പുറത്തിറങ്ങി വെറും മൂന്ന് ദിവസത്തിനുള്ളിൽ എംജി വിൻഡ്‌സർ പ്രോയുടെ വിലയിൽ 60000 രൂപയുടെ വർധനവ്. മേയ് ആറിന് അവതരിച്ചപ്പോൾ 17.49 ലക്ഷം രൂപയായിരുന്നു വിൻഡ്‌സർ പ്രോയുടെ എക്സ്ഷോറൂം വില. ആദ്യത്തെ 8,000 ബുക്കിങ്ങുകൾക്ക് മാത്രമായിരുന്നു ഈ ആമുഖ വില ബാധകമായിരുന്നത്. മേയ് എട്ടിന് ബുക്കിങ്ങ് ഔദ്യോഗികമായി ആരംഭിച്ചതു മുതൽ അത്രയും ബുക്കിങ്ങുകൾ ഇതിനകം ലഭിച്ചതായി എംജി അറിയിച്ചു. ഇതോടെ 18.10 ലക്ഷം (എക്സ് ഷോറും) ആണ് വാഹനത്തിന്റെ വില. 

To advertise here,

വിൻഡ്‌സർ പ്രോയിലെ പുതുമകൾ  
 
നിലവിൽ 38 kWh ബാറ്ററി പാക്കിലാണ് എംജി വിൻഡ്‌സർ ലഭ്യമാകുന്നത്. 332 കിലോമീറ്ററാണ് റേഞ്ച്. വിൻഡ്‌സർ ഇവി പ്രോ എത്തിയപ്പോൾ കാര്യങ്ങളെല്ലാം മാറി. 52.9 kWh ബാറ്ററി പായ്ക്കാണ് പ്രോയിലെ പ്രധാന ആകർഷണം.  ഇതോടെ റേ‍ഞ്ചും കൂടി. ഒറ്റ ചാർജിൽ 449 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  

ബാറ്ററി ശേഷി മെച്ചപ്പെടുത്തിയെങ്കിലും വിൻഡ്‌സർ ഇവി പ്രോയുടെ പവറും ടോർക്കും സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. 136 എച്ച്പി പവറും 200 എൻഎം ടോർക്കും മാറ്റമില്ലാതെ തുടരുന്നു. 7.4kWh എസി ചാർജർ ഉപയോ​ഗിച്ച്  ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ എടുക്കും. 60kW ഡിസി ഫാസ്റ്റ് ചാർജിങ്ങും പിന്തുണയ്ക്കുന്നുണ്ട്. 

ഇത് 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജാകും. വലിയ ബാറ്ററി പായ്ക്ക് വന്നതോടെ ഉള്ളിലെ സ്ഥലസൗകര്യം കുറഞ്ഞിട്ടുണ്ട്. സ്റ്റാൻഡേർഡ് വിൻഡ്‌സറിലെ 604 ലിറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രോയുടെ ബൂട്ട് സ്പേസ് 579 ലിറ്ററാണ്. 

ഡിസൈൻ

ഡിസൈനിൽ മാറ്റങ്ങളൊന്നും ഇല്ല. എംജി ഹെക്ടർ എസ്‌യുവിയുടേതിന് സമാനമായ 18 ഇഞ്ച് അലോയ് വീലുകളുടെ പുതിയ ഡിസൈൻ മാത്രമാണ് ഏക മാറ്റം. സീറ്റുകൾ, ഫ്രണ്ട് ആംറെസ്റ്റ്, റൂഫ്, കോളം ലൈനറുകൾ, പുതിയ ബീജ് അപ്ഹോൾസ്റ്ററി എന്നിവയിലൂടെ പ്രോ വേരിയന്റിനെ എളുപ്പത്തിൽ തിരിച്ചറിയാനാകും. നിലവിൽ വിപണിയിലുള്ള മോഡലിൽ പൂർണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയർ കളർ സ്കീമാണുള്ളത്.

ഫീച്ചറുകൾ

V2V (വെഹിക്കിൾ ടു വെഹിക്കിൾ), V2L (വെഹിക്കിൾ ടു ലോഡ്) പോലുള്ള  പുതിയ ഫീച്ചറുകൾ ലഭിക്കുന്നുണ്ട്. ഇതിലൂടെ വാഹനത്തിനുള്ളിലെ ബാറ്ററി ഉപയോഗിച്ച് മറ്റ് ഇലക്ട്രിക് കാറുകളും പുറമെയുള്ള ഉപകരണങ്ങളും ചാർജ് ചെയ്യാം. കൂടാതെ ലെവൽ 2 അഡാസ് സുരക്ഷയും ഉണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് ജാം അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്ങ് എന്നിവയുൾപ്പെടെ 12 സവിശേഷതകളോടുകൂടിയതാണ് അഡാസ് സംവിധാനം.  

പവേർഡ് ടെയിൽഗേറ്റാണ് മറ്റൊരു പ്രധാന പ്രത്യേകത. സ്റ്റാൻഡേർഡ് പതിപ്പിൽ തന്നെ, വിൻഡ്‌സറിന് എൽഇഡി ലൈറ്റുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, എയ്റോ-ലോഞ്ച് സീറ്റുകൾ, 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുണ്ട്. സെലാഡോൺ ബ്ലൂ, ഗ്ലേസ് റെഡ്, അറോറ സിൽവർ എന്നിങ്ങനെ മൂന്ന് പുതിയ കളർ ഓപ്ഷനുകൾ പ്രോ വേരിയന്റിൽ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.

ടാറ്റ നെക്സോൺ ഇവി, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര എക്സ്യുവി400 എന്നിവയോടാണ് സ്റ്റാൻഡേർഡ് വിൻഡ്‌സർ ഇവി മത്സരിക്കുന്നത്. നെക്സോൺ ഇവിയുടെ 45kWh വേരിയന്റും ക്രെറ്റ ഇലക്ട്രിക്കിന്റെ 51.4kWh വേരിയന്റുമാകും വിൻഡ്‌സർ ഇവി പ്രോയുടെ പ്രധാന എതിരാളികൾ.