വിപണിയിൽ അവതരിപ്പിച്ചിട്ടില്ല, എന്തിന് വില പോലും കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല. ബുക്കിങ് തുറന്ന് വെറും ആറ് മിനിറ്റിനുള്ളിൽ വാഹനങ്ങൾ എല്ലാം വിറ്റുത്തീർന്നു. ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡ ഇന്ത്യക്കായി പ്രഖ്യാപിച്ചിരിക്കുന്ന പെർഫോമെൻസ് എസ്‌യുവിയായ കോഡിയാഖ് ആർഎസിന്റെ ആദ്യ ബാച്ചാണ് മിനിറ്റുകൾക്കുള്ളിൽ വിറ്റുത്തീർന്നത്. കോഡിയാഖ് ആർഎസിന്റെ 50 യൂണിറ്റാണ് ആദ്യ ബാച്ചിൽ എത്തുന്നത്.

To advertise here,

സ്‌കോഡയുടെ വാഹന നിരയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ കോഡിയാഖിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന പെർഫോമെൻസ് എസ്‌യുവിയാണ് കോഡിയാഖ് ആർഎസ്. ഫീച്ചർ സമ്പന്നമായ ക്യാബിനും കരുത്തുറ്റ സുരക്ഷ സംവിധാനങ്ങളും ഞെട്ടിപ്പിക്കുന്ന പ്രകടനവുമാണ് നിർമാതാക്കൾ ഈ വാഹനത്തിന് ഉറപ്പുനൽകിയിരിക്കുന്നത്. ഒക്ടാവിയ ആർഎസ് മോഡലിന് ലഭിച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് കോഡിയാഖ് ആർഎസ് എത്തിക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.

കൊച്ചിയിൽ നടന്ന സ്‌കോഡ എക്സ്പീരിയൻസ് 2026-ലാണ് ആദ്യമായി കോഡിയാഖ് ആർഎസ് പ്രദർശനത്തിന് എത്തിച്ചത്. റെഗുലർ കോഡിയാഖിൽ നിന്ന് ശ്രദ്ധേയമായ മാറ്റങ്ങൾ ആർഎസിൽ വരുത്തിയിട്ടുണ്ട്. സ്‌പോർട്ടി ഭാവമുള്ള ബമ്പർ, ബ്ലാക്ക് ഗ്രില്ല് വിത്ത് വൈഡ് എയർഡാം എന്നിവയാണ് മുന്നിലെ മാറ്റം. 20 ഇഞ്ച് അലോയി വീലുകളും ചുവപ്പണിഞ്ഞ ബ്രേക്ക് കാലിപ്പറുകളുമാണ് വശങ്ങളിലെ ആകർഷണം. വിആർഎസ് ബാഡ്ജിങ് ഒഴിച്ചുനിർത്തിയാൽ പിൻഭാഗം റെഗുലർ കോഡിയാഖിന് സമാനമാണ്.

കറുപ്പ്-ചുവപ്പ് എന്നീ നിറങ്ങൾ സംയോജിപ്പിച്ചാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് നിറത്തിനൊപ്പം റെഡ് ഇൻസേർട്ടുകളും സ്റ്റിച്ചിങ്ങുകളും ലൈറ്റുമെല്ലാമാണ് ഇതിലുള്ളത്. കട്ടിയിലുള്ള ബോൾസ്റ്റേഴ്‌സിനൊപ്പം ആർഎസ് ബാഡ്ജിങ്ങും പതിപ്പിച്ചാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. 13 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീൽ എന്നിവയാണ് അകത്തളത്തിലെ പ്രധാനപ്പെട്ട ഫീച്ചറുകൾ.

റെഗുലർ കോഡിയാഖിനെക്കാൾ കരുത്തനായിരിക്കും ആർഎസ് പതിപ്പ്. 265 എച്ച്പി പവറും 400 എൻഎം ടോർക്കുമേകുന്ന 2.0 ലിറ്റർ ടിഎസ്‌ഐ എൻജിനാണ് കോഡിയാഖ് ആർഎസിന്റെ ഹൃദയം. ഓൾ വീൽ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് സംവിധാനമായിരിക്കും ഇതിലെ ട്രാൻസ്മിഷൻ. 6.3 സെക്കന്റിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 231 കിലോമീറ്ററാണ്.