മാരുതി സുസുക്കി ആള്‍ട്ടോ എന്ന വാഹനത്തിന് ഇന്ത്യയില്‍ ലഭിച്ചിട്ടുള്ളത്ര സ്വീകാര്യത വേറെയൊരു കാറിനും അവകാശപ്പെടാനാകില്ല. എന്നാല്‍, ആള്‍ട്ടോ എന്ന പേര് ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ജപ്പാനിലും വളരെ പോപ്പുലറാണ്. ഇവിടെ മാരുതിയുടെ മേല്‍വിലാസത്തിലാണ് എത്തുന്നതെങ്കില്‍ അവിടെ സുസുക്കിക്കാണ് ഈ വാഹനത്തിന്റെ ഉടമസ്ഥാവകാശം. ഏത് രാജ്യത്തായാലും സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാനാകുമെന്നതാണ് ഈ വാഹനത്തിന്റെ ജനപ്രീതിയുടെ കാരണം. 

To advertise here,

ജാപ്പനീസ് വാഹന വിപണികളില്‍ ആള്‍ട്ടോയുടെ ഒമ്പതാം തലമുറ മോഡലാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്. 2021-ല്‍ എത്തിയ ഈ വാഹനം ഈ വര്‍ഷം അവസാനത്തോടെ തലമുറ മാറ്റത്തിന് വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള മോഡലിനെക്കാള്‍ ഭാരം കുറച്ച്, ഇന്ധനക്ഷമത ഉയര്‍ത്തി, ഡിസൈനില്‍ വലിയ അഴിച്ചുപണികളും വരുത്തിയായിരിക്കും പത്താം തലമുറ ആള്‍ട്ടോ എത്തുകയെന്നാണ് വിവരം. എന്നാല്‍, ഇന്ത്യയില്‍ ആള്‍ട്ടോയുടെ മുഖംമിനുക്കല്‍ സംബന്ധിച്ച് സൂചനകള്‍ നല്‍കിയിട്ടില്ല. 

ഒമ്പതാം തലമുറ മോഡലിനെ അപേക്ഷിച്ച് വാഹനത്തിന്റെ മൊത്തഭാരത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ മോഡലിനെ 660 കിലോഗ്രാമാണ് ഭാരമെങ്കില്‍ ഇനിയെത്തുന്ന ആള്‍ട്ടോയുടെ ഭാരം 580 കിലോഗ്രാമായി കുറഞ്ഞേക്കും. എയര്‍ബാഗ് ഇല്ലാതെ തന്നെ ആള്‍ട്ടോയുടെ മൂന്നാം തലമുറ മോഡലിന്റെ ഭാരവും ഇതായിരുന്നു. 80 കിലോഗ്രാം കുറയുന്നുണ്ടെങ്കിലും വാഹനത്തിലെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് പ്രതീക്ഷ.

സുസുക്കിയുടെ ന്യൂജനറേഷന്‍ ഹാച്ച്ബാക്കുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും പുതിയ ആള്‍ട്ടോയിക്ക് അടിസ്ഥാനമൊരുക്കുക. കൂടുതല്‍ കരുത്തുറ്റ ഹൈ ടെന്‍സില്‍ സ്റ്റീല്‍ ഉപയോഗിച്ചായിരിക്കും പ്ലാറ്റ്‌ഫോമിന്റെ രൂപകല്‍പ്പന. പെട്രോള്‍ എന്‍ജിനൊപ്പം രണ്ട് കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ കൂടി പുതിയ ആള്‍ട്ടോയില്‍ നല്‍കും. നിലവില്‍ 12 വോള്‍ട്ടോ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമാണ് ആള്‍ട്ടോയിലുള്ളത്. 

27.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയായിരിക്കും പുതിയ ആള്‍ട്ടോയുടെ മുഖമുദ്ര. വാഹനത്തില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ മെക്കാനിക്കലായി വരുത്തുന്നുണ്ട്. ജപ്പാനില്‍ 1,068,000 യെന്‍ ആണ് (ഏകദേശം 5.83 ലക്ഷം രൂപ) നിലവില്‍ വിപണിയിലുള്ള ആള്‍ട്ടോയുടെ റെഗുലര്‍ പെട്രോള്‍ പതിപ്പിന്റെ വില. അതേസമയം, 1,218,800 യെന്‍ ആണ് (6.65 ലക്ഷം രൂപ) മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിന്. പത്താം തലമുറയിലേക്കുള്ള മാറ്റത്തില്‍ വില അല്‍പ്പം വര്‍ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Source