ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ വാഹനങ്ങളെല്ലാം തന്നെയുള്ള ഗ്യാരേജാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടേത്. അദ്ദേഹത്തിന്റെ അകമ്പടി വാഹനങ്ങളിൽ പോലും റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ പതിപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഉള്ളത്. ആഡംബര വാഹനങ്ങളുടെ ഈറ്റില്ലമായ അംബാനിയുടെ ഗ്യാരേജിലേക്ക് മെഴ്‌സിഡീസിന്റെ ആഡംബര പെർഫോമെൻസ് വാഹനമായ ബ്രാബസ് ജി63 എഎംജി കൂടി എത്തിയിരിക്കുകയാണ്.

To advertise here,

മെഴ്‌സിഡീസുമായി സഹകരിക്കുന്ന ജർമൻ ഓട്ടോമോട്ടീവ് ട്യൂണിങ് കമ്പനിയാണ് ബ്രാബസ്. ജി 63 ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കൂടുതൽ സ്‌പോട്ടി ഡിസൈൻ നൽകുന്നതിനും പെർഫോമെൻസ് വർധിപ്പിക്കുന്നതുമെല്ലാമാണ് ബ്രാബസിന്റെ ദൗത്യം. ഇത്തരത്തിൽ ബ്രാബസ് കിറ്റ് നൽകിയാണ് മുകേഷ് അംബാനിയുടെ പുതിയ ജി63 എത്തിയിരിക്കുന്നത്. സിൽവർ നിറത്തിനൊപ്പം ബ്രാബസ് കിറ്റുകളും അലോയി വീലുകളുമെല്ലാം നൽകിയാണ് ഈ അത്യാഡംബര പെർഫോമെൻസ് എസ്‌യുവി എത്തിച്ചിരിക്കുന്നത്.

ബ്ലാക്ക് നിറത്തിൽ നൽകിയിട്ടുള്ള ബോണറ്റ് സ്‌കൂപ്പ്, ബ്രാബസ് ഡിസൈനിലേക്ക് മാറിയിട്ടുള്ള മുന്നിലേയും പിന്നിലേയും ബമ്പറുകൾ, ബി ലോഗോ പതിപ്പിച്ചിട്ടുള്ള ഗ്രില്ല്, ബ്രാബസ് അലോയി വീലുകൾ, റൂഫ് മൗണ്ടഡ് എൽഇഡി ലൈറ്റുകൾ, വശങ്ങളിൽ നൽകിയിട്ടുള്ള സ്‌കേർട്ടുകളും എയർ വെന്റുകളും, റൂഫ് മൗണ്ടഡ് സ്‌പോയിലർ, ബ്രാബസ് ബാഡ്ജിങ് നൽകിയിട്ടുള്ള സ്‌പെയർ വീൽ കവർ തുടങ്ങിയവയാണ് ജി 63 എഎംജിക്ക് ബ്രാബസ് മേൽവിലാസം നൽകുന്നത്.

അതേസമയം, ഈ വാഹനം ബ്രാബസ് 900 ജി63 ആണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ബ്രാബസ് 900 ജി വാഗണിൽ 4.5 ലിറ്റർ വി8 ബൈ ടർബോ എൻജിനാണ് കരുത്തേകുന്നത്. ഇത് 900 പിഎസ് പവറും 1250 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ബ്രാബസ് ട്യൂണിങ്ങിലൂടെയാണ് ഈ വാഹനത്തിന്റെ പവറിലും ടോർക്കിലും മാറ്റം വരുത്തുന്നത്.

അതേസമയം, ജി63 എഎംജിയുടെ റെഗുലർ പതിപ്പിൽ 4.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി8 എൻജിനാണ് കരുത്തേകുന്നത്. ഇത് 585 ബിഎച്ച്പി പവറും 850 എൻഎം ടോർക്കുമാണ് നൽകുന്നത്. ഒമ്പത് സ്പീഡ് ഡ്യുവൽ ക്ലെച്ച് ട്രാൻസ്മിഷനാണ് ഈ വാഹനത്തിലെ ഗിയർബോക്‌സ്. ജി63 എഎംജിയുടെ റെഗുലർ പതിപ്പിന് 3.30 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാൽ, ബ്രാബസ് കിറ്റ് കൂടി വരുന്നതോടെ വാഹനത്തിൽ വിലയിൽ കാര്യമായ മാറ്റമുണ്ടാകും.