ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ വാഹനശ്രേണിയിലെ പ്രീമിയം സെഡാന്‍ വാഹനമാണ് സൂപ്പര്‍ബ്. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന അവസാനിപ്പിച്ചെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇപ്പോഴും സ്‌കോഡയുടെ വാഹന നിരയിലെ താരമാണ് ഈ സെഡാന്‍. സൂപ്പര്‍ബ് എന്ന സൂപ്പര്‍ സെഡാനിലൂടെ സ്‌കോഡയിലേക്ക് ഒരു ഗിന്നസ് റെക്കോഡ് എത്തിയിരിക്കുകയാണ്. ഒരു ഫുള്‍ ടാങ്ക് ഡീസല്‍ ഉപയോഗിച്ച് ഏറ്റവുമധികം ദൂരം സഞ്ചരിച്ചാണ് സൂപ്പര്‍ബ് ഗിന്നസ് റെക്കോഡ് നേട്ടം കൊയ്തത്.

To advertise here,

ഒരു ഫുള്‍ ടാങ്ക് ഡീസല്‍ ഉപയോഗിച്ച് 2831 കിലോമീറ്ററാണ് സ്‌കോഡ സൂപ്പര്‍ബ് സഞ്ചരിച്ചിരിക്കുന്നത്. സ്‌കോഡ നിരത്തുകളില്‍ എത്തിക്കുന്ന റെഗുലര്‍ ഡീസല്‍ എന്‍ജിന്‍ സൂപ്പര്‍ബിലൂടെയാണ് ഈ നേട്ടം സ്‌കോഡയ്ക്ക് ലഭിച്ചിരിക്കുന്നത്. പരീക്ഷണത്തിനായി പ്രത്യേകമായി ഒരുക്കിയ വാഹനമല്ലെന്ന് ചുരുക്കം. 2025-ലെ യൂറോപ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പ് ജേതാവായ മിക്കോ മാര്‍സിക്കിയുടെ ഡ്രൈവിങ്ങിലൂടെയാണ് ഈ ഗിന്നസ് നേട്ടം കൈവരിച്ചിരിക്കുന്നത്.

മിക്കോ മാര്‍സിക്കിന്റെ കൈവശമുണ്ടായിരുന്ന സ്‌കോഡ സൂപ്പര്‍ബാണ് ഈ റെക്കോഡ് നേട്ടത്തിനായി ഓടിയത്. 100 കിലോമീറ്റര്‍ ഓടാന്‍ 2.61 ലിറ്റര്‍ ഡീസല്‍ മാത്രമാണ് ചിലവായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ഒരു ലിറ്റര്‍ ഡീസലില്‍ ഏകദേശം 38 കിലോമീറ്ററായിരുന്നു ഈ വാഹനത്തിന് ലഭിച്ച മൈലേജ്. സ്‌കോഡ ഈ വാഹനത്തിന് ഉറപ്പുനല്‍കുന്ന മൈലേജ് 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 4.8 ലിറ്റര്‍ എന്ന നിലയിലാണ്. അതായത് ഏകദേശം 20 കിലോമീറ്റര്‍. ഇതാണ് മിക്കോ മാര്‍സിക് തിരുത്തി കുറിച്ചിരിക്കുന്നത്.

66 ലിറ്ററാണ് സൂപ്പര്‍ബിന്റെ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മികച്ച എയറോ ഡൈനാമിക് ശേഷിയും ഉയര്‍ന്ന ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുമാണ് ഈ ഉദ്യമത്തിനായി സൂപ്പര്‍ബ് തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് മിക്കോ മാര്‍സിക പറയുന്നത്. 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 148 ബിഎച്ച്പി പവറും 360 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുള്ള വാഹനമാണ് റെക്കോഡ് ഓട്ടത്തില്‍ ഉപയോഗിച്ചത്.

16 ഇഞ്ച് വീലുകള്‍ അടിസ്ഥാന ഫീച്ചറായി നല്‍കിയിട്ടുള്ള ഈ വാഹനത്തിന് 1590 കിലോഗ്രാം ഭാരമുണ്ട്. വാഹനത്തിന്റെ ഭാരവും ടയറുകളുടെ വലിപ്പവും പോലും ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കാന്‍ സഹായിച്ചിരുന്നതായാണ് ിക്കോ മാര്‍സിക് പറയുന്നത്. 2024 നവംബറിലാണ് സ്‌കോഡ സൂപ്പര്‍ബ് അദ്ദേഹത്തിന് ലഭിക്കുന്നത്. 2025 മാര്‍ച്ചിലാണ് റെക്കോഡ് സൃഷ്ടിക്കുന്നതിനുള്ള ശ്രമം ആരംഭിക്കുന്നത്. ഇതിന് മുന്‍പ് തന്നെ ഏകദേശം 20,000 കിലോമീറ്ററോളം അദ്ദേഹം ഈ വാഹനം ഓടിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പോളണ്ടിലെ ലോഡ്‌സില്‍ നിന്നും ജര്‍മനിയിലേക്കും പാരീസിലേക്കും പിന്നീട് നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മനി എന്നിടങ്ങളിലേക്കുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. തിരിച്ച് പോളണ്ടിലാണ് യാത്ര അവസാനിപ്പിച്ചതും. 80 കിലോമീറ്ററില്‍ താഴെയായിരുന്നു ഭൂരിഭാഗം സമയവും വാഹനത്തിന്റെ വേഗതയെന്നാണ് അദ്ദേഹം പറയുന്നത്. സ്‌പോര്‍ട്‌സ്‌ലൈന്‍ സ്പ്രിങ്ങുകള്‍ ഘടിപ്പിച്ചതിനൊപ്പം ഷാസി 15 മില്ലി മീറ്റര്‍ താഴ്ത്തുകയും ചെയ്ത് ഉയര്‍ന്ന് ഇന്ധനക്ഷമതയ്ക്ക് കാരണമായെന്നാണ് മിക്കോ മാര്‍സിക് പറയുന്നത്.