എംജി പുറത്തിറക്കിയ ഈ ഇലക്ട്രിക് സൂപ്പര്‍ കാറിന് 75 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ഷെഫാലി വര്‍മ തന്റെ പുതിയ കാറിനൊപ്പം | Photo: Instagram/Shafali Verma
വനിത ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീം മുത്തമിട്ടതിന്റെ ആഘോഷങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ ടീമിനുള്ള പരാതോഷികങ്ങളും അനുമോദനങ്ങളും തുടരുന്നതിനിടെ സ്വപ്‌നവാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിന്റെ തുറുപ്പുചീട്ടായ ഷെഫാലി വര്‍മ. എംജി മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ ഇലക്ട്രിക് സൂപ്പര്‍ കാറായ സൈബര്‍സ്റ്റര്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ അഭിമാനതാരം എംജി കുടുംബത്തിന്റെ ഭാഗമായതിന്റെ സന്തോഷം എംജി മോട്ടോഴ്‌സ് തന്നെയാണ് ചിത്രങ്ങള്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ആന്‍ഡസ് ഗ്രേ നിറത്തിലുള്ള സൈബര്‍സ്റ്ററാണ് ഷെഫാലി വര്‍മ തിരഞ്ഞെടുത്തിരിക്കുന്നത്. എംജി പുറത്തിറക്കിയ ഈ ഇലക്ട്രിക് സൂപ്പര്‍ കാറിന് 75 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്ന സിയേറയുടെ ആദ്യ യൂണിറ്റ് ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിനാണ് സമ്മാനിക്കുന്നത്.
ഡ്യുവല്‍ മോട്ടോര്‍ സംവിധാനത്തിലാണ് സൈബര്‍സ്റ്റര്‍ ഒരുങ്ങിയിരിക്കുന്നത്. 510 എച്ച്പി പവറും 725 എന്‍എം ടോര്‍ക്കുമാണ് ഈ മോട്ടോറുകള്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. 3.2 സെക്കന്‍ഡിലും പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും സൈബര്‍സ്റ്ററിനാകും. 77 കിലോവാട്ട് ബാറ്ററിപാക്ക് നല്‍കിയിട്ടുള്ള ഈ സൂപ്പര്‍കാര്‍ ഒറ്റത്തവണ ചാര്‍ജിലൂടെ 580 കിലോമീറ്റര്‍ സഞ്ചരിക്കും. 3.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനാകും.
എല്‍.ഇ.ഡിയില്‍ ഓവല്‍ ഷേപ്പില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ്, റോഡിനോട് പറ്റിയിരിക്കുന്ന മുന്‍വശം, കര്‍വുകള്‍ നല്‍കിയുള്ള ബമ്പര്‍, വലിയ എയര്‍ ഇന്‍ടേക്ക്, ഷാര്‍പ്പ് ആയിട്ടുള്ള ലോവര്‍ ലിപ്പ് എന്നിവ നല്‍കിയാണ് സൈബര്‍സ്റ്ററിന്റെ മുഖം അലങ്കരിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് സമാനമായാണ് വശങ്ങളുടെ രൂപകല്‍പ്പന. ബോള്‍ഡ് ലൈനുകളും കര്‍വുകളും നല്‍കിയാണ് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. വലിയ അലോയി വീലുകളും വശങ്ങളെ ആകര്‍ഷകമാക്കും.
സ്റ്റെബിലിറ്റിയും ഹാന്‍ഡലിങ്ങും ഉറപ്പാക്കാനായി മുന്നില്‍ ഇരട്ട വിഷ്ബോണ്‍ സസ്പെന്‍ഷനും പിന്നില്‍ ഫൈവ് ലിങ്ക് ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ഭാരം മുന്നിലും പിന്നിലും 50:50 എന്ന തുല്യ അനുപാതത്തില്‍ ക്രമീകരിച്ചതിനാല്‍ കൃത്യമായ ട്രാക്ഷനും ഉറപ്പാക്കും. 4533 എം.എം. നീളവും 1912 എം.എം. വീതിയും 1328 എം.എം. ഉയരവും 2689 എം.എം. വീല്‍ബേസിലുമാണ് സൈബര്‍സ്റ്റര്‍ ഒരുങ്ങിയിരിക്കുന്നത്.
യഥാര്‍ഥ പെര്‍ഫോമെന്‍സ് കാറുകള്‍ക്കൊപ്പം നില്‍ക്കുന്ന തരത്തിലാണ് അകത്തളത്തിന്റെ രൂപകല്‍പ്പന. കുത്തനെ ക്രമീകരിച്ചിരിക്കുന്ന ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം ഉള്‍പ്പടെ മൂന്ന് സ്‌ക്രീനുകളാണ് ഡാഷ് ബോര്‍ഡിലുള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, വയര്‍ലെസ് ചാര്‍ജിങ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ബോസിന്റെ പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവ ഉള്‍പ്പടെ നിരവധി ഫീച്ചറുകളാണ് സൈബര്‍സ്റ്ററില്‍ എംജി നല്‍കിയിരിക്കുന്നത്.
Content Highlights: Indian cricket star Shafali Verma celebrates success by acquiring the new MG Cyberster electric sports car. Learn about its features and price.
Published: 24 Nov 2025, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented