ഹാച്ച്ബാക്കുകളിലെ മിനി എസ്‌യുവി എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് മാരുതി സുസുക്കി വാഗൺആർ. സാധാരണക്കാരന്റെ ആഡംബരമായി നിരത്തുകളിൽ വിലസുന്ന ഈ വാഹനം പുതിയൊരു നേട്ടം കൂടി സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്തിരിക്കുകയാണ്. മാരുതി സുസുക്കി വാഗൺആറിന്റെ ആഭ്യന്തര ഉത്പാദനം 35 ലക്ഷം എന്ന വലിയ നമ്പർ കീഴടക്കിയതിന്റെ ആഘോഷങ്ങളിലാണ് നിർമാതാക്കളായ മാരുതി സുസുക്കിയും ജീവനക്കാരും.

To advertise here,

1999-ലാണ് മാരുതി സുസുക്കി വാഗൺആർ ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിക്കുന്നത്‌. 26 വർഷത്തിനുള്ളിലാണ് 35 ലക്ഷം വാഗൺആറുകളുടെ നിർമാണം പൂർത്തിയാക്കിയതിന്റെ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. 2004-ൽ വാഗൺആറിന്റെ എൽപിജി പതിപ്പ് എത്തുകയായിരുന്നു. വിപണിയിൽ എത്തി 10 വർഷത്തിന് ശേഷമാണ് രണ്ടാം തലമുറ മോഡൽ എത്തിയത്. ഇതിനു പിന്നാലെ തന്നെ സിഎൻജി പതിപ്പും എത്തി. 2015-ലാണ് വാഗൺആർ ഓട്ടോമാറ്റിക് എത്തുന്നത്.

നിലവിൽ ഇന്ത്യൻ നിരത്തുകളിൽ വാഗൺആറിന്റെ മൂന്നാം തലമുറ മോഡലാണ് പ്രയാണം തുടരുന്നത്. 2019-ൽ ആയിരുന്നു ഈ തലമുറ മാറ്റം. മൂന്ന് വർഷങ്ങൾക്കിപ്പുറം 2023-ൽ ഈ മൂന്നാം തലമുറ പതിപ്പിൽ ഏതാനും മുഖം മിനുക്കലുകൾ നടത്താനും നിർമാതാക്കൾ ശ്രദ്ധിച്ചിരുന്നു. ടോൾ ബോയി ഡിസൈൻ മുഖമുദ്രയായി എത്തിയ മാരുതി വാഗൺആർ തുടക്കം മുതൽ തന്നെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു.

ഇന്ത്യയിലെ വാഗൺആറിന്റെ ചരിത്രം ഇതാണെങ്കിൽ, വാഗൺആർ ഹാച്ച്ബാക്കിന്റെ ആഗോളതലത്തിലെ വിൽപ്പന ഒരു കോടി പിന്നിട്ടതായി സുസുക്കി അറിയിച്ചിരുന്നു. 1993 സെപ്റ്റംബർ മാസത്തിലാണ് വാഗൺആർ എന്ന വാഹനം ആദ്യമായി പുറത്തിറക്കുന്നത്. സുസുക്കിയുടെ ജന്മനാടായ ജപ്പാനിലെ നിരത്തുകളിൽ ആരംഭിച്ച ഈ യാത്ര ഇപ്പോൾ 32 വർഷങ്ങൾ പിന്നിട്ട് കുതിപ്പ് തുടരുകയാണ്. ഇന്ത്യയിൽ എത്തുന്നതിന് മുമ്പുതന്നെ ഏതാനും ഏഷ്യൻ വിപണികളിലും യൂറോപ്യൻ മാർക്കറ്റിലും സുസുക്കി, വാഗൺആർ എത്തിച്ചിരുന്നു.

ഇന്ത്യക്ക് പുറമെ, ഹംഗറി, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിർമിക്കുന്ന ഈ ഹാച്ച്ബാക്ക് ലോകത്താകമാനമുള്ള 75 രാജ്യങ്ങളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. ഈ രാജ്യങ്ങളിലെ എല്ലാം വിൽപ്പന ചേർത്താണ് ഒരുകോടി എന്ന മാജിക് നമ്പറിലേക്ക് ഈ വാഹനത്തിന്റെ വിൽപ്പന എത്തിയിരിക്കുന്നത്. സെമി ബോണറ്റ്-സ്റ്റൈൽ മിനി വാഗൺ എന്ന കൺസെപ്റ്റിലാണ് സുസുക്കി വാഗൺആർ എന്ന വാഹനം വികസിപ്പിക്കുന്നത്. ഈ ഡിസൈനും വാഹനവും ഉപയോക്താക്കൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

വാഗൺആറിന്റെ ഏറ്റവും മികച്ച മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. വാഗൺആറിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. 1.0 ലിറ്റർ, 1.2 ലിറ്റർ കെ-സീരീസ് എന്നീ എൻജിനുകളിലാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റർ എൻജിൻ 65.7 ബി.എച്ച്.പി. പവറും 89 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് എത്തുന്നത്. 1.2 ലിറ്റർ എൻജിൻ 88.5 ബി.എച്ച്.പി. പവറും 113 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത് ഇതിൽ ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകൾ നൽകുന്നുണ്ട്.