ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ എത്തിക്കുന്ന പ്രീമിയം സെഡാന്‍ മോഡലുകളിലെ സൂപ്പര്‍ ഹിറ്റ് മോഡലായ സൂപ്പര്‍ബ് സ്വന്തമാക്കി മലയാളത്തിന്റെ യുവതാരം നസ്‌ലിന്‍ ഗഫൂര്‍. ഇന്ത്യന്‍ വിപണിയില്‍ നിന്ന് സ്‌കോഡ പിന്‍വലിക്കാനൊരുങ്ങുന്ന ഈ ആഡംബര സെഡാന്റെ അവസാന യൂണിറ്റുകളിലൊന്നാണ് നസ്‌ലിന്‍ സ്വന്തമാക്കിയതെന്നാണ് വിവരം. കേരളത്തിലെ മുന്‍നിര സ്‌കോഡ വിതരണക്കാരായ ഇ.വി.എം. സ്‌കോഡയില്‍ നിന്നാണ് നസ്‌ലിന്‍ വാഹനം സ്വന്തമാക്കിയത്. 

To advertise here,

ഇന്ത്യയിലെ പ്രീമിയം സെഡാന്‍ ശ്രേണിയിലെ മുന്‍നിര മോഡലായ സൂപ്പര്‍ബ് രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. സ്‌പോര്‍ട്ട്‌ലൈന്‍, ലോറിന്‍ ആന്‍ഡ് ക്ലെമന്റ് എന്നീ വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനം 34.19 ലക്ഷം രൂപ മുതല്‍ 37.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. സ്‌കോഡ സൂപ്പര്‍ബിന്റെ അവസാന യൂണിറ്റുകളില്‍ ഒന്ന് നസ്‌ലിന്‍ സ്വന്തമാക്കിയ സന്തോഷം ഡീലര്‍ഷിപ്പ് തന്നെയാണ് ആരാധകരുമായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

ആഡംബര തുളുമ്പുള്ള ഡിസൈനും ഇന്റീരിയറും കൊണ്ട് ആരാധാകരെ സൃഷ്ടിച്ച വാഹനമാണ് സ്‌കോഡ സൂപ്പര്‍ബ്. അഡാപ്റ്റീവ് ഹെഡ്ലാമ്പ്, സ്പീഡ്, കാലാവസ്ഥ എന്നിവയ്ക്ക് അനുസരിച്ച് പ്രകാശത്തില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ഹെഡ്ലാമ്പാണിത്. സിറ്റി, ഇന്റര്‍-സിറ്റി, മോട്ടോര്‍വേ, റെയിന്‍ തുടങ്ങിയ ഡ്രൈവിങ്ങ് മോഡലുകളും ഈ വാഹനത്തില്‍ നല്‍കിയിരുന്നു. എല്‍.ഇ.ഡി. ഇന്റിക്കേറ്ററുകളും ഹെഡ്ലാമ്പും ഈ വാഹനത്തിലെ സ്റ്റാന്റേഡ് ഫീച്ചറാണ്. 

വെര്‍ച്വല്‍ കോക്ക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും കൂടുതല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ടിതമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് സൂപ്പര്‍ബിന്റെ ഇന്റീരിയറിലെ സവിശേഷത. പ്രോക്സിമിറ്റി സെന്‍സറുകളുള്ള എട്ട് ഇഞ്ച് ടച്ച് സ്‌ക്രീനില്‍ ഇന്‍ ബില്‍റ്റ് നാവിഗേഷനും ഒരുങ്ങിയിട്ടുണ്ട്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും ഇതില്‍ നല്‍കിയിട്ടുണ്ട്. വോയിസ് കമാന്റിനൊപ്പം ടൈപ്പ് സി യു.എസ്.ബി. പോര്‍ട്ടും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് സൂപ്പര്‍ബിന്റെ ഹൃദയം. ഇത് 187 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 2004 മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള വാഹനമാണ് സ്‌കോഡ സൂപ്പര്‍ബ്. 2015-ല്‍ രാജ്യാന്തര വിപണിയില്‍ എത്തിയ സൂപ്പര്‍ബിന്റെ മൂന്നാം തലമുറ മോഡലാണ് നസ്‌ലിന്‍ സ്വന്തമാക്കിയിരിക്കുന്നത്. 2021-ലാണ് സൂപ്പര്‍ മുഖം മിനുക്കി വിപണിയില്‍ എത്തിയത്.