മാരുതിയും ടാറ്റയും മഹീന്ദ്രയുമെല്ലാം കളംനിറഞ്ഞു കളിക്കുമ്പോൾ വെറും അഞ്ച് വണ്ടി കൊണ്ട് തായം കളിക്കുകയായിരുന്നു സ്‌കോഡ. എന്നാൽ, ഇപ്പോൾ കഥമാറി. വമ്പൻമാർക്കിടയിൽ ഇടിച്ചുനിൽക്കാൻ സ്‌കോഡ പഠിച്ചു. അതിന് എടുക്കുന്നത് അവരുടെ തന്ത്രം തന്നെ. 2026 തുടക്കത്തിൽതന്നെ പുതിയ കളിക്കിറങ്ങുകയാണവർ.

To advertise here,

അതിന് തിരഞ്ഞെടുത്തത് നമ്മുടെ കൊച്ചിയെയും. കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്‌കോഡ പുറത്തിറക്കിയത് തങ്ങളുടെ നാല് വണ്ടികളുടെയും മുഖംമിനുക്കിയ മോഡലുകളെയാണ്. കൈലാക്ക്, ഒക്ടോവിയ ആർഎസ്, കോഡിയാക് ആർഎസ്, കുഷാക്ക്, എന്നിവ.

കൈലാക്കിന് പുതിയ രണ്ട് ട്രിമ്മുകളാണ് വന്നതെങ്കിൽ കുഷാക്കിന് കാര്യമായ മാറ്റം വന്നിട്ടുണ്ട്. പുറത്തിറക്കി മണിക്കൂറുകൾകൊണ്ട് മുഴുവൻ വിറ്റുപോയ ഒക്ടോവിയ ആർഎസിനൊപ്പം പെർഫോമൻസ് ബാഡ്ജിങ്ങായ ആർഎസിന്റെ കൂട്ടുമായി പ്രീമിയം എസ്‌യുവി കോഡിയാക്കും വരും.

പുതിയ കുഷാക്ക്

പഴയ കുഷാക്കിന്റെ പരിമിതികളെ മാറ്റിയാണ് പുതിയ കുഷാക്കിന്റെ വരവ്. ഡിആർഎല്ലിനോടു ചേർന്ന് നേർത്ത എൽഇഡി ഹെഡ്‌ലൈറ്റുകൾ പുതിയ കോഡിയാക്കിൽ നിന്ന് കടമെടുത്തിരിക്കുന്നു. വേരിയന്റിന് അനുസരിച്ച് 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകൾ. സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി കണക്ടഡ് ലൈറ്റ് ബാറിൽ സ്‌കോഡ പ്രകാശിച്ചു നിൽക്കും.

പ്രസ്റ്റീജ് ട്രിമ്മിൽ ബ്ലാക്ക്-ബീജ് കോമ്പിനേഷനും മോണ്ടെ കാർലോ വേരിയന്റുകളിൽ ക്രിംസൺ കളർ സ്‌കീമുമാണ്. പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ-കളർ ആംബിയന്റ് ലൈറ്റിങ്, പനോരമിക് സൺറൂഫ് എന്നിവയുണ്ട്. പുതിയ മോഡലിന്റെ ബൂട്ട്‌സ്‌പെയിസ് 491 ലിറ്ററാണ്, പഴയ മോഡലിനെക്കാൾ 106 ലിറ്റർ കൂടുതലാണ്. എല്ലാ വേരിയന്റിനും സൺറൂഫ് വരുന്നുണ്ട്. ഈ സെഗ്‌മെന്റിൽ തന്നെ ആദ്യമായി മസാജ് ഫങ്ഷനുള്ള പിൻസീറ്റുകളാണ് കുഷാക്കിന്.

115 എച്ച്പി കരുത്തുള്ള 1.0 ലിറ്റർ ടർബോ-പെട്രോൾ എൻജിന് പുതിയ 8-സ്പീഡ് ടോർക്ക്-കൺവെർട്ടർ ഗിയർബോക്‌സ് വന്നു എന്നതാണ് തിളക്കമുള്ള മാറ്റം. പഴയ 6-സ്പീഡ് യൂണിറ്റിന് പകരമാണിത്. മുൻമോഡലിന് സമാനമായി എൻജിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പവും ലഭ്യമാണ്.ഇതുകൂടാതെ 150 എച്ച്പി, 1.5 ലിറ്റർ ടർബോ-പെട്രോൾ എൻജിനുമുണ്ട്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഈ എൻജിനിൽ.

കൈലാക്ക്

രണ്ടു പുതിയ വേരിയന്റുകളാണ് കൈലാക്കിൽ വന്നത്. ക്ലാസിക് പ്ലസും, പ്രസ്റ്റീജ് പ്ലസും. 8.25 ലക്ഷവും 11.99 ലക്ഷവും എക്‌സ്‌ഷോറൂം വില. ബേസ് വേരിയന്റായ ക്ലാസിക് മുകളിൽവരുന്ന ക്ലാസിക് പ്ലസിന് ഇലക്ട്രിക് സൺറൂഫ്, 16 ഇഞ്ച് സ്റ്റീൽവീൽ, ഓട്ടോഡിമ്മിങ് ഐവിആർഎം, റെയിൻ സെൻസിങ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ എന്നിങ്ങനെയുള്ള ഫീച്ചറുകൾ വന്നു.