മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താരയുടെ കയറ്റുമതി ആരംഭിച്ചു. 2,900-ൽ അധികം യൂണിറ്റുകളാണ് കഴിഞ്ഞ മാസം കമ്പനി കയറ്റി അയച്ചത്. ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് യുകെ, ജർമനി, നോർവേ, ഫ്രാൻസ്, ഡെൻമാർക്ക്, സ്വിറ്റ്‌സർലൻഡ്, നെതർലാൻഡ്‌സ്, സ്വീഡൻ, ഹംഗറി, ഐസ്‌ലാൻഡ്, ഓസ്ട്രിയ, ബെൽജിയം എന്നീ 12 യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് യൂണിറ്റുകൾ അയച്ചത്. ഈ കയറ്റുമതിയുടെ തുടക്കം, ഇന്ത്യയെ ഇ-വിത്താരയുടെ ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റാനുള്ള സുസുക്കിയുടെ ലക്ഷ്യത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
ഓഗസ്റ്റ് 26-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ നിർമാണശാലയിൽനിന്ന് ആദ്യത്തെ ഇ-വിത്താര ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിന്റെ ബ്രാൻഡ് അംബാസഡറായി മാരുതി സുസുക്കിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. മാരുതി സുസുക്കിയുടെ ഹൻസൽപുർ നിർമാണശാലയിൽ മാത്രമാണ് ഈ ബാറ്ററി ഇലക്ട്രിക് മോഡൽ നിർമിക്കുന്നത്.
"യൂറോപ്പിലേക്ക് ഇ-വിത്താരയുടെ കയറ്റുമതി ആരംഭിച്ചത് ഞങ്ങൾക്ക് അഭിമാനകരവും നിർണായകവുമായ ഒരു നിമിഷമാണ് എന്ന് മാരുതി സുസുക്കി ഇന്ത്യ എംഡിയും സിഇഒയുമായ ഹിസാഷി ടകൂച്ചി പ്രസ്താവനയിൽ പറഞ്ഞു. 100-ൽ അധികം രാജ്യങ്ങളിലേക്ക് ഈ മോഡൽ കയറ്റുമതി ചെയ്യാനും ആഭ്യന്തര വിപണിയിലും വിൽക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
ഇ-വിത്താര
മാരുതി സുസുക്കി ഇലക്ട്രിക് വാഹനങ്ങൾക്കായി വികസിപ്പിച്ചിട്ടുള്ള ഹാർടെക്ട്-ഇ പ്ലാറ്റ്‌ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളിൽ ഇ-വിത്താര വിപണിയിൽ എത്തും. ഒറ്റത്തവണ ചാർജിൽ 500 കിലോമീറ്ററിൽ അധികം റേഞ്ച് ഉറപ്പാക്കുന്നുണ്ട്. എൽഎഫ്പി.(ലിഥിയം അയേൺ ഫോസ്‌ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷൻ ഇ-വിത്താരയിൽ 144 ബിഎച്ച്പി പവറും 189 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് നൽകുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റിൽ 174 ബിഎച്ച്പി പവറും 189 എൻഎം ടോർക്കുമേകുന്ന മോട്ടോറും കരുത്തേകും. ഇ-വിത്തരായുടെ ഓൾ വീൽ ഡ്രൈവ് മോഡലിൽ സുസുക്കിയുടെ ഇ-ഓൾഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇതിന്റെ റിയർ ആക്സിലിലും 65 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന മോട്ടോർ നൽകുന്നുണ്ട്. ഈ ഇരട്ട മോട്ടോർ മോഡൽ 184 ബിഎച്ച്പി പവറും 300 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏകദേശം 20 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ ഇ-വിത്താര അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര BE6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, എംജി ZS EV തുടങ്ങിയ മോഡലുകളായിരിക്കും പ്രധാന എതിരാളികൾ.
Content Highlights: Maruti Suzuki ships 2,900+ e-Vitaras to 12 European countries from India
Published: 02 Sept 2025, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented