ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ ബി.എം.ഡബ്ല്യു സെവന്‍ സീരീസ് ദുല്‍ഖര്‍ സല്‍മാന്റെ ഗ്യാരേജില്‍ എത്തിയത്. ദിവസങ്ങള്‍ മാത്രം ഇപ്പുറം ഒരു യൂണിക് വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മലയളാത്തിന്റെ യൂത്ത് ഐക്കണായ ദുല്‍ഖര്‍ സല്‍മാന്‍. ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ 296 ജി.ടി.ബിയാണ് ദുല്‍ഖറിന്റെ വാഹനശേഖരത്തിലെ ഏറ്റവും പുതിയ വാഹനം. ഫെരാരി വാഹനം സ്വന്തമാക്കുന്ന ആദ്യ മലയാള താരമാണ് ദുല്‍ഖര്‍.

To advertise here,

മിഡ് എന്‍ജിന്‍, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍ കാറാണ് ഫെരാരിയുടെ 296 ജി.ടി.ബി. 5.40 കോടി രൂപയാണ് ഈ സ്‌പോര്‍ട്‌സ് കാറിന്റെ എക്‌സ്‌ഷോറൂം വില. ഉപയോക്താവിന്റെ ഇഷ്ടത്തിന് കസ്റ്റമൈസേഷന്‍ വരുത്താനുള്ള ഓപ്ഷനും ഫെരാരി നല്‍കുന്നുണ്ട്. ഇത് കൂടി ആകുന്നതോടെ വാഹനത്തിന്റെ വില ഉയരും. റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലുള്ള ഫെരാരിയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍, കസ്റ്റമൈസേഷനുകളെ കുറിച്ച് വ്യക്തതയില്ല.

നീണ്ട നാളുകള്‍ക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി6 പ്രൊഡക്ഷന്‍ സ്‌പോര്‍ട്‌സ് കാറാണ് 296 ജി.ടി.ബി. ഫെരാരിയുടെ ഡിനോ ബ്രാന്റുകളില്‍ മാത്രമാണ് മുന്‍കാലങ്ങളില്‍ വി6 എന്‍ജിന്‍ നല്‍കിയിരുന്നത്. 2022-ലാണ് ഫെരാരി 296 ജി.ടി.ബി. ഫെരാരി പുറത്തിറക്കിയത്. ഈ വാഹനത്തിന് ഫെരാരി നല്‍കിയ വിശേഷണം ഏറെ ശ്രദ്ധേയമായിരുന്നു. ദ റിയല്‍ ഫെരാരി വിത്ത് ജസ്റ്റ് സിക്‌സ് സിലിണ്ടേഴ്‌സ് എന്നായിരുന്നു ഈ വാഹനത്തിന് നിര്‍മാതാക്കള്‍ പോലും നല്‍കിയിരുന്ന വിശേഷണം.

3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇതിനൊപ്പം 6.0 കിലോവാട്ട് ബാറ്ററിയുടെ പിന്തുണയിലുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിട്ടുണ്ട്. ഇവ രണ്ടും കൂടി 819 ബി.എച്ച്.പി. പവറും 740 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. വേഗരാജാവ് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഈ വാഹനം കേവലം 2.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 330 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.