെ നാലാം തലമുറ മോഡലാണിത്. ഇന്ത്യയില്‍ ഇപ്പോള്‍ മാത്രം അവതരിപ്പിച്ച ഈ വാഹനം 2023 നവംബറില്‍ തന്നെ ആഗോള വിപണികളില്‍ അവതരിപ്പിച്ചിരുന്നു. മൂന്നാം തലമുറ മോഡലിന് ഇന്ത്യയില്‍ 34 ലക്ഷം രൂപയായിരുന്നു വിലയെന്നാണ് റിപ്പോര്‍ട്ട്. 

ഡിസൈനില്‍ തൊട്ടിട്ടില്ലാത്ത തലമുറ മാറ്റമാണ് സൂപ്പര്‍ബില്‍ വരുത്തിയിട്ടുള്ളത്. മുന്‍തലമുറ മോഡലിനോട് സമാനമായ ഡിസൈനിലാണ് പുതിയ മോഡലും ഒരുങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള 18 ഇഞ്ത് അലോയി വീലും റോസ്സോ ബ്രൂനെല്ലോ, വാട്ടര്‍ വേള്‍ഡ് ഗ്രീന്‍ എന്നീ രണ്ട് എക്സ്റ്റീരിയര്‍ നിറങ്ങളില്‍ എത്തുന്നതുമാണ് സൂപ്പര്‍ബിന് പുറമെ വരുത്തിയിട്ടുള്ള രണ്ട് മാറ്റങ്ങള്‍. എക്സ്റ്റീരിയറിലെ മറ്റ് ഫീച്ചറുകളും ഡിസൈനും മുന്‍ തലമുറയ്ക്ക് സമാനമാണ്.

ഒരു വേരിയന്റില്‍ ഒരേയൊരു എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് സൂപ്പര്‍ബ് ഇന്ത്യന്‍ വിപണിയില്‍ മടങ്ങിയെത്തിയിരിക്കുന്നത്. 2.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 187 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 239 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 7.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയും കൈവരിക്കും.

സ്‌കോഡ വാഹനങ്ങളിലെ ഉയര്‍ന്ന വേരിയന്റായ ലോറിന്‍ ആന്‍ഡ് ക്ലെമന്റ് (എല്‍ ആന്‍ഡ് കെ) വകഭേദമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന പതിപ്പ് ആയതിനാല്‍ തന്നെ അത്യാവശ്യം ഫീച്ചര്‍ സമ്പന്നമാണ് ഈ വാഹനം. എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, കോര്‍ണറിങ്ങ് ഫങ്ഷന്‍ ഉള്‍പ്പെയെ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്ലാമ്പ് തുടങ്ങിയവയായിരിക്കും പുറംമോടിയുടെ മാറ്റുകൂട്ടുന്നവ. 18 ഇഞ്ച് വലിപ്പമുള്ള സ്ട്രാറ്റോസ് അലോയി വീലുകളും സൂപ്പര്‍ബിന് നല്‍കിയിട്ടുള്ളത്. 

സൂപ്പര്‍ബിന്റെ അകത്തളവും ഫീച്ചറുകളാല്‍ സമ്പന്നമാണ്. വെര്‍ച്വല്‍ കോക്പിറ്റാണ് എടുത്തുപറയേണ്ടത്. ഇതിനൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ഒമ്പ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റും നല്‍കിയിട്ടുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതും വെന്റിലേറ്റഡ് സംവിധാനം ഉള്ളതുമായ മുന്‍നിര സീറ്റുകള്‍, മസാജ് സംവിധാനമുള്ള ഡ്രൈവര്‍ സീറ്റ്, 11 സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് എന്നിങ്ങനെ നീളും ഇന്റീരിയറിലെ ഫീച്ചറുകള്‍.