ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യന്‍ നിരത്തുകള്‍ക്കായി പുതിയ സബ് കോംപാക്ട് സെഡാന്‍ നിര്‍മിക്കുന്നു. റെനോ എല്‍ബിഎ എന്ന കോഡ് നാമത്തില്‍ നിര്‍മിക്കുന്ന ഈ വാഹനം മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍, എന്നീ വമ്പന്‍മാരുമായാണ് മത്സരിക്കുന്നത്.  

To advertise here,

നാല് മീറ്ററില്‍ താഴെയുള്ള ഈ കോംപാക്ട് സെഡാന്‍ 2022-ലെ ഡല്‍ഹി ഓട്ടോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. ഇന്ത്യയിലേക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനമായിരിക്കും ഇത്. എന്നാല്‍, ഇന്ത്യയില്‍നിന്നും ആഫ്രിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതിയും ചെയ്യും. 

റെനോയുടെ എംപിവി വാഹനമായ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലായിരിക്കും എല്‍ബിഎയും നിര്‍മിക്കുന്നത്. നിസാന്‍-റെനോ-മിസ്തുബിഷി കൂട്ടുകെട്ടിലാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ട്രൈബറില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എന്‍ജിനിലായിരിക്കും പെട്രോള്‍ മോഡല്‍ എത്തുക. ഇത് 99 ബിഎച്ച്പി പവറും 160 എന്‍എം ടോര്‍ക്കുമേകും. അതേസമയം, ഡീസല്‍ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഈ കോംപാക്ട് സെഡാനില്‍ നല്‍കുന്നുണ്ട്.
 
സെഡാന്‍ ശ്രേണിയില്‍ ലോഗന്‍, സ്‌കാല, ഫ്ളുവന്‍സ് എന്നീ മോഡലുകള്‍ റെനോ മുമ്പ് ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍, ഈ മോഡലുകള്‍ എല്ലാം കമ്പനി പിന്‍വലിക്കുകയായിരുന്നു. നിലവില്‍ ഡസ്റ്റര്‍, ട്രൈബര്‍, ക്വിഡ്, ക്യാപ്ച്ചര്‍, ലോഡ്ജി എന്നീ മോഡലുകളാണ് റെനോ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്നത്. 

Content Highlights: Renault Is Developing Compact Sedan Car For India