മൈക്രയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ച് ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാൻ. മൈക്ര എന്ന ഹാച്ച്ബാക്കിന്റെ ആറാം തലമുറ മോഡലിനെ പൂർണമായും ഇലക്ട്രിക് വാഹനമായി പുനരവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. നിസ്സാൻ മൈക്ര ഇ.വി ഈ വർഷം അവസാനത്തോടെ യൂറോപ്പിലുടനീളം വിൽപ്പനയ്ക്കെത്തും. എന്നാൽ വാഹനം ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. നിലവിൽ, യൂറോപ്പിൽ മൈക്ര ഇവി വിൽപ്പനയ്‌ക്കെത്തുമെന്ന് മാത്രമാണ് നിസ്സാൻ സ്ഥിരീകരിച്ചിട്ടുള്ളത്. 

To advertise here,

ഡിസൈൻ

കാലങ്ങളായുള്ള മൈക്രയുടെ ക്യൂട്ട് ലുക്കിന് പകരം എസ്‌യുവിക്ക് സമാനമായ രൂപമാണ് മൈക്ര ഇവിക്കുള്ളത്.  ലണ്ടൻ ആസ്ഥാനമായുള്ള നിസ്സാന്റെ ഡിസൈൻ യൂറോപ്പ് (NDE) സ്റ്റുഡിയോയാണ് വാഹനം രൂപകൽപ്പന ചെയ്തത്. ഹെഡ്‌ലൈറ്റ് ഹൗസിങ്ങുകൾക്ക് ചുറ്റുമുള്ള എൽഇഡി ഡേടൈം റണ്ണിങ്ങ് ലാമ്പുകൾ, മുൻ മോഡലുകളുടെ ഹെഡ് ലൈറ്റുമായി സാദൃശ്യമുണ്ട്. നേർത്ത വൃത്താകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണുള്ളത്. ഇത് മുൻവശത്തെ ഡിആർഎല്ലുകളുടെ ആകൃതിക്ക് സമാനമാണ്. 

നാല് മീറ്ററിൽ താഴെയാണ് മൈക്ര ഇവിയുടെ നീളം. വീതി 1.8 മീറ്ററിൽ താഴെയും, വീൽബേസ് 2.54 മീറ്ററുമാണ്. 18 ഇഞ്ച് അലോയ് വീലുകളാണുള്ളത്. 326 ലിറ്ററാണ്  ബൂട്ട് സ്പേസ്. 10.1 ഇഞ്ച് വലുപ്പമുള്ള രണ്ട് ഡിസ്പ്ലേകളാണ് മൈക്ര ഇവിയുടെ ഉൾവശത്തെ സവിശേഷത. ഒരു സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഒരു ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും. 

ബാറ്ററിയും റേഞ്ചും

രണ്ട് ബാറ്ററി ഓപ്ഷനുകളിൽ മൈക്ര ഇവി ലഭിക്കും. സ്റ്റാൻഡേർഡ് റേഞ്ച് മോഡലിൽ 40 kWh ബാറ്ററിയും ലോങ്ങ് റേഞ്ച് വേരിയന്റിൽ 52 kWh ബാറ്ററിയുമാണുള്ളത്. 121 ബിഎച്ച്പി പവറും 225 എൻഎം ടോർക്കുമുള്ള മോട്ടോറുമായി വരുന്ന സ്റ്റാൻഡേർഡ് റേഞ്ച് മൈക്ര ഇവിക്ക്  308 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതൽ കരുത്തുള്ള 148 ബിഎച്ച്പി പവറും 245 എൻഎം ടോർക്കുമുള്ള മോട്ടോറുമായി വരുന്ന ലോങ്ങ് റേഞ്ച് മോഡലിന് 408 കിലോമീറ്റർ വരെ ദൂരം ഓടാൻ കഴിയുമെന്ന് നിസ്സാൻ ഉറപ്പുനൽകുന്നു. 

സുരക്ഷ ഉറപ്പാക്കുന്നതിന് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (നിസ്സാൻ പ്രോപൈലറ്റ് അഡാസ്) ഉണ്ട്. ഇവിയിലെ ബാറ്ററി ഉപയോ​ഗിച്ച് മറ്റു ഉപകരണങ്ങൾ ചാർജ്ജ് ചെയ്യുന്നതിനായി വെഹിക്കിൾ-ടു-ലോഡ് (V2L) സാങ്കേതികവിദ്യയും കമ്പനി നൽകുന്നു. 

2010-ലാണ് മൈക്ര ഇന്ത്യൻ നിരത്തുകളിലെത്തിയത്. ഇന്ത്യയിലെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള നിസ്സാന്റെ ശ്രമമായിരുന്നു ഈ കുഞ്ഞൻ ഹാച്ച്ബാക്ക്. എന്നാൽ വാഹനത്തിന്റെ തുടർന്നുള്ള തലമുറകൾ കൊണ്ടുവരാതെ മൈക്രയുടെ വിൽപന 2020ൽ നിസ്സാൻ രാജ്യത്ത് അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യയിൽ നിലവിൽ മാഗ്‌നൈറ്റ്  മാത്രമാണ് നിസാൻ നിർമിക്കുന്നത്. രണ്ടാമത്തെ മോഡലായ എക്‌സ്-ട്രെയിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന വാഹനമാണ്. ഇന്ത്യയിലെ വ്യവസായം ശക്തിപ്പെടുത്തുന്നതിനൊപ്പം കയറ്റുമതി കേന്ദ്രമായാണ് നിസാൻ ഇന്ത്യയെ പരിഗണിക്കുന്നത്. തമിഴ്‌നാട്ടിലാണ് നിസാന്റെ വാഹന നിർമാണ കേന്ദ്രം.