2025 എന്ന വർഷം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയുടെ വാഹന വിപണിക്ക് ഏറെ നേട്ടങ്ങൾ സമ്മാനിച്ച വർഷമായിരുന്നു 2025 എന്നതിൽ സംശയമില്ല. നിരത്തുകളിലേക്ക് എസ്‌യുവികളുടെ കുത്തൊഴുക്ക് കണ്ട വർഷം കൂടിയാണ് കടന്നുപോകുന്നത്. ഈ വർഷത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മാസ് മാർക്കറ്റ് വാഹനമായി ഒരു ഹാച്ച്ബാക്ക് അല്ലെങ്കിൽ ഒരു സെഡാൻ മോഡൽ പോലും എത്താത്ത വർഷവുമാണ് 2025. വിപണിയിൽ എസ്‌യുവികൾ പിടിമുറുക്കിയതാണ് സെഡാൻ മോഡലുകളുടെയും ഹാച്ച്ബാക്കുകളുടെയും അവതരണത്തിൽ നിന്ന് നിർമാതാക്കളെ അകറ്റിയതെന്ന് വേണമെങ്കിൽ ഒരു വാദത്തിന് പറയാം. എന്നാൽ, ഈ വർഷം നവംബർ മാസം വരെയുള്ള വിൽപ്പന കണക്ക് പരിശോധിച്ചാൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വാഹനങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്ത് മാരുതി സുസുക്കി ഡിസയർ എന്ന സെഡാനാണ്. ഹോണ്ട അമേസ് എന്ന സെഡാനും വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, ഈ രണ്ട് മോഡലുകളും 2024-ന്റെ അവസാനമെത്തിയവയാണ്.

To advertise here,

കോംപാക്ട് സെഡാൻ എന്ന ശ്രേണിയിലാണ് മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ തുടങ്ങിയ വാഹനങ്ങളുള്ളത്. ഇതിലൊന്നിന്റെയും പുതുതലമുറ മോഡലോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളോ ഈ വർഷം പുറത്തിറങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, മിഡ്‌സൈസ് സെഡാൻ വിഭാഗത്തിൽ കാര്യമായ പ്രകടനം കാഴ്ച വെത്താൻ ഒരു വാഹന നിർമാതാക്കൽക്കും സാധിച്ചിട്ടില്ലെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്.

ഫോക്‌സ്‌വാഗണിന്റെ വെർടസ് എന്ന മോഡൽ മാത്രമാണ് അൽപ്പമെങ്കിലും മെച്ചപ്പെട്ട നിലയിൽ പിടിച്ചുനിന്നത്. അതേസമയം, ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ എന്നീ മോഡലുകൾ വലിയ പ്രകടനം കാഴ്ച വെക്കാനായില്ലെന്നതും വസ്തുതയാണ്. മാരുതി സുസുക്കിക്ക് ഈ ശ്രേണിയിൽ ചുവടുപിഴച്ചതിന്റെ തെളിവാണ് സിയാസ് എന്ന വാഹനത്തിന്റെ നിരത്തൊഴിയൽ. പ്രീമിയം സെഡാൻ ശ്രേണി ഭേദപ്പെട്ട നിലയിലായിരുന്നു ടൊയോട്ട കാംറിയാണ് വിൽപ്പനയിൽ മികച്ച നിന്ന ഒരു വാഹനം.

ഹാച്ച്ബാക്കുകൽ എല്ലാ കാലത്തും വിപണിയുടെ നേടുംതൂണാണ്. എന്നാൽ, 2025-ൽ ഈ ശ്രേണിയിലെ ലോഞ്ചുകളും മറ്റും പൂർണമായും നിർജീവമായിരുന്നു. ബെസ്റ്റ് സെല്ലിങ് പട്ടികയിൽ മുൻനിരയിലുള്ള വാഗൺആറും പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയും സ്വിഫ്റ്റുമെല്ലാം മുൻ മോഡലുകളെ വെച്ചാണ് 2025-നെ അതിജീവിച്ചത്. ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാന്റ് ഐ10 നിയോസ് തുടങ്ങിയ വാഹനങ്ങളൊന്നും മുഖംമിനുക്കലിന് പോലും തയാറായിരുന്നില്ല. ആകെയെത്തിയത് ടാറ്റയുടെ അൾട്രോസ് മാത്രമായിരുന്നു.

എന്നാൽ, 2025-ൽ മുഴുവൻ ചർച്ചയാകാനും ഒരു ഹാച്ച്ബാക്കിനും സെഡാനും സാധിച്ചുവെന്നതും ശ്രദ്ധേയമാണ്. ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡ ഇന്ത്യയിൽ എത്തിച്ച സ്‌കോഡ ആർഎസ്, ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ എത്തിച്ച ഗോൾഫി ജിടിഐ മോഡലുകളായിരുന്നു ഈ വാർത്താ താരങ്ങൾ. എന്നാൽ, ഇത് സാധാരണക്കാർക്കുള്ള വാഹനങ്ങളായിരുന്നില്ല. വളരെ ചുരുക്കം എണ്ണം മാത്രം എത്തിക്കുകയും അരക്കോടിക്ക് മുകളിൽ വിലയുള്ളതുമായ വാഹനങ്ങളായിരുന്നു ഇവ രണ്ടും.

2026-ലും ഇന്ത്യയിലെ വാഹന വിപണി എസ്‌യുവികൾ ഹൈജാക്ക് ചെയ്യാനുള്ള സാധ്യതകൾ ഏറെയാണ്. പുതിയ ഹാച്ച്ബാക്കുകളും സെഡാനുകളും ഉണ്ടാകില്ലെന്ന് ഏറെകുറെ ഉറപ്പായി കഴിഞ്ഞു. എന്നാൽ, നിലവിൽ മാരുതി സുസുക്കിയുടെ വാഹനശ്രേണിയിലെ താരങ്ങളായ ബലേനൊ, വാഗൺആർ എന്നീ മോഡലുകൾ മുഖംമിനുക്കാനുള്ള സാധ്യതയേറയാണ്. ഇതിനൊപ്പം മാരുതിയുടെ ആദ്യ ഇലക്ട്രിക്, ഒരു ഏഴ് സീറ്റർ എസ്‌യുവി എന്നിവയും ഈ വർഷം വരാനുണ്ട്.