മാരുതി സുസുക്കിയുടെ വാഹനശ്രേണിയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയ വാഹനമാണ് വിക്ടോറിസ്. മിഡ് സൈസ് എസ്‌യുവി സെഗ്മെന്റില്‍ ക്രെറ്റയുടെ കുതിപ്പ് തടയാന്‍ ഗ്രാന്റ് വിത്താരയ്‌ക്കൊപ്പം നിയോഗിക്കപ്പെട്ട ഈ വാഹനത്തിന് മികച്ച വരവേല്‍പ്പാണ് വിപണിയില്‍ ലഭിച്ചിരിക്കുന്നത്. അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 25,000-ത്തില്‍ അധികം ബുക്കിങ്ങാണ് വിക്ടോറിസിന് ലഭിച്ചത്. വിപണിയില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വാഹനത്തിന്റെ ആദ്യ വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി.

To advertise here,

LXI, VXI, ZXI, ZXI(O), ZXI+,ZXI+(O) എന്നീ ആറ് വേരിയന്റുകളില്‍ വിക്ടോറിസ് വിപണിയില്‍ എത്തുന്നുണ്ടെങ്കിലും വില വര്‍ധനവ് ഏറ്റവും ഉയര്‍ന്ന വകഭേദത്തിനെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ZXi പ്ലസ് ഓപ്ഷണല്‍ വേരിയന്റിലെ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പുകള്‍ക്ക് 15,000 രൂപയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 10.50 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ് വിക്ടോറിസ് എത്തിയത്. എന്നാല്‍, ഇത് പ്രാരംഭ വിലയാണെന്ന് നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ZXi പ്ലസ് ഓപ്ഷണല്‍ വേരിയന്റിന്റെ മാനുവല്‍ മോഡലിന് 15.82 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 17.77 ലക്ഷം രൂപയും ഓട്ടോമാറ്റിക് ഓള്‍ വീല്‍ ഡ്രൈവിന് 19.22 ലക്ഷം രൂപയും സ്‌ട്രോങ് ഹൈബ്രിഡ് ഇ-സിവിടി പതിപ്പിന് 19.99 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില. 27,707 രൂപയ്ക്ക് വിക്ടോറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയും മാരുതി ആരംഭിച്ചിട്ടുണ്ട്. അരീന ഡീലര്‍ഷിപ്പുകളിലൂടെയാണ് ഈ എസ്‌യുവി വില്‍പ്പനയ്ക്ക് എത്തുന്നത്. 

ഗ്രാന്റ് വിത്താരയുമായി മെക്കാനിക്കല്‍ ഫീച്ചര്‍ പങ്കിട്ട് എത്തിയിട്ടുള്ള വാഹനമാണ് വിക്ടോറിസ്. ഇന്ത്യയിലെ മിഡ്സൈസ് എസ്യുവികളില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്ന വാഹനമാണിത്. 28.56 കിലോമീറ്ററാണ് സ്ട്രോങ് ഹൈബ്രിഡ് മോഡലിന് ലഭിക്കുന്ന ഇന്ധനക്ഷമത. സിഎന്‍ജി പതിപ്പിന് ഒരു കിലോഗ്രാം സിഎന്‍ജിയില്‍ 27.02 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും. മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ 21.18 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡല്‍ 21.06 കിലോമീറ്ററും ഓള്‍ വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് 19.07 കിലോമീറ്ററും ഇന്ധനക്ഷമതയാണ് ഉറപ്പാക്കുന്നത്.

നാച്വറലി ആസ്പിറേറ്റഡ് പെട്രോള്‍, സ്ട്രോങ്ങ്-ഹൈബ്രിഡ്, സിഎന്‍ജി എന്‍ജിന്‍ ഓപ്ഷനുകളിലാണ് വിക്ടോറിസ് എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളോടു കൂടിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി പവറും 139 എന്‍എം ടോര്‍ക്കും നല്‍കും. സ്ട്രോങ്ങ്-ഹൈബ്രിഡ് പെട്രോള്‍ യൂണിറ്റ് 116 ബിഎച്ച്പി പവറും 141 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇ-സിവിടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. സിഎന്‍ജി വേരിയന്റ് 87 ബിഎച്ച്പി കരുത്തും 121 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

ഭാരത് എന്‍ക്യാപ്, ഗ്ലോബല്‍ എന്‍ക്യാപ് സുരക്ഷാ റേറ്റിങ്ങില്‍ 5-സ്റ്റാര്‍ നേടിയ ഈ വാഹനം, മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് 32-ല്‍ 31.66 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49-ല്‍ 43 പോയിന്റുമാണ് ഭാരത് എന്‍ക്യാപില്‍ കരസ്ഥമാക്കിയത്. ആറ് എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. വളവുകളില്‍ വേഗത കുറയ്ക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ഹൈ-ബീം അസിസ്റ്റ് എന്നിവ ADAS സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നു.